മലയണ്ണാന്‍ ഒരിക്കലും കാടുവിട്ടിറങ്ങാറില്ല. നിലത്തിറങ്ങുന്നതും വളരെ അപൂര്‍വം. വിശ്രമവും സഞ്ചാരവുമൊക്കെ മരങ്ങളില്‍ത്തന്നെ. മരത്തിലൂടെ അതിവേഗം ഓടാനും ചാടാനും സാധിക്കും. കായും പൂവും പഴവും ഇലയുമൊക്കെയാണ് ആഹാരം. പല്ലും മുന്‍കാലുകളും ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്നു.
അണ്ണാന്‍വര്‍ഗത്തിലെ ഏറ്റവും വലുപ്പവും സൗന്ദര്യവും ഉള്ളവരാണ് മലയണ്ണാന്‍മാര്‍. രോമംനിറഞ്ഞ ശരീരത്തിനു വാലുള്‍പ്പെടെ മൂന്നടി നീളം കാണും. വാലിനു കറുപ്പുനിറമാണ്. വാലിന്റെയറ്റത്ത് ചുവപ്പുകലര്‍ന്ന നിറവും ശരീരത്തിന്റെ അടിവശത്ത് ചുവപ്പുനിറവുമുണ്ടാകും. മുതുകിന് ഇളംചുവപ്പുനിറം. നെറ്റിക്കു ചുവപ്പുകലര്‍ന്ന തവിട്ടുനിറവും.
മലയണ്ണാന്‍ ഒറ്റയാള്‍സഞ്ചാരികളാണ്. വളരെയുച്ചത്തില്‍ ശബ്ദമുണ്ടാക്കും. വന്മരങ്ങളിലെ ചില്ലകളിലാണ് കൂടൊരുക്കുക. മിക്കവാറും ഉയരമുള്ള മരത്തിലാവും കൂടിന്റെ സ്ഥാനം. ചില്ലകളുടെ മുകള്‍ഭാഗങ്ങളിലെ കൂട്ടിലേക്കു കടന്നുചെല്ലാന്‍ ശത്രുക്കള്‍ക്ക് അത്രയൊന്നും സാധിക്കില്ലെന്നതാണു വസ്തുത. കൂടുനിര്‍മാണം പെണ്‍ അണ്ണാന്‍ ഒറ്റയ്ക്കുതന്നെ. ഇലകളും കനമില്ലാത്ത ചുള്ളികളും മറ്റുംകൊണ്ടാണ് കൂടൊരുക്കുക. അടുത്തടുത്ത മരങ്ങളില്‍ ഒന്നിലേറെ കൂടുണ്ടാകും. ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയാണിത്.
അണ്ണാന്റെ പല്ലുകള്‍ എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കും. വളരുന്നതനുസരിച്ചു തേഞ്ഞുപോകാറുമുണ്ട്. പകല്‍സഞ്ചാരിയാണ് മലയണ്ണാന്‍. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കുമാണ് തീറ്റ തേടല്‍. കാട്ടുപരുന്ത്, കഴുകന്‍ തുടങ്ങിയ പക്ഷികളും കാട്ടുപൂച്ച, വെരുക് മുതലായ ചില മൃഗങ്ങളും മലയണ്ണാനെ വേട്ടയാടാറുണ്ട്.
വിവിധ നിറങ്ങളില്‍ കാണപ്പെടുന്ന മലയണ്ണാന്റെ ഭംഗിയൊന്നും ചാമ്പല്‍മലയണ്ണാനില്ല. അല്പം ചെറുതാണ് ഈ അണ്ണാന്‍. സുമാര്‍ ഒന്നരയടി നീളം. അത്രതന്നെ നീളം വാലിനുമുണ്ടാകും. മലയണ്ണാനുമായി നിറത്തില്‍ മാത്രമാണ് പ്രധാന വ്യത്യാസം. തുടുത്ത ചുണ്ടുകളും രോമംനിറഞ്ഞ വാലുമുണ്ട്. തലയുടെ ഭാഗത്തും മുതുകിലും വിരലിനറ്റവും കറുപ്പുനിറമായിരിക്കും. വയറിനു ചെമ്പിച്ച നിറവും.
പകല്‍സഞ്ചാരികളാണ് ഇവ. മലയണ്ണാനെപ്പോലെ വിശ്രമം രാത്രിയിലും. മരത്തില്‍നിന്നിറങ്ങാന്‍ തീരെ മടിതന്നെ. പൂര്‍ണമായും സസ്യാഹാരം തേടുന്നവരാണ് ചാമ്പല്‍മലയണ്ണാന്മാര്‍.