•  25 Apr 2024
  •  ദീപം 57
  •  നാളം 7
കേരളത്തിലെ കാട്ടുമൃഗങ്ങള്‍

വെരുക്

മ്മുടെ വനങ്ങളില്‍ കാണപ്പെടുന്ന വെരുകുകള്‍ സസ്തനികളും മാംസഭുക്കുകളും രാത്രിസഞ്ചാരികളുമാണ്. പശ്ചിമഘട്ടവനമേഖലയിലാണ് കൂടുതലായി കാണുക. വംശനാശഭീഷണി നേരിടുന്നവയാണിവ. ഇംഗ്ലീഷില്‍ ഇതിനെ സിവിറ്റ് എന്നു വിളിക്കും. ഇവയെല്ലാം വിവേറിഡേ എന്ന ഗോത്രത്തില്‍പ്പെടുന്നവയാണ്. ഇവയുടെ ഏറ്റവുമടുത്ത ബന്ധുക്കള്‍ മാര്‍ജാരവംശം തന്നെ. പക്ഷേ, ഘടനാപരമായി പല കാര്യങ്ങളിലും ഇവര്‍ തമ്മില്‍ തികച്ചും വ്യത്യസ്തരാണ്.
ചാരനിറമാണിവയ്ക്ക്. ശരീരത്തില്‍ വെളുത്ത കുത്തുകളും മുതുകില്‍ നെടുകെയുള്ള വരയും നീണ്ടുകൂര്‍ത്ത മുഖവുമാണിവയ്ക്കുള്ളത്. കൂര്‍ത്ത പല്ലുകളും  നഖവും ഇര പിടിക്കാന്‍ സഹായകമാണ്. വാലില്‍ മോതിരവളയങ്ങള്‍പോലെ കാണാം. മലബാര്‍ വെരുകിന് 90 സെന്റീമീറ്ററോളം നീളവും ശരാശരി ആറു കിലോഗ്രാം തൂക്കവും വരും. ഒറ്റയ്ക്കാണു സഞ്ചാരം. പാറക്കൂട്ടത്തിലോ ഇടതൂര്‍ന്ന മരക്കൂട്ടത്തിലോ ആകും താമസം. രാത്രിസഞ്ചാരികളായ ഇവ പകല്‍ പുറത്തിറങ്ങാറില്ല. ജീവരക്ഷയ്ക്ക് വേണ്ടിവന്നാല്‍ മനുഷ്യരെ വരെ ആക്രമിക്കും. ഇതിന്റെ പ്രധാന ശത്രു മനുഷ്യന്‍തന്നെ. കടുവയും പുലിയുംമുതല്‍  കാട്ടുനായ്ക്കളും കുറുക്കനും വരെ വെരുകിനെ പിടികൂടുന്നു.
വെരുകുകള്‍ക്കു നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഘ്രാണശക്തിയുമുണ്ട്. താടിമീശകള്‍ മുമ്പോട്ടും പിറകോട്ടും ചലിപ്പിച്ച് മണം മനസ്സിലാക്കുന്നു. വിവിധയിനം വെരുകുവര്‍ഗങ്ങളില്‍ ഭക്ഷണരീതികളില്‍ മാറ്റം കാണാം. ഇരകളെ വേട്ടയാടുന്നവയും കാര്യമായി വേട്ടയാടാതെ പഴങ്ങളും കായ്കളും ഇലകളുമൊക്കെ തിന്നു കഴിയുന്നവയുമുണ്ട്. ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ തടയാനുള്ള ഒരു ക്രമീകരണം ഇവയുടെ ശരീരത്തിന്റെ മലവിസര്‍ജനഭാഗത്തുണ്ട്. ദുര്‍ഗന്ധപൂര്‍ണമായ ഈ മഞ്ഞദ്രാവകം ശത്രുക്കളുടെ മുഖത്തേക്കു പായിച്ചുവിട്ട് രക്ഷപ്പെടുകയാണു പതിവ്. പ്രത്യേകതരം സിങ്ക്ഗ്ലാന്‍ഡിന്റെ പ്രവര്‍ത്തനഫലമാണ്.
മനുഷ്യവാസമുള്ളിടങ്ങളിലേക്കു വെരുകുകള്‍ ഇറങ്ങിവരാറുണ്ട്. നിശ്ശബ്ദജീവികളായ ഇവയില്‍ രണ്ടിനം മാത്രമേ എന്തെങ്കിലും  ശബ്ദം ഉണ്ടാക്കുന്നുള്ളൂ.  ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പ്രജനനം. പറയിടുക്കുകളിലും പോടുകളിലും കുഞ്ഞുങ്ങള്‍ വളരുന്നു.
സിവെറ്റ് എന്ന വാക്കിന്റെ ഉദ്ഭവം അറബിഭാഷയിലുള്ള ഗന്ധം എന്നര്‍ത്ഥം വരുന്ന സെബറ്റ് എന്ന വാക്കില്‍നിന്നാണ്. ഇവയുടെ സ്രവത്തില്‍ അമോണിയ, കൊഴുപ്പുകള്‍, വേഗം ബാഷ്പീകരിക്കുന്ന എണ്ണകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയുടെ സുഗന്ധമുള്ള ഗ്രന്ഥിയായ സ്രവം സുഗന്ധവസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കുന്നു. വെരുകിന്‍പുഴു എന്നറിയപ്പെടുന്ന ഗ്രന്ഥി സ്രവം വിലയേറിയ സുഗന്ധവസ്തുവാണ്. ചില കൃഷിക്കാര്‍ വെരുകിനെ വളര്‍ത്തി വെരുകിന്‍പുഴു ആദായമാക്കുന്നുണ്ട്.

 

Login log record inserted successfully!