രണ്ടടിയോളം ഉയരവും ഏതാണ്ട് അതേ നീളവും ശരാശരി മൂന്നു കിലോയോളം തൂക്കവുമുള്ള വനജീവിയാണ് കുറുനരി. പേരു സൂചിപ്പിക്കുംപോലെ കുറുക്കന്മാരില്‍ കുറുകിയവരാണ് കുറുനരികള്‍. കേരളത്തിലെ വനങ്ങളിലും വനത്തോടുചേര്‍ന്ന പ്രദേശങ്ങളിലും കാണപ്പെടുന്നു. തുറസ്സായ പ്രദേശങ്ങളിലും കുറ്റിക്കാടുകളിലുമാണു താമസം. കേരളത്തിലെ കാടുകളില്‍ ഇവ അത്യപൂര്‍വമായേ കാണുന്നുള്ളൂ.
ഇതിന്റെ വാലിനറ്റം കറുത്ത നിറത്തിലാണ്. ശരീരത്തിലെ രോമങ്ങള്‍ തീരെ നീളം കുറഞ്ഞിട്ടാണ്. ഉയര്‍ന്നുനില്ക്കുന്ന ചെവികള്‍ കുറുനരികളുടെ സവിശേഷതതന്നെ. ഇവ ചൂടുകാലാവസ്ഥയും തണുപ്പുകാലാവസ്ഥയുമായി ചേര്‍ന്നുപോകുന്നു. മങ്ങിയ നിറമുള്ള കുറുനരികള്‍ സൂത്രശാലികളാണ്, കുറുക്കന്മാരെപ്പോലെ. പകലും രാത്രിയും സഞ്ചരിക്കാറുണ്ട്. മൈതാനക്കാടുകളാണ് ഇഷ്ടം. പല വാതിലുകളുള്ള പൊത്തുകളിലാണ് താമസിക്കാനിഷ്ടപ്പെടുക. ഈ പോതുകളില്‍ പകല്‍നേരത്ത് ഉറങ്ങുന്നു. സന്ധ്യയാകുമ്പോള്‍ ഇര തേടി വെളിയില്‍ വരുന്നു. ചെറു സസ്തനികള്‍, ഇഴജന്തുക്കള്‍, ഷഡ്പദങ്ങള്‍ ഇവയൊക്കെ പഥ്യം. എലികളെ തിന്നുന്നതുകൊണ്ട് കര്‍ഷകരുടെ മിത്രമാണിവ. മികച്ച ഓട്ടക്കാരനായതുകൊണ്ട് പല തകൃതികള്‍ കാട്ടി ശത്രുക്കളില്‍നിന്നു രക്ഷപ്പെടുന്നു. വേഗമില്ലാതെ ഓടുമ്പോള്‍ വാല് നിലത്തുകൂടി ഇഴയുന്നു. വേഗം കൂടുമ്പോള്‍ വാല്‍ തിരശ്ചീനമാകുന്നു. ഗര്‍ഭകാലം രണ്ടു മാസം. ഒരു പ്രസവത്തില്‍ നാലു കുഞ്ഞുങ്ങള്‍വരെ കാണും.
കുറുനരി ഇര പിടിക്കുക സൂത്രത്തിലൂടെയാണ്. മണം പിടിക്കാനുള്ള കഴിവും ഇരയെ പതിയിരുന്ന് ആക്രമിക്കാനുള്ള വിരുതും കുറുനരിയെ കൗശലക്കാരനാക്കുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവിയാണിവ.