മനുഷ്യനെ സംബന്ധിച്ചിടത്തോളം ശാരീരികമായ ആരോഗ്യം ഏറ്റവും പ്രധാനമാണ്. എങ്കിലും ഇതിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യവുംകൂടി ചേരുമ്പോളാണ് ഒരാള്‍ പൂര്‍ണ ആരോഗ്യവാനാകുന്നത്.ശാരീരികമായ ആരോഗ്യത്തിന് ഏറ്റവും പ്രധാനം നല്ല ഭക്ഷണം, ശുദ്ധജലം, ഉറക്കം, വ്യായാമം എന്നിവയാണ്. ജലംമുതല്‍ സര്‍വസാധനങ്ങളും ശുദ്ധമല്ല എന്നതാണ് ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കുടിവെള്ളത്തിന്റെ കാര്യമെടുത്താല്‍, യാത്രകളില്‍ നമ്മളെല്ലാവരും ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. ലഭിക്കുന്ന കുപ്പിവെള്ളത്തിന്റെ പരിശുദ്ധി
നിര്‍ണയിക്കാന്‍ ഒരു മാര്‍ഗവുമില്ല. കിട്ടുന്ന വെള്ളം ദൈവത്തെ വിളിച്ചുകൊണ്ട് കുടിക്കുക. അത്രതന്നെ. കുപ്പിവെള്ളം വാഹനങ്ങളില്‍ കൊണ്ടുവരുമ്പോഴോ കടകളില്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ വെയിലടിക്കാന്‍പാടില്ല, ചൂടാവാന്‍ പാടില്ല എന്നൊക്കെയാണു നിയമം.
എന്നാല്‍, നമ്മുടെ നാട്ടില്‍ എവിടെയെല്ലാം കുപ്പിവെള്ളംപൊരിവെയിലത്തിരിക്കുന്നു. ആര്‍ക്കും അതില്‍ പരാതിയില്ലതാനും.
ഞാന്‍ അടുത്തിടെ കോട്ടയത്തെ ഒരു സ്വകാര്യാശുപത്രിയില്‍ കുറച്ചുനാള്‍ ബൈസ്റ്റാന്‍ഡറായി നിന്നിരുന്നു. ചുറ്റുമുള്ള ഏതു ഹോട്ടലില്‍നിന്ന് ആഹാരം പാര്‍സല്‍ വാങ്ങിയാലും, തിളയ്ക്കുന്ന ചൂടിലുള്ള ഭക്ഷണവും കറികളും വളരെ നേരിയ പ്ലാസ്റ്റിക്കുകൂടുകളിലാക്കിയാണു തരുന്നത്. അതുമാത്രമല്ല, സ്റ്റീല്‍പ്പാത്രങ്ങളില്‍ ഭക്ഷണം വിളമ്പിക്കൊടുക്കുന്ന സ്ഥലങ്ങളില്‍പ്പോലും വെള്ളം ലാഭിക്കാന്‍ നേരിയ പ്ലാസ്റ്റിക് ഷീറ്റില്‍ ചുടുള്ള ഭക്ഷണം വിളമ്പുന്നതുകണ്ടു. കാന്‍സര്‍രോഗവിദഗ്ധനായ ഡോ. ഗംഗാധരന്‍ പറയുന്നത്, പ്ലാസ്റ്റിക്കില്‍ ചൂടുള്ള ഭക്ഷണം വിളമ്പിയാലോ പൊതിഞ്ഞുകൊടുത്താലോ അമ്പത്തിരണ്ടുതരം കാന്‍സറുകള്‍ പിടിപെടാനിടയുണ്ട് എന്നാണ്. നമുക്കു വകുപ്പുമന്ത്രിയോ സെക്രട്ടറിമാരോ ഉദ്യോഗസ്ഥരോ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോ ഇല്ലാഞ്ഞിട്ടല്ല, ജനത്തിന്റെ ആരോഗ്യത്തിന് ഇത്രയൊക്കെയേ അവര്‍ വില കല്പിക്കുന്നുള്ളൂ. പുളി, ശര്‍ക്കര, തേന്‍, കരിപ്പെട്ടി, വിന്നാഗിരി പോലെ അമ്ലസ്വഭാവമുള്ള ഭക്ഷണസാധനങ്ങള്‍, ദ്രവ
രൂപത്തിലുള്ള മരുന്നുകള്‍, മദ്യം ഇവയെല്ലാം പ്ലാസ്റ്റിക് കുപ്പികളിലും പാത്രങ്ങളിലുമാക്കി വില്‍ക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണ്. ഇതിനെതിരേ ചെറുവിരലനക്കാന്‍പോലും ആരെങ്കിലുമുണ്ടോ? ഭക്ഷണസാധനങ്ങള്‍ ലഭിക്കുന്നതില്‍ മുഴുവന്‍ വിഷമാണ്, പിന്നെ ഇതൊക്കെയാണോ വലിയ കാര്യം അല്ലേ?
നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക കാപ്പിസല്‍ക്കാരങ്ങള്‍ക്കും
ഉപയോഗിക്കുന്നത് ഡിസ്‌പോസിബിള്‍ പേപ്പര്‍കപ്പുകളാണ്. അതിനുള്‍വശം വളരെ കട്ടികുറഞ്ഞ ഒരു പ്ലാസ്റ്റിക് ലാമിനേഷന്‍ ഉണ്ടാകും. ഇതിലേക്കാണ് തിളച്ച കാപ്പി, ചായ എന്നിവ പകരുന്നത്. പാലുതിളപ്പിക്കുന്നത് അലുമിനിയം പാത്രങ്ങളില്‍; കുടിക്കുന്നതോ പ്ലാസ്റ്റിക് കപ്പുകളിലും. എന്തൊരു വിരോധാഭാസം!
ഈയിടെയായി കേറ്ററിങ്ങുകാര്‍വരെ പ്ലാസ്റ്റിക് പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതു കണ്ടു. ഒരു പ്ലേറ്റു ഭക്ഷണത്തിന് അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്ക് പത്തു പ്ലേറ്റ് പൊട്ടുന്നതിനെക്കു
റിച്ച് എന്തൊരു ഉത്കണ്ഠ! പല വലിയ ഹോട്ടലിലും ഇങ്ങനെതന്നെ. ഏതെങ്കിലും യൂറോപ്യന്‍രാജ്യങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നന്വേഷിക്കുന്നതു നന്നായിരിക്കും.
ഞാന്‍ ഒരു ഹോട്ടല്‍ മാനേജരോടു ചോദിച്ചപ്പോള്‍ ഇതു പ്ലാസ്റ്റിക് അല്ല ഫൈബറാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. നാച്ചുറല്‍ ഫൈബറാണോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം തടിതപ്പി.എന്റെ മുത്തശ്ശന്‍ പറഞ്ഞത് അവരുടെയൊക്കെ ചെറുപ്പത്തില്‍ കരിപ്പെട്ടി കച്ചിയില്‍ പൊതിഞ്ഞും, ശര്‍ക്കര തഴപ്പായകൊണ്ടുള്ള വല്ലത്തിലും, കള്ള് കൂജയിലും കുടത്തിലും, മരുന്നുകള്‍, തേന്‍, വിന്നാഗിരി, വിദേശമദ്യം എന്നിവ ചില്ലുകുപ്പികളിലും, മറ്റു സാധനങ്ങള്‍ കാക്കിക്കടലാസ് കൂടുകളിലുമൊക്കെയാണ് പായ്ക്കുചെയ്തിരുന്നത് എന്നാണ്. തുണിസഞ്ചികളും വ്യാപകമായിരുന്നു. കുപ്പികളുടെ അടപ്പ് ഉണ്ടാക്കിയിരുന്നത് യാതൊരു പ്രതിപ്രവര്‍ത്തനവുമില്ലാത്ത കോര്‍ക്കുകള്‍കൊണ്ടായിരുന്നുവത്രേ. ഇപ്പോള്‍ കോര്‍ക്കടപ്പ് ആകെക്കാണുന്നത് മുന്തിയതരം വൈന്‍, വിദേശമദ്യ
ക്കുപ്പികളില്‍മാത്രമാണ്.
കല്ലന്‍ഭരണിയില്‍ ഉപ്പിലിട്ട നെല്ലിക്കായച്ചാറുംവാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ ചോറും കറികളും മുളംകുറ്റിയിലും ചിരട്ടയിലും ഉണ്ടാക്കിയിരുന്ന തവിടുള്ള ചെമ്പാവരിപ്പുട്ടും മണ്‍പാത്രങ്ങളിലുള്ള കുടംപുളിയിട്ട മീന്‍കറിയും കല്‍ച്ചട്ടികളില്‍ തിളയ്ക്കുന്ന ഇറച്ചിക്കറികളും സാമ്പാറും എരിശ്ശേരിയുമൊക്കെ സ്വപ്‌നം കണ്ട് നമുക്കെല്ലാം സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലെ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായി ഇന്റര്‍നെറ്റില്‍ പരതാം.
ആരഭി വേണുഗോപാല്‍
എം.എസ്.സി. രണ്ടാം വര്‍ഷം പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി