പുലരികളുടെ കരഘോഷം പുതുമകളുടെ പുതുവര്‍ഷംകുറുമ്പുകളുടെ കുളിര്‍വര്‍ഷം കുരുന്നുകള്‍തന്‍ നിറഹര്‍ഷം ഇനിയുമൊരു ജൂണ്‍മാസം കുളിച്ചു കുറിതൊട്ടു കുടയുംപിടിച്ചു കടന്നുവരും. കുപ്പായത്തിന്റെ പുതുമണം മഴയിലലിഞ്ഞുപരക്കും. വിഹ്വലതകളുടെ വേപധുവുമായി ഒന്നാം ക്ലാസ്സിന്റെ പടികയറാന്‍ ഓമനകള്‍ കാത്തുനില്‍ക്കും. അവരുടെ പിന്നില്‍ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ മോഹങ്ങളുമായി മാതാപിതാക്കളുടെ മനസ്സുകളും. ആയിരം കാതമുള്ള യാത്ര ഒരുകുഞ്ഞു ചുവടുവെച്ച് ആരംഭിക്കുന്ന അനര്‍ഘനിമിഷം.
സ്‌കൂളാണ് ഒരു വ്യക്തിയുടെ സ്വഭാവം മൂശയിലിട്ടുവാര്‍ക്കുന്നത്. നല്ല ഭാഷ, പെരുമാറ്റരീതികള്‍, സംസ്‌കാരം, സ്‌നേഹം, ബഹുമാനം ഇവയൊക്കെ നാമറിയാതെതന്നെ അന്തര്‍ലീനമായ സ്വഭാവത്തെ പാലൂട്ടിവളര്‍ത്തുന്നത് ഇക്കാലത്താണ്.
രണ്ടുമാസത്തിലധികം നീളുന്ന മധ്യവേനലവധിക്കുശേഷം സ്‌കൂളില്‍ പോകുവാന്‍ കൊതിച്ചിരിക്കുന്ന രണ്ടാം ക്ലാസ്സുമുതലുള്ള വിദ്യാര്‍ഥികള്‍ക്കും ഇതുത്സവമാണ്. ഒന്നാം ക്ലാസ്സുകാര്‍ക്ക് പ്രവേശനോത്സവമാണെങ്കില്‍ മുതിര്‍ന്നവര്‍ക്ക് പ്രതീക്ഷോത്സവമാണ്. രണ്ടുമാസംമുന്നെ യാത്ര പറഞ്ഞുപോയ കൂട്ടുകാരെ കാണാനുള്ള ആവേശം. ഏതു ടീച്ചറിന്റെ ക്ലാസ്സിലാണ്, പഴയ ചങ്ങാതിമാരൊക്കെ കൂട്ടിനുണ്ടോ ഇങ്ങനെയുള്ള കൗതുകങ്ങളാണ് ആദ്യദിവസം സ്‌കൂളിലേക്കു പോകുമ്പോള്‍ കൂട്ടിനുള്ളത്. ചെറിയ ക്ലാസ്സുകളില്‍ അനുഭവിക്കുന്ന ജിജ്ഞാസ ഉയര്‍ന്ന ക്ലാസ്സുകളിലാകുമ്പോള്‍ സൗഹൃദങ്ങളുടെ ഇഴയടുപ്പത്തിന്റെ സൗരഭ്യമായി വേഷപ്പകര്‍ച്ചനടത്തുന്നു. ചങ്ങാത്തം എന്ന സുന്ദരമായ അനുഭൂതി ആസ്വദിച്ചുതുടങ്ങുന്നത് മിക്കവാറും സ്‌കൂള്‍ കാലഘട്ടത്തിന്റ രണ്ടാംപകുതിയിലാണ്. ഒരു ജന്മം മുഴുവന്‍ ആസ്വദിക്കാനുള്ള സുഹൃദ്ബന്ധങ്ങള്‍ക്ക് ഊടും പാവുമാകുന്നത് പലപ്പോളും വളരെച്ചെറിയ സംഭവങ്ങളാകാം.
സ്‌കൂള്‍കാലഘട്ടത്തില്‍ ലഭിക്കുന്ന കൂട്ടുകാര്‍ ജീവിതകാലം മുഴുവന്‍ തുടരുന്നത് എത്ര സന്തോഷകരമാണ്.
വിദ്യാഭ്യാസകാലഘട്ടത്തിന്റെ അവസാനനാളുകളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. മധുരോദാരമായ ഈ കാലത്താണ് എന്റെ ജീവിതത്തിലെ എല്ലാ നല്ല സുഹൃത്തുക്കളെയും ഈശ്വരന്‍ സമ്മാനിച്ചത് എന്നോര്‍ക്കുമ്പോള്‍ ഹൃദയംനിറയുന്നു. ഒരാഴ്ചക്കുള്ളില്‍ സ്‌കൂള്‍വിദ്യാഭ്യാസം ആരംഭിക്കുന്ന കുരുന്നുകള്‍ക്ക് വിനോദവും വിജ്ഞാനവും ഒപ്പം ആത്മാര്‍ഥതയുള്ള സ്‌നേഹസൗഹൃദങ്ങളും ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ആരഭി ഗോപകുമാര്‍
എം.എസ്.സി. രണ്ടാം വര്‍ഷം പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി