•  4 Jul 2024
  •  ദീപം 57
  •  നാളം 17
പ്രതിഭ

ജനാധിപത്യത്തെ പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍യുവതയ്ക്കാകുമേ?

സ്വതന്ത്രേന്ത്യയുടെ പ്രയാണം എഴുപത്തിയാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സ്വാതന്ത്ര്യാനന്തരം ക്രാന്തദര്‍ശികളായ നമ്മുടെ നേതാക്കന്മാര്‍ സംവിധാനം ചെയ്ത ജനാധിപത്യസമ്പ്രദായം എവിടെ എത്തിനില്‍ക്കുന്നുവെന്നു വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിര്‍മിക്കപ്പെട്ട ജനങ്ങളുടെ ഗവണ്‍മെന്റ് എന്ന ആദര്‍ശം ഇന്ന് സ്വേച്ഛാധിപത്യത്തിന്റെ അധികാരക്കുടിലതകള്‍ക്കു വഴിതെളിച്ചുകൊണ്ടിരിക്കുകയാണ്. അനുദിനം ദാരിദ്ര്യത്തിന്റെ രോദനങ്ങളും സ്ത്രീപീഡനത്തിന്റെ നിലവിളികളും യുവാക്കളുടെ തൊഴിലില്ലായ്മയും അശാന്തിയുണര്‍ത്തുന്ന കേരളത്തില്‍ ജനാധിപത്യ ഇന്ത്യ വിഭാവനം ചെയ്ത മൂല്യങ്ങളൊന്നും സാക്ഷാത്കരിക്കപ്പെടുന്നില്ലെന്ന വസ്തുത ഖേദകരമാണ്. 

