•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

അഭ്രപാളികളില്‍ വിസ്മയമൊരുക്കി ചിന്മയി

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സിനിമാസംവിധായിക ഇനി മലയാളത്തിനു സ്വന്തം.  പ്ലസ്ടു വിദ്യാര്‍ഥിനിയും കോട്ടയം ചിറക്കടവ് സ്വദേശിയുമായ ചിന്മയി നായരുമായി അധ്യാപിക ശ്രീദേവി എസ്.കെ. നടത്തിയ അഭിമുഖം.
 
അഭ്രപാളികളില്‍ സ്വന്തം  പേരു കുറിച്ചിട്ട് ഒരു നാടിനാകെ അഭിമാനമായി മാറുകയാണ് ചിന്മയി നായര്‍ എന്ന കൊച്ചു സിനിമാസംവിധായിക. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ ''ക്ലാസ്  ബൈ എ സോള്‍ജിയര്‍'' എന്ന ആദ്യചിത്രത്തിലൂടെ സിനിമാരംഗത്തു ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. ചിന്മയി നായരുടെ സിനിമാവിശേഷങ്ങളിലൂടെ:
 എങ്ങനെ സിനിമാരംഗത്തേക്ക് എത്തിപ്പെട്ടു?
* അച്ഛന്‍ അനില്‍ രാജ് ഒരു ഫിലിം ഡയറക്ടറാണ്. അച്ഛന്റെകൂടെ മൂവിസെറ്റിലൊക്കെ പോകുമായിരുന്നു. അങ്ങനെ സിനിമയോടു ജനിച്ച താത്പര്യം സംവിധാനരംഗത്തേക്ക് എത്തിച്ചു.
ചിത്രത്തിന്റെ ലൊക്കേഷന്‍?
*ചിറക്കടവ് എന്ന ഗ്രാമംതന്നെയാണ് പ്രധാന ലൊക്കേഷന്‍. എസ്.ആര്‍.വി. എന്‍.എസ്.എസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരവും. കൂടാതെ, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, വാഗമണ്‍ എന്നീ പ്രദേശങ്ങളും ചിത്രീകരണത്തിനായി തിരഞ്ഞെടുത്തു. 45 ദിവസംകൊണ്ടു ചിത്രീകരണം പൂര്‍ത്തിയാക്കി.
ചിത്രത്തിന്റെ അണിയറയില്‍ ആരൊക്കെ?
*അച്ഛന്റെകൂടെ വര്‍ക്ക് ചെയ്തിട്ടുള്ളവര്‍തന്നെയാണ് ഇതിന്റെ അണിയറയില്‍. അവര്‍ നല്ല പിന്തുണ തന്നു. ഞാനിതിനുമുമ്പ് രണ്ടു ഷോര്‍ട്ട് ഫിലിംസ് ചെയ്തിട്ടുണ്ടായിരുന്നു. 'ചേമ്പിലത്തുള്ളി'യും, 'ഗ്രാന്‍ഡ്മ'യും. അതിന്റെ ക്യാമറമാനായ ബെന്നി ജോസഫ് അങ്കിളാണ് ഈ ചിത്രത്തിന്റെയും ക്യാമറമാന്‍. എഡിറ്റര്‍ റക്‌സണ്‍ ജോസഫാണ്. അസോസിയേറ്റ് ഡയറക്ടര്‍ സുഹാസ് അങ്കിള്‍. അദ്ദേഹം വളരെ സപ്പോര്‍ട്ടായിരുന്നു. തെറ്റുകളൊക്കെ ചൂണ്ടിക്കാട്ടി അത് തിരുത്തിത്തരുമായിരുന്നു. ഒരുപാട് ക്രൂ ഉണ്ടായിരുന്നു. എല്ലാവരും വലിയ പിന്തുണ തന്നു.
'ക്ലാസ് ബൈ എ സോള്‍ജിയര്‍' നല്കുന്ന സന്ദേശമെന്താണ്?
ôഈ സിനിമയില്‍ ഒന്നിലധികം സന്ദേശങ്ങളുണ്ട്. വിദ്യാര്‍ഥികള്‍ ഒന്നിച്ചുനിന്നാല്‍ എന്തും നേരിടാം. ഈ ഫിലിമില്‍ ഒരു സോള്‍ജിയര്‍ ഉണ്ട്. വിജയ് യേശുദാസാണ് മേജര്‍ കിഷോര്‍ എന്ന ഈ  പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പട്ടാളക്കാരന്‍ തന്റെ സൈനിക ജീവിതത്തില്‍ പാലിക്കുന്ന ചിട്ടവട്ടങ്ങളൊക്കെ തന്റെ വ്യക്തിജീവിതത്തിലും തുടരുന്നതു സമൂഹത്തിനു മാതൃകയാണ്. 
മയക്കുമരുന്നും കള്ളക്കടത്തും ഭിക്ഷാടനമാഫിയയും ഈ കാലഘട്ടത്തില്‍ പെരുകിയിരിക്കുന്നു. നാട്ടില്‍ ഭിക്ഷാടനം നടത്തുന്നവര്‍പോലും മയക്കുമരുന്നുവാഹകരായി നമ്മുടെ മുമ്പിലെത്തുന്നുവെന്നത് വസ്തുതയാണ്. ഇതിനെതിരേ സമൂഹം ഉണര്‍ന്നിരിക്കണം എന്നൊരു സന്ദേശംകൂടി ഈ സിനിമ നല്‍കുന്നു.
'മേജര്‍ കിഷോറി'നെ അവതരിപ്പിച്ചിരിക്കുന്നത് വിജയ് യേശുദാസാണല്ലോ. എങ്ങനെ അദ്ദേഹത്തിലേക്കെത്തി?
*വിജയ് അങ്കിളിന്റെ 'മാരി' എന്ന ചിത്രത്തിലെ പോലീസ് വേഷം എനിക്കു വളരെ സ്‌ട്രൈക്ക് ചെയ്തിരുന്നു. മലയാളത്തിലെ ചില പ്രധാന താരങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടെങ്കിലും വിജയ് അങ്കിളിന്റെ പേരാണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്. അച്ഛന്റെ 'സൂത്രക്കാരന്‍' എന്ന മൂവിയില്‍ വിജയ് അങ്കിള്‍ പാടിയിട്ടുണ്ടായിരുന്നു. ഈയൊരു പ്രായത്തില്‍ ഞാനെന്താണു ചെയ്യാനുദ്ദേശിക്കുന്നതെന്ന് അറിയാനുംകൂടിയാണ് ഡേറ്റ് തന്നതെന്നാണ് അങ്കിളും പറഞ്ഞത്.
ച്ചവിജയ് യേശുദാസ്, കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ പ്രജോദ്, ശ്വേതാമേനോന്‍, മീനാക്ഷി തുടങ്ങിയവരെക്കൂടാതെ മോളുടെ അധ്യാപകനായ ലാല്‍സാറും (കെ. ലാല്‍, പ്രിന്‍സിപ്പല്‍, എസ്.ആര്‍.വി. സ്‌കൂള്‍) ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടല്ലോ? എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?
ôഅതേ. ലാല്‍സാര്‍ എന്റെ സിനിമാമോഹങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളാണ്. അദ്ദേഹത്തോടൊപ്പം വര്‍ക്കു ചെയ്യാന്‍ സാധിച്ചത് വളരെ സന്തോഷമായി. ലാല്‍സാറിന് പ്രധാനാധ്യാപകന്റെ വേഷമായിരുന്നു. ചിത്രത്തിലുള്ള സ്‌കൂള്‍ എസ്.ആര്‍.വി. സ്‌കൂള്‍തന്നെയാണ്. സാറിന് സത്യത്തില്‍, ഒരുപാട് അഭിനയിക്കേണ്ടിവന്നില്ല, കാരണം, അദ്ദേഹം നിലവില്‍ ഇവിടുത്തെ പ്രധാനാധ്യാപകനാണല്ലോ.
എന്തൊക്കെയാണ് ചിന്മയിയുടെ ഭാവിപരിപാടികള്‍?
