•  28 Nov 2024
  •  ദീപം 57
  •  നാളം 38
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

ചെന്നായ്

കാട്ടുനായ്ക്കളെ ചെന്നായ് എന്നു വിളിക്കുന്നു. തമിഴ്‌നാട്, കര്‍ണാടക കാടുകളില്‍ ഇവയെ ധാരാളമായി കണ്ടുവരുന്നു. കേരളത്തിലെ വയനാട്, പറമ്പിക്കുളം, നെയ്യാര്‍, പേപ്പാറ തുടങ്ങിയ വന്യജീവിസംരക്ഷണകേന്ദ്രങ്ങളില്‍ ചെന്നായ്ക്കളെ കാണാം. കിഴക്കനേഷ്യയിലും ലഡാക്ക്, ടിബറ്റ് എന്നിവിടങ്ങളിലും ധാരാളമായി കാണപ്പെടുന്നു.
ചെന്നായ്ക്കളുടെ കാലുകള്‍ ഓടാനും ചാടാനും പറ്റിയതാണ്. ഇവയ്ക്കു മണംപിടിക്കാന്‍ അസാമാന്യകഴിവുണ്ട്. കടുവയെയും പുലിയെയുമൊക്കെ നേരിടാനുള്ള അസാധാരണ ധൈര്യം ഇവയ്ക്കുണ്ട്. ആക്രമണം കൂട്ടംചേര്‍ന്നാണ്. കാട്ടുനായ്ക്കള്‍ സമര്‍ത്ഥരായ വേട്ടക്കാരാണ്.
ചെന്നായ്ക്കള്‍ക്ക് ആഹാരം കൂടാതെ ദിവസങ്ങളോളം ജീവിക്കാന്‍ സാധിക്കും. കൂട്ടത്തിലെ അംഗസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ കൂട്ടംപിരിഞ്ഞ് പുതിയ സംഘത്തിനു രൂപം നല്‍കും. സാധാരണഗതിയില്‍ കാടുവിട്ടിറങ്ങാറില്ല. ഇവയ്ക്കു ചെങ്കല്ലിന്റെ നിറമാണ്. ഇടതൂര്‍ന്ന വാലും രോമാവൃതമായ ശരീരവും ആക്രമണത്തിനു  പറ്റിയ ഒതുക്കമുള്ള ഉടലും  നീണ്ട മോന്തയും ചെന്നായുടെ പ്രത്യേക ലക്ഷണങ്ങളാണ്. ഒരു മീറ്ററിലധികം നീളമുണ്ട്. ഉയരം അരമീറ്ററും. ശരാശരി ഭാരം 20 കിലോഗ്രാം.
ഇവ പൂര്‍ണമായും മാംസഭുക്കുകളാണ്. മാംസം കടിച്ചുകീറാന്‍ പറ്റുംവിധമാണ് പല്ലുകള്‍. 42 പല്ലുകളുണ്ടാവും. കോമ്പല്ലുകള്‍ക്കു മൂര്‍ച്ചയേറും. സാധാരണമായി ചെറുമൃഗങ്ങളെയാണ് ചെന്നായ്ക്കള്‍ ആക്രമിക്കുക. ഇക്കൂട്ടര്‍ക്കു കാട്ടുപോത്തിനെ വരെ വേട്ടയാടാന്‍ മടിയില്ല.
ഒരു ചെന്നായ്ക്കൂട്ടത്തില്‍ പത്തോളം അംഗങ്ങളുണ്ടാകും. രാത്രിയും  പകലുമൊക്കെ വേട്ടയ്ക്കിറങ്ങുന്നു. ഉച്ചസമയം വിശ്രമത്തില്‍ കഴിയുന്നു. പാറയിടുക്കിലോ പുല്‍മേട്ടിലോ കുറ്റിക്കാട്ടിലോ ആവും താമസം.
കേരളത്തിലെ ചെന്നായ്ക്കള്‍ കാട്ടില്‍ കഴിയാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവ തുറസ്സായ സ്ഥലങ്ങളിലും മരങ്ങളില്ലാത്ത ഇടങ്ങളിലും വിഹരിക്കുന്നു. നായ് വര്‍ഗത്തിന് ആറ് അണപ്പല്ലുകളുള്ളപ്പോള്‍ ചെന്നായ്ക്കള്‍ക്ക് ഏഴ് അണപ്പല്ലുകള്‍ കാണുന്നു. നായ്ക്കളില്‍ പത്തു മുലക്കണ്ണുകള്‍ കാണുമ്പോള്‍ ഇവയ്ക്ക് പതിന്നാലു മുലക്കണ്ണുകള്‍ വരെ കാണപ്പെടുന്നു. ഇതിന്റെയത്ര ചെങ്കല്ലുനിറം തീവ്രമായി കാണുന്ന വേറൊരു മൃഗവുമില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)