•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

പാറാന്‍ചാത്തന്‍

റക്കും അണ്ണാന്‍ രാത്രി സഞ്ചാരിയാണ്. സസ്തനിയാണ്. പാറാന്‍, പാറേച്ചാത്തന്‍ എന്നും വിളിപ്പേരുണ്ട്. കരണ്ടുതീനികളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരിനം അണ്ണാനാണിത്. ലോകത്ത് അപൂര്‍വം രാജ്യങ്ങളില്‍ മാത്രമേ ഇവയെ കാണുന്നുള്ളൂ. കേരളത്തിലെ ചില വന്യജീവിസങ്കേതങ്ങളിലും കാണാറുണ്ട്. പേരു സൂചിപ്പിക്കുംപോലെ പറക്കും അണ്ണാന്‍ പറക്കാറുണ്ട്. പക്ഷേ, പക്ഷികള്‍ പറക്കുമ്പോലെയല്ല. യഥാര്‍ത്ഥത്തില്‍ ഒരു മരത്തില്‍നിന്നു മറ്റൊന്നിലേക്കു ചാടിപ്പോകുകയാണു ചെയ്യുന്നത്, സാധാരണ അണ്ണാന്‍ ചെയ്യുമ്പോലെ. എന്നാല്‍, ഇവയുടെ നാലു കാലുകളെയും ഉടലിനെയും ബന്ധിപ്പിച്ചുകൊണ്ടൊരു ചര്‍മം കാണാം. ഈ ചര്‍മവും രോമനിബിഡമായ വാലുമാണ് ഇവയെ പറക്കാന്‍ സഹായിക്കുക. മുന്നോട്ടു ചാടുമ്പോള്‍ ഈ ചര്‍മം വിടര്‍ന്നുവരും. അപ്പോള്‍ അന്തരീക്ഷത്തില്‍ അനായാസം ഒഴുകിപ്പറക്കാന്‍ കഴിയുന്നു. മറ്റൊരു കാര്യം ഇവയ്ക്കു താഴേക്കു മാത്രമേ ചാടാന്‍ അഥവാ പറക്കാന്‍ പറ്റുകയുള്ളൂ എന്നതാണ്. ഉയരംകൂടിയ മരത്തില്‍ ഓടിപ്പാഞ്ഞുകയറിയിട്ട്  താഴെയുള്ള ചില്ലകളിലേക്ക് പറന്നിറങ്ങുന്നു. വായുവിലൂടെ ഒഴുകി തെന്നിമാറുകയാണു ചെയ്യുക. ഒറ്റപ്രാവശ്യം 300 അടിയോളം ഇങ്ങനെ ഒഴുകിപ്പറക്കാന്‍ പറക്കും അണ്ണാനു കഴിയുന്നു. പറക്കുമ്പോള്‍ ഇവ ചൂളംവിളിക്കുമ്പോലൊരു സ്വരം ഉണ്ടാക്കുന്നു.
മരപ്പൊത്തുകളിലാണു പാറാന്‍ചാത്തന്റെ താമസം. ചിലപ്പോഴൊക്കെ ഇവ പകലും സഞ്ചരിക്കുന്നതു കാണാം.
പഴങ്ങളും ഇലകളും കായ്കളും ചില നേരങ്ങളില്‍ മരത്തൊലിയും തിന്നാറുണ്ട്. ഉളിപ്പല്ലുകൊണ്ടാണ് കായുടെയും മറ്റും തോടു കളയുക. കായ്കനികളും മറ്റും അധികം ലഭിച്ചാല്‍ കുറച്ചെടുത്തു സൂക്ഷിച്ചുവയ്ക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. ക്ഷാമകാലത്തേക്കുപയോഗിക്കാനാണത്. കവിള്‍സഞ്ചിയിലാണ് ഭക്ഷണം ശേഖരിച്ചുവയ്ക്കുക.
ചെറിയ പാറാന്‍ അല്ലെങ്കില്‍ ചെറിയ പറക്കും അണ്ണാന്‍ എന്നൊരു ഇനംകൂടി ഈ വര്‍ഗത്തില്‍പ്പെടുന്നുണ്ട്. ട്രാവന്‍കൂര്‍ ഫ്‌ളൈയിങ് സ്‌ക്വിറല്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിതവനങ്ങളാണ് ഇവയുടെ ആവാസകേന്ദ്രം. ചെറിയ പാറാനെക്കുറിച്ചു കൂടുതല്‍ പഠനങ്ങളൊന്നും നടന്നിട്ടില്ല. വംശനാശഭീഷണി നേരിടുന്ന സസ്തനിയായ അണ്ണാനാണിത്. അതീവസംരക്ഷണം അര്‍ഹിക്കുന്ന ഇനം.
നാട്ടിന്‍പുറങ്ങളിലുള്ള അണ്ണാനെക്കാള്‍ അല്പംകൂടി വലിപ്പമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടുകളില്‍ വളരെ ചുരുക്കമായി കാണാനാവും. കാലിനും വാലിനും തവിട്ടുനിറമാണ്. കൈകാലുകള്‍ ചര്‍മത്താല്‍ ബന്ധിതമാണ്. ചര്‍മവും വാലും രോമാവൃതമാണ്. പാറേച്ചാത്തനെപ്പോലെതന്നെ ഇവയ്ക്കും താഴോട്ടു മാത്രമേ ചാടിപ്പറക്കാന്‍ സാധിക്കുകയുള്ളൂ. വലിയ പാറാന്‍ചാത്തനും ചെറിയ പാറാന്‍ചാത്തനും കാടുകളില്‍ ഉണ്ടെന്നറിയുക. രണ്ടും രണ്ടിനമാണ്.
(ഈ പരമ്പര അവസാനിക്കുന്നു)

 

Login log record inserted successfully!