*ആദ്യം പ്ലസ് ടു കംപ്ലീറ്റ് ചെയ്യണം. ലിറ്ററേച്ചര്‍ എടുത്തു ഡിഗ്രിക്കു പോകണം എന്ന് ആഗ്രഹമുണ്ട്. ഫിലിം സൈഡില്‍നിന്നു നോക്കുകയാണെങ്കില്‍ കുറെ പ്രോജക്ട്‌സ് വന്നിട്ടുണ്ട്. അവയൊക്കെ ചര്‍ച്ചകളിലാണ്. അതിനുശേഷം ഷൂട്ടിങ്ങും ബാക്കി കാര്യങ്ങളും ഉണ്ടാകും.
വീട്ടില്‍ ആരൊക്കെയുണ്ട്? അച്ഛന്റെയും അമ്മയുടെയും സപ്പോര്‍ട്ട്?
* അച്ഛനും അമ്മയും അച്ഛമ്മയുമാണ് വീട്ടിലുള്ളത്. എന്റെ കുടുംബം മുഴുവനും ഒപ്പം നിന്നു. 
ഫിലിം ഡയറക്ഷനില്‍ അച്ഛനാണോ ഗുരു?
* തീര്‍ച്ചയായും അച്ഛന്‍തന്നെയാണ് ഗുരു. ചിത്രത്തിന്റെ തീം പറഞ്ഞപ്പോള്‍ ആദ്യം  പിന്തുണ തന്നതും അച്ഛന്‍തന്നെ.
തിയേറ്ററില്‍ പോയി ചിത്രം കണ്ടപ്പോള്‍ എന്തു തോന്നി?
* എന്റെ ആദ്യത്തെ മൂവി എന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും തോന്നി. എന്റെ ഫാമിലി, ടെക്‌നിക്കല്‍ ക്രൂസ്, അഭിനേതാക്കള്‍ എന്നിവര്‍ക്കൊപ്പം എറണാകുളത്തു പോയി ഫിലിം കണ്ടു. നല്ല തിയറ്റര്‍ റെസ്‌പോണ്‍സ് ഉണ്ടായിരുന്നു.
അഭിനേത്രിയാവാന്‍ ഇഷ്ടമാണോ?
* ഇഷ്ടമുണ്ടോ എന്നു ചോദിച്ചാല്‍, കുറച്ചു കഴിഞ്ഞിട്ടു നോക്കാം എന്നു വിചാരിക്കുന്നു. ഈ മൂവി കണ്ടതിനുശേഷം അച്ഛന്റെ കെയറോഫില്‍ ചിലര്‍ ചോദിച്ചിരുന്നു.
ചിത്രം റിലീസ് ആയതിനുശേഷമുള്ള പ്രതികരണങ്ങള്‍?
* വളരെ നല്ല പ്രതികരണമായിരുന്നു. വളരെ പോസിറ്റീവായിട്ടുള്ള റിവ്യൂസാണു വന്നത്.
അധ്യാപകരും കൂട്ടുകാരുമൊക്കെ എങ്ങനെ പ്രതികരിച്ചു?
* എന്റെ കുറെ ഫ്രണ്ട്‌സ് ആദ്യദിവസംതന്നെ പോയി ഫിലിം കണ്ടു. അവര്‍ക്കു വളരെ നല്ല അഭിപ്രായമാണ്. ഒരു മൂവിയൊക്കെ സംവിധാനം ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഇത്രയധികം  പ്രതീക്ഷിച്ചില്ല എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഞാനിപ്പോള്‍ പഠിക്കുന്ന ളാക്കാട്ടൂര്‍ എം.ജി.എം എന്‍.എസ്.എസ് ലെ ടീച്ചേഴ്‌സും ഫിലിം  കണ്ടു. പ്രതീക്ഷിച്ചതിനപ്പുറമാണ്  ഈ ഫിലിം എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.
പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളില്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ചിന്മയി ചിറക്കടവ് എസ്.ആര്‍.വി. എന്‍.എസ്.എസ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നാണ് എസ്.എസ്.എല്‍.സി. പാസായത്. ളാക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ് ല്‍ പ്ലസ് ടു(ഹ്യുമാനിറ്റീസ്)വിനു പഠിക്കുന്ന ഈ കൊച്ചുമിടുക്കി സിനിമാമേഖലയ്ക്ക് ഒരു വാഗ്ദാനംതന്നെയാണ്. 
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)