കേരളത്തിലെ ഏകജലജീവിയായ സസ്തനിയാണ് നീര്‍നായ്. ശുദ്ധജലതടാകങ്ങളില്‍ വളരുന്നവയും കടലില്‍ വളരുന്നവയുമുണ്ട്. കേരളത്തിലെ ജലാശയങ്ങളില്‍ കാണുന്നതു ലൂഡ്ര ലൂഡ്ര എന്ന ഇനമാണ്. നീര്‍നായയുടെ മുഖത്തു ധാരാളം മീശരോമങ്ങളുണ്ട്. ഇവ സ്പര്‍ശനേന്ദ്രിയംപോലെപ്രവര്‍ത്തിക്കുന്നു. വലിയ കണ്ണുകളും ചെറുകാതുകളും നീര്‍നായുടെ പ്രത്യേകതയാണ്.
വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്കിന്റെ ദ്വാരങ്ങളും ചെവിയും അടയുന്നു. അതുകൊണ്ടു വെള്ളം കയറില്ല. അതിവേഗം നീന്താനും മുങ്ങാനും ഇവയ്ക്കു കഴിയും. വിശ്രമം മിക്കവാറും കരയിലാണ്. മെലിഞ്ഞതും ചാരനിറമാര്‍ന്നതും രോമാവൃതവുമായ ശരീരം. ശരീരത്തിന്റെ പാതിയോളം നീളം വാലിനുണ്ടാകും. കുറുകിയ കാലുകള്‍ക്ക് അസാധാരണബലമുണ്ട്. താറാവിന്റെതുപോലെ വിരലുകളിലെ ചര്‍മം തമ്മില്‍ ബന്ധിച്ചിരിക്കുന്നു.
നീര്‍നായയുടെ നീളം 120 സെ. മീറ്ററും ഭാരം ഏതാണ്ട് 8 കിലോയുമാണ്. മാംസഭുക്കാണ്. മീനുകള്‍, തവളകള്‍, ഒച്ച്, കക്ക, ജലപ്പക്ഷികള്‍ ഞണ്ട് എന്നിവയെ ആഹാരമാക്കുന്നു. കല്ലുപയോഗിച്ച് കക്ക പൊട്ടിച്ച് അതിന്റെ ഇറച്ചി ഭക്ഷിക്കുന്നു. ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ജീവികൂടിയാണ് നീര്‍നായ്. പ്രധാന ശത്രു മനുഷ്യന്‍തന്നെ.
വീസല്‍സ് ഗോത്രത്തില്‍പ്പെടുന്ന ഇവയ്ക്ക് ജലത്തില്‍ ജീവിക്കാനുള്ള നിരവധി അനുകൂലഘടകങ്ങള്‍ കാണപ്പെടുന്നു. ജലം പിടിക്കാത്ത രോമം, പേശീനിബിഡമായ വാല്‍, തുഴപോലെയുള്ള കാലുകള്‍, ബലമാര്‍ന്ന കുഞ്ചിരോമങ്ങള്‍ എന്നിവയൊക്കെ അനുകൂലഘടകങ്ങള്‍തന്നെ. മീശകൊണ്ട് വെള്ളത്തില്‍ മറഞ്ഞിരിക്കുന്ന മീനുകളുടെ സാന്നിധ്യവും സ്ഥാനവും കണ്ടെത്തുന്നു. ഇര തെന്നിപ്പോയാല്‍ കടിച്ചുനിര്‍ത്താന്‍ കഴിയുംവിധമാണ് പല്ലുകളുടെ വിന്യാസം.
നീര്‍നായ്ക്കള്‍ കേരളത്തിലെ പറമ്പിക്കുളം, തേക്കടി, നെയ്യാര്‍, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും ഹിമാലയം, ആസാം പ്രദേശങ്ങളിലും ചൈനയിലും ഏഷ്യന്‍ രാജ്യങ്ങളിലും ധാരാളമായുണ്ട്. മഞ്ഞുകാലത്ത് ഇവ മലയിറങ്ങിപ്പോകുന്നു. മീന്‍ പിടിക്കാന്‍ വിരുതനായതിനാല്‍ ഇവയെ വളര്‍ത്തി മത്സ്യബന്ധനത്തിനുപയോഗിക്കുന്നവരുണ്ട്. നഖമില്ലാത്ത നീര്‍നായ് തീരെ ചെറിയ മറ്റൊരിനമാണ്.