മരപ്പൊത്തുകളിലും മാളങ്ങളിലും പാറമടകളിലുമാണ് കുറുക്കന്റെ താമസം. ഒറ്റയാള്‍ സഞ്ചാരിയാണ്. രാത്രിസഞ്ചാരമാണ് കൂടുതലിഷ്ടം. അതിനാല്‍ രാത്രിഞ്ചരനായി അറിയപ്പെടുന്നു. ശ്വാസമടക്കി പതുങ്ങിയിരിക്കാന്‍ അസാധാരണ കഴിവുണ്ട്. കഥകളിലെ സൂത്രക്കാരനാണ് കുറുക്കന്‍.
കേരളത്തിലെ വനത്തില്‍ രണ്ടിനം കുറുക്കന്മാരെ കാണാം. കാര്‍ണിവേറ്റ ഗോത്രത്തിലെ ഫിസിപെഡിയ എന്ന ഉപവിഭാഗത്തില്‍പ്പെടുന്നവയാണ് രണ്ടിനവും. കുറുക്കനെന്നും കുറുനരിയെന്നും അറിയപ്പെടുന്നു. രണ്ടും വ്യത്യസ്തയിനത്തില്‍പ്പെടുന്നതാണുതാനും. ശ്വാനവര്‍ഗത്തിലാണ് രണ്ടും ഉള്‍പ്പെടുന്നത്.
കുറുക്കന്മാര്‍ക്കു ചാരനിറമാണ്. രോമംനിറഞ്ഞ ശരീരം. വാലിനു ശ്വാനന്റേതുപോലെ വളവില്ല. വാലില്‍ രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കുംപോലുണ്ട്. ഇവയുടെ പ്രധാന പ്രത്യേകത വാലറ്റത്തെ കറുപ്പുനിറംതന്നെ. വാലിനു പിന്നിലായി ദുര്‍ഗന്ധം വമിപ്പിക്കുന്ന ഒരു ഗ്രന്ഥിയുണ്ട്. ഭാരം എട്ടുമുതല്‍ പതിനൊന്നു കിലോഗ്രാം വരും. വൃത്തത്തിലുള്ള കൃഷ്ണമണിയാണ് കുറുക്കന്മാര്‍ക്കുള്ളത്. മണം പിടിക്കാനുള്ള കഴിവും ഇരയെ പതിയിരുന്ന് ആക്രമിക്കാനുള്ള വിരുതും ഇവയെ തികഞ്ഞ സൂത്രശാലികളാക്കുന്നു. കുറുക്കന്മാര്‍ മിശ്രഭുക്കുകളാണ്. കൂര്‍ത്ത മുന്‍പല്ലുകള്‍ ഇരയെ കടിച്ചുകീറാന്‍ വളരെ സഹായകമാണ്. ഏതാണ്ട് 42 പല്ലുകള്‍ ആണുള്ളത്. പക്ഷികളെയും ചെറിയ സസ്തിനികളെയും മത്സ്യങ്ങളെയും ഭക്ഷിക്കുന്നു. അഴുകിയ ഭക്ഷണവും ഇഷ്ടമാണ്. കൂടാതെ, കരിമ്പ്, കാപ്പിക്കുരു, മുന്തിരിങ്ങ മുതലായവയും കുറുക്കന്മാര്‍ തരാതരത്തിന് അകത്താക്കുന്നു. കുറുക്കനു മുന്തിരി കിട്ടാതെവരുമ്പോള്‍ പുളിക്കുമെന്ന കഥ കേട്ടിട്ടില്ലേ?