പ്രതിഷേധിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ ആവിഷ്‌കരിക്കാനോ സ്വാതന്ത്ര്യമില്ലാത്ത യുവാക്കള്‍ പടിയിറങ്ങുകയും കുടിയേറുകയും കര്‍ഷകര്‍ കൊലക്കയര്‍ തേടുകയും ചെയ്യുന്ന അധികാരത്തിന്റെ സ്വാര്‍ഥമുനകളിലാണ് നാളുകള്‍ പുലരുന്നത്. 
സംവരണത്തെ ജാതിവിവേചനങ്ങള്‍ക്ക് അറുതിയായിക്കണ്ട ഭാരതത്തില്‍ ജാതിവര്‍ഗകലാപങ്ങളും കൊലകളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കുരുന്നുമനസ്സിലും മതതീവ്രവാദവും ലൗജിഹാദും വിത്തുപാകപ്പെടുന്നു. കലാലയരാഷ്ട്രീയത്തില്‍ ജീവന്‍ പൊലിയുന്നവര്‍, ഉദ്യോഗസ്ഥ അഴിമതിയുടെ തിക്തഫലങ്ങളനുഭവിക്കുന്നവര്‍, ശമ്പളമോ പെന്‍ഷനോ ലഭിക്കാതെ മരവിച്ച ഹൃദയങ്ങള്‍ എന്നിങ്ങനെ ജനാധിപത്യത്തിന്റെ ചൈതന്യം നീരാവിയാകുന്ന നിര്‍വികാരതയിലാണ് നാം അധിവസിക്കുന്നത്.
ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ അനുശാസിക്കുന്ന മതസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനുള്ള അവകാശം, സമത്വത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിങ്ങനെ മൗലികാവകാശങ്ങള്‍പോലും ഹനിക്കപ്പെടുന്ന ഇന്ത്യയില്‍ മണിപ്പുരും കാശ്മീരും തീരാവിലാപങ്ങളുയര്‍ത്തുന്നു.
ജനങ്ങളില്‍നിന്ന് അകലുന്ന ഭരണസംവിധാനം, സ്വാര്‍ഥതയ്ക്കും അഴിമതിക്കും അടിമപ്പെട്ട അധികാരികള്‍, കടമകളും അവകാശങ്ങളും ഭാവിയും മാനിക്കാത്ത മയക്കുമരുന്നിനടിമകളായ യുവതലമുറ, അധികാരപ്രഭുത്വത്തിനുമുമ്പില്‍ നിശ്ചലരാകുന്ന ജനത, വോട്ടെടുപ്പിലെ അപാകതകള്‍, സ്ഥാനമാനങ്ങള്‍ക്കായി മറുകര ചാടുന്ന രാഷ്ട്രീയനേതാക്കള്‍, ദേശീയതയ്ക്കു നേരേയുള്ള വിഘടനവാദങ്ങള്‍, ആഗോളയുദ്ധങ്ങളുടെ ഭാഗമായുണ്ടാകുന്ന ആഭ്യന്തരചലനങ്ങള്‍ തുടങ്ങിയവയെല്ലാം ജനാധിപത്യം ഇന്നു നേരിടുന്ന വെല്ലുവിളികളാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍
ജനാധിപത്യത്തിന്റെ നെടുംതൂണായി വര്‍ത്തിക്കുന്ന നാലാംലോകമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ വഴിയോ സമരാഹ്വാനം വഴിയോ പ്രതിഷേധിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടത്തിന് ഇന്ന് തടയണ വീണുകൊണ്ടിരിക്കുന്നു. എഴുത്തുകാരന്റെ പരമാധികാരം ഹനിക്കപ്പെടുന്നു. എം.ടി. യെയും സച്ചിദാനന്ദനെയുംപോലുള്ള എഴുത്തുകാര്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിച്ചപ്പോഴുണ്ടായ വാഗ്വാദംതന്നെ ഉത്തമോദാഹരണം.
ഫാസിസത്തിനെതിരേ ഉയര്‍ന്നുവരുന്ന ശബ്ദങ്ങള്‍  നിഷ്‌കരുണം അടിച്ചമര്‍ത്തപ്പെടുന്ന ശോചനീയാവസ്ഥ ജനാധിപത്യത്തിന്റെ അടിത്തറയിളകുന്നതിന്റെ സൂചനകളാണ്.
സമത്വം - ജനാധിപത്യത്തിന്റെ രാസത്വരകം
ജനാധിപത്യം ജനങ്ങള്‍ തുല്യരായി മുന്നേറുകയും സ്വയം നിര്‍ണയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉള്‍പ്പെടെ സ്ത്രീപ്രാതിനിധ്യം പാര്‍ലമെന്റോളം എത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ കീഴ്ത്തട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ വിലാപം മണിപ്പുരിലും കേരളത്തിലും മാത്രമല്ല ഇന്ത്യയിലാകെ മുഴങ്ങിക്കേള്‍ക്കാം.
ജാതിവിവേചനങ്ങളും അയിത്താചാരങ്ങളും ഇന്നും നിലനില്ക്കുന്നുവെന്നതാണ് മറ്റൊരു നിസ്സഹായത. സംവരണവും അതില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെലുത്തുന്ന സ്വാധീനവും പരിതാപകരംതന്നെ. രാഷ്ട്രീയപ്രേരണയ്ക്കും ചൂഷണത്തിനും സ്വയം ബലിയാടാകുന്ന ഒരു വിഭാഗം യുവത മറ്റൊരു ദയനീയതയാണ്. 
''മേളിലാണവര്‍ മാനത്തെ മേട-
ക്കൂട്ടിലാണാക്കഴുകന്മാര്‍ വാഴ്ച
നീളമറ്റ ചിറകുമായ് നമ്മള്‍
നേരിടാനോ നിവൃത്തിയില്ലല്ലോ.''
എന്നു കടമ്മനിട്ട പാടിയപോലെ തങ്ങളുടെ ദയനീയതയില്‍ വിലപിച്ചു കാലം തീര്‍ക്കുന്ന മര്‍ത്ത്യവര്‍ഗത്തിന്റെ വിഷാദങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏതു പാര്‍ട്ടി ഉയരും എന്ന ചിന്തയുടെ കാലമാണിത്.
ജനങ്ങള്‍ തിരഞ്ഞെടുത്ത, ജനങ്ങളെ മറക്കാത്ത ഒരു നേതാവിനുമാത്രമേ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാനാകൂ. വളര്‍ന്നുവരുന്ന തലമുറയെ ഉത്തമപൗരന്മാരായി വാര്‍ത്തെടുക്കുകയാണ് ഏകവഴി. ഐശ്വര്യവും സമാധാനവും നിറഞ്ഞ, ദാരിദ്ര്യം നീങ്ങിയ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ ഈ യുവതയ്ക്കാകണം.

Login log record inserted successfully!