ആദ്യമേ പറയട്ടെ, മുള്ളന്‍പന്നി പന്നിവര്‍ഗത്തില്‍പ്പെട്ട ജന്തുവല്ല, കരണ്ടുതിന്നുന്ന ജീവിയാണ്. അതിന്റെ മുള്ളുകള്‍ക്ക് ഒരടിയോളം നീളംവരും. ഈ മുള്ളുകള്‍ ശത്രുവിന്റെ ശരീരത്തില്‍ അമ്പുകള്‍പോലെ തറയ്ക്കുമെന്നു പറയുന്നതു ശരിയല്ല. കൂര്‍ത്ത മുള്ളുകള്‍ മൃഗങ്ങളുടെ മുഖത്തു തറച്ചുകയറുകയും പിന്നീടത് ഇളകിപ്പോകുകയുമാണു ചെയ്യുക. വനത്തിലെ വമ്പന്മാരായ കടുവയും പുലിയും മറ്റും ഇവയെ ആക്രമിക്കില്ല. മുള്ളുകളുള്ളതിനാല്‍ എല്ലാ മൃഗങ്ങളില്‍നിന്നും മുള്ളന്‍പന്നി രക്ഷപ്പെടുകയാണെന്നു കരുതരുത്. ഒത്തുകിട്ടിയാല്‍ ഇവയെ മറ്റു മൃഗങ്ങള്‍ ആക്രമിക്കാറുണ്ട്. അതു തലയിലായിരിക്കും എന്നു മാത്രം. ഇവയുടെ വയറുഭാഗത്ത് മുള്ളുകളില്ല. കാട്ടുനായ്, കുറുക്കന്‍ തുടങ്ങിയ ജീവികള്‍ മുള്ളന്‍പന്നിയെ ഇപ്രകാരം ആക്രമിച്ചുകാണുന്നു. നീണ്ടു കൂര്‍ത്ത മുള്ളുകള്‍ക്കു വെള്ളയും കറുപ്പും നിറമാണ്. ശത്രുവിനെ കണ്ടാല്‍ മുള്ളുകള്‍ എഴുന്നുനില്‍ക്കും. പിന്നെ ശത്രുവിനെ ലക്ഷ്യമാക്കി പിന്നാക്കം പാഞ്ഞ് മുള്ളുകള്‍ അവയുടെ ശരീരത്തില്‍ തറപ്പിച്ചുകയറ്റും.
മുള്ളന്‍പന്നികള്‍ പൊതുവേ സസ്യഭുക്കുകളാണ്. കിഴങ്ങുകളും വിത്തുകളും മറ്റുമാണ് ഭുജിക്കുക. വനത്തോടു ചേര്‍ന്നുള്ള കൃഷിസ്ഥലങ്ങളില്‍ വിളവുകള്‍ നശിപ്പിക്കുന്ന രീതിയുണ്ട്. മുള്ളന്‍പന്നികള്‍ക്ക് ഏതാണ്ട് മൂന്നടിയോളം നീളവും ശരാശരി 17 കി. ഗ്രാം തൂക്കവും കാണും. ഇവയുടെ ജീവിതദൈര്‍ഘ്യം ഏതാണ്ട് 40 വര്‍ഷമായി കരുതുന്നു. നിലത്തു മാളമുണ്ടാക്കി അതില്‍ കഴിയാനാണിഷ്ടം; എലികളെപ്പോലെ. ഇരുളടഞ്ഞ പാറക്കൂട്ടത്തിലും മരപ്പൊത്തിലും മറ്റും ഇവയെ കാണാറുണ്ട്. കേരളത്തില്‍ വയനാട്, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ, തെന്മല മുതലായ വനമേഖലയില്‍ ഇവയെ കണ്ടുവരുന്നു.