കാട്ടുമുയല്‍
നീണ്ട ചെവിയും ഉരുണ്ട ശരീരവും ചെറുവാലും മുയലുകളുടെ സവിശേഷതകളാണ്. മുന്‍കാലുകളെക്കാള്‍ പിന്‍കാലുകള്‍ക്കു നീളം കൂടുതലുണ്ട്. ചാടി നടക്കാന്‍ പറ്റിയ വിധമാണിത്. പിന്‍കാലുകള്‍ നിലത്തൂന്നി രണ്ടു കാലില്‍ ഉയര്‍ന്നുനില്ക്കാന്‍ ഇവയ്ക്കു കഴിയുന്നു. ചാടിച്ചാടി സഞ്ചരിക്കുന്നു. നമ്മുടെ കാടുകളിലും പരിസരപ്രദേശങ്ങളിലും കുഗ്രാമങ്ങളിലെ കുറ്റിക്കാടുകളിലും കണ്ടുവരുന്ന സസ്തനിയാണ് കാട്ടുമുയല്‍. പിളര്‍ന്ന മേല്‍ച്ചുണ്ടും മൂര്‍ച്ചയേറിയ ഉളിപ്പല്ലും കിഴങ്ങുകളും മറ്റും കരണ്ടുതിന്നാന്‍ പറ്റിയ വിധമാണ്. പല്ലുകള്‍ ആയുഷ്‌കാലമത്രയും വളര്‍ന്നുകൊണ്ടിരിക്കുമെന്നതാണൊരു പ്രത്യേകത. ഇവയ്ക്കു കോമ്പല്ലുകളില്ല. കാട്ടുമുയല്‍ പൂര്‍ണമായും സസ്യഭുക്കുകളാണ്. ഇലകള്‍, പൂക്കള്‍, മരത്തോല്‍, കിഴങ്ങുകള്‍, കായ്കള്‍ എന്നിവയാണ് ഇഷ്ടഭക്ഷണം. ഇവയുടെ കേള്‍വിശക്തി അസാധാരണമാണ്. ചെവിമുഖാന്തരമാണ് പരിസരബോധമുണ്ടാകുന്നത്. ചെവികള്‍ യഥേഷ്ടം അനക്കാനാവും.
കാട്ടുപന്നി
കേരളത്തിന്റെ കാട്ടുമൃഗങ്ങളില്‍ മറ്റൊരിനമാണ് കാട്ടുപന്നി. ഇവറ്റ നാടന്‍പന്നികളുടെ മുന്‍ഗാമികളാണെന്നു കരുതുന്നതില്‍ തെറ്റില്ല. ഇരുണ്ട ചാരനിറമാണ്. അണപ്പല്ലുകളാണു തേറ്റകളായി രൂപം പ്രാപിച്ചിരിക്കുന്നു. ഇതുപയോഗിച്ചു മണ്ണുമാന്തി, കായ്കളും വിത്തുകളും തിന്നുന്നു. ശത്രുവിനെ നേരിടാനും തേറ്റകള്‍ ഉപയോഗിക്കുന്നു. അതിവേഗം പാഞ്ഞെത്തി തേറ്റകൊണ്ട് ആക്രമിക്കുകയാണു ചെയ്യുക. അതുകൊണ്ട് അപകടകാരികളാണിവ. തലയില്‍നിന്ന് ഉടലിലേക്കു വളര്‍ന്നുനില്ക്കുന്ന കുഞ്ചിരോമങ്ങള്‍ ഇവയുടെ പ്രത്യേകത യാണ്. കാട്ടുപന്നിയുടെ ഉയരം രണ്ടര അടിയോളമാണ്. ഇവ ഗ്രാമങ്ങളില്‍ കൃഷിനാശമുണ്ടാക്കാറുണ്ട്. വിളകള്‍ നശിപ്പിക്കുന്ന ഇവര്‍ കൃഷിക്കാരുടെ ബദ്ധശത്രുക്കളാണ്. പകല്‍ സഞ്ചാരികളാണെങ്കിലും രാത്രിയും തീറ്റ തേടിയിറങ്ങാറുണ്ട്. കേരളത്തിലെ കാടുകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സസ്തനികളില്‍ ഒന്നാണ് കാട്ടുപന്നികള്‍.