കേരളത്തിലെ കാടുകളില്‍ കണ്ടുവരുന്ന ഏറ്റവും ചെറിയ മാനാണു കൂരമാന്‍. മാന്‍വര്‍ഗത്തിലെ അത്യപൂര്‍വസസ്തനിയാണിത്. കേരളത്തിന്റെ കാലാവസ്ഥയും കാടുകളും കൂരമാനിന് അനുയോജ്യമാണെങ്കിലും ഇവറ്റയെ കാണപ്പെടുക വളരെ അത്യപൂര്‍വമായിട്ടാണ്. അതുകൊണ്ട് ഇവ വംശനാശഭീഷണിയിലാണെന്നു കരുതണം.
രാത്രിസഞ്ചാരിയാണിത്. പകല്‍നേരത്തു പുല്ലുകള്‍ക്കിടയിലും കുറ്റിക്കാട്ടിലുമൊക്കെ വിശ്രമിക്കുന്ന സ്വഭാവം. വനത്തില്‍ പുല്‍മേട്ടിലോ മലഞ്ചെരിവിലോ മേഞ്ഞുനടക്കും. കൂട്ടമായി സഞ്ചരിക്കാനാണിഷ്ടം. ഒരു കൂട്ടത്തില്‍ ഏഴുവരെ അംഗങ്ങള്‍ കണ്ടെന്നുവരും. പെണ്‍മാനുകളാണു കൂടുതല്‍. പുല്ലും ഇലകളും പഴങ്ങളും അപൂര്‍വമായി മരത്തൊലിയും ആഹരിക്കുന്നു.
കൂരമാനിനു തവിട്ടുനിറമാണ്. ശരീരത്തില്‍ വെള്ള വരകളുണ്ട്. ഒറ്റനോട്ടത്തില്‍ കാട്ടുപന്നിയുടെ കുഞ്ഞാണെന്നു തോന്നും. ശരീരത്തിന്റെ അടിഭാഗം മങ്ങിയ വെള്ള നിറം. ഉയരം 30 സെ. മീറ്റര്‍. തൂക്കം ഏതാണ്ട് 10 കിലോ. മറ്റു മാനുകളെപ്പോലെ ഇതിനു വേഗം ഓടാനും ചാടാനുമൊക്കെ സാധിക്കുന്നു. പുലി, കഴുതപ്പുലി, കാട്ടുപൂച്ച, കുറുക്കന്‍, വെരുക് തുടങ്ങിയവയാണു പ്രധാന ശത്രുക്കള്‍.