മരപ്പട്ടിക്ക് ഏതാണ്ട് ഒരു പൂച്ചയുടെ രൂപഭാവങ്ങളാണുള്ളത്. ഇവയെ ''പനവെരുക്'' എന്നും വിളിക്കുന്നു.
കാട്ടില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും മരപ്പട്ടിയെ കാണാറുണ്ട്. കാട്ടില്‍ പാറക്കൂട്ടത്തിലോ കുറ്റിക്കാട്ടിലോ വള്ളിക്കുടിലിലോ മറ്റോ താമസിക്കുന്നു. നാട്ടില്‍ ആളൊഴിഞ്ഞ വീടുകളുടെയോ കെട്ടിടങ്ങളുടെയോ തട്ടിന്‍പുറമാണ് മുഖ്യതാവളം.
വംശനാശഭീഷണി നേരിടുന്ന കാട്ടുമൃഗമാണിത്. ശരാശരി 15 വര്‍ഷമാണ് ആയുസ്സ്. പ്രധാനശത്രു മനുഷ്യന്‍ തന്നെ. കാട്ടിലാണെങ്കില്‍ ചെന്നായ്, പുലി, കരടി, കഴുതപ്പുലി, കടുവ തുടങ്ങിയ കാട്ടുമൃഗങ്ങള്‍ ഇവയെ ആക്രമിക്കാറുണ്ട്.
മരപ്പട്ടിക്കു പൊതുവെ പഴങ്ങളോടാണ് ഇഷ്ടമെങ്കിലും ചെറുജീവികളെയും തിന്നുന്ന സ്വഭാവമുണ്ട്. കാട്ടുപൂച്ച, നായ്ക്കുട്ടി, കോഴികള്‍ എന്നിവയെയും പിടിച്ചുതിന്നാറുണ്ട്. ഇവ സാധാരണമായി ശബ്ദമുണ്ടാക്കാറില്ല. മുറിവേറ്റാലും നിശ്ശബ്ദമായി കഴിയും. അപകടത്തില്‍നിന്നും ഓടിയകലാനാണ് നോക്കുക. ഇവയുടെ ആക്രമണം മാരകമായിരിക്കും. ഇവയ്ക്കു സ്വന്തമായൊരു സാമ്രാജ്യമുണ്ടാകും. കാട്ടില്‍ പുലിയുടെയും കടുവയുടെയും സിംഹത്തിന്റെയും പോലുള്ളൊരു സ്വകീയസാമ്രാജ്യം. മറ്റു മരപ്പട്ടികള്‍പോലും ഇവിടെ അതിക്രമിച്ചുകയറാന്‍ ഇവ അനുവദിക്കില്ല. കാട്ടിലായാലും നാട്ടിലായാലും ഇവയ്ക്ക് അധികാരാതിര്‍ത്തിയുണ്ട്.
മരപ്പട്ടികള്‍ രാത്രി സഞ്ചാരികളാണ്. ഇവയ്ക്കു വാലുള്‍പ്പെടെ മൂന്നടിയോളം (ഒരു മീറ്ററോളം) നീളം വരും. കറുപ്പുകൂടിയ ചാരനിറമാണ്. ഉടലില്‍ ചെറുവരകളും കുറികളുമൊക്കെ ഉണ്ടാവും. ശരീരം രോമാവൃതമാണ്. വാലില്‍ കൂടുതല്‍ രോമം കാണും. ബോട്ടില്‍ബ്രഷ്‌പോലെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളും വായില്‍ കൂര്‍ത്തുമൂര്‍ത്ത പല്ലുകളും കാണാം. വിരല്‍നഖങ്ങള്‍ ഉപയോഗിച്ചാണ് മരത്തിലും പാറയിലുമൊക്കെ അനായാസം കയറിപ്പോകുക. അതുപോലെതന്നെ ഒരു മരത്തില്‍നിന്നോ ശിഖരത്തില്‍നിന്നോ നിഷ്പ്രയാസം ചാടിക്കടക്കാനും മരപ്പട്ടികള്‍ക്കു കഴിയും. മരത്തിലൂടെ പാഞ്ഞുനടക്കുന്ന മരപ്പട്ടി താഴെ ഇഴയുന്ന കീരിക്കുഞ്ഞുങ്ങളെയും കോഴിക്കുഞ്ഞുങ്ങളെയും റാഞ്ചിയെടുക്കാറുണ്ട്.