''പ്രസവം എനിക്കു പേടിയായിരുന്നു. വീര്‍ത്തു വരുന്ന വയറ് കാണുമ്പോഴേ എനിക്കു നെഞ്ചിടിപ്പേറും.''
''സാറാസ്'' സിനിമയിലെ സാറയെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഡോ. ബ്രിജിറ്റ് പറഞ്ഞുതുടങ്ങിയപ്പോള്‍ എനിക്കു ചിരി വന്നു. അഞ്ചു കുഞ്ഞിപ്പൈതങ്ങളെ ''പെടെപേടേന്ന്'' പ്രസവിച്ച ഡോക്ടറാണ് ''റ്റോക്കോഫോബിയ''യെപ്പറ്റി പറയുന്നത്.
''ഓരോ ദിവസവും ഉണരുന്നതുതന്നെ 'ദൈവമേ, ഈ കുഞ്ഞെങ്ങനെ പുറത്തുവരും?' എന്നു വെപ്രാളപ്പെട്ടാണ്. ലേബര്‍ റൂമിലെ നിലവിളികളും വേദനകളും കണ്ടതുകൊണ്ടാകാം, ആദ്യത്തെ പ്രസവം കഴിയുംവരെ ആ 'ഫോബിയ' എന്റെ കൂടെയുണ്ടായിരുന്നു.'' വേദനയോടെ പ്രസവിക്കുന്ന സ്ത്രീ പിന്നീടത് മറന്നുപോകുന്ന പടച്ചവന്റെ മായാജാലത്തിന് മനസ്സില്‍ ഞാന്‍ നന്ദി പറഞ്ഞു.
ഇത് ഡോ. ബ്രിജിറ്റ്. കോട്ടയം ജനറല്‍ ഹോസ്പിറ്റലില്‍ ബ്‌ളഡ് ബാങ്കിന്റെ ചാര്‍ജുള്ള ഡോക്ടര്‍. പാലാ, മരിയന്‍ സെന്ററിലെ അനസ്‌തെറ്റിസ്റ്റ് ഡോ. സുദീപ് തോമസിന്റെ ഭാര്യ. പത്തുവയസ്സില്‍ താഴെയുള്ള അഞ്ചു കണ്‍മണികളുടെ അമ്മ. കരിയറിനു തടസ്സമാകുന്ന കുഞ്ഞുങ്ങളെ അബോര്‍ഷനിലൂടെ ഇല്ലാതാക്കുന്ന ഈ കാലത്ത്, നിലനില്‍ക്കുന്നതേതാണ്, കടന്നുപോകുന്നതേതാണ് എന്ന തിരിച്ചറിവ് യൗവനത്തിലേ സ്വന്തമാക്കിയവള്‍. രണ്ടാം വര്‍ഷ എം.ബി.ബി.എസിനു പഠിക്കുമ്പോള്‍ത്തന്നെ ഞാന്‍ 'പ്രീമാര്യേജ് കോഴ്‌സി'ല്‍ കൃത്രിമഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ക്കെതിരേ ക്ലാസെടുത്തിരുന്നു. അന്നു പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളില്‍നിന്ന് അണുവിട പിന്നോട്ടു മാറിയിട്ടില്ല. ഒരിക്കല്‍പ്പോലും ഉദരത്തില്‍ ഉരുവായ കുഞ്ഞുങ്ങളെ, ഒഴിവാക്കണമെന്നു തോന്നിയിട്ടുമില്ല. എം.ഡി.ക്കു പഠിക്കുന്ന സമയത്തായിരുന്നു ആദ്യത്തെ പ്രഗ്നന്‍സി. പ്രസവം കഴിഞ്ഞാണ് എം.ഡി. കംപ്ലീറ്റു ചെയ്തത്.'' സ്ത്രീയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവാന്‍ ഗര്‍ഭവും കുട്ടികളും തടസ്സമാണെന്ന തെറ്റായ പ്രചാരണത്തിനൊരു മറുപടിയാണ് ഈ ഡോക്ടര്‍.
''എങ്ങനെ മാനേജു ചെയ്യുന്നു, ഈ കുട്ടിക്കൂട്ടത്തെ?'' എന്റെ ചോദ്യത്തിനുള്ള ഉത്തരം പെട്ടെന്നു വന്നു: ''അയ്യോ, അതിന്റെ ക്രെഡിറ്റ് എനിക്കുള്ളതല്ല, ഡോ. സുദീപിന്റെ മാതാപിതാക്കള്‍ക്കുള്ളതാണ്. തോമസ് ഏനേക്കാട്ടും മേരിക്കുട്ടി തോമസും. അവരുടെ ചിട്ടയോടെയുള്ള കരുതലും പരിചരണവുംകൊണ്ടാണ് എന്റെ കുടുംബവും കുഞ്ഞുങ്ങളും ഇങ്ങനെ ഭംഗിയായി മുന്നോട്ടു പോകുന്നത്. കാഞ്ഞിരപ്പള്ളിയിലെ വീടൊക്കെ വിട്ട്, ഈ ചെറിയ ക്വാര്‍ട്ടേഴ്‌സില്‍ വന്നു താമസിക്കുകയാണ് ഞങ്ങള്‍ക്കും മക്കള്‍ക്കും കൂട്ടായി.'' ഡോക്ടര്‍ ബ്രിജിറ്റിന്റെ വാക്കുകളില്‍ നന്ദിയുടെ തിരയിളകി.
''കഴിവും ക്ഷമയും കുറവുള്ള ഞങ്ങള്‍ക്ക്, ദൈവം അഞ്ചു മക്കളെ തന്നപ്പോ കൂടെ കഴിവും ക്ഷമയുമുള്ള ഡാഡിയേം മമ്മിയേംകൂടി തന്നു. അവരെയാണു നമിക്കേണ്ടത്. എല്ലായ്‌പ്പോഴും ജീവിതത്തോട് 'യേസ്' എന്നു പറയാന്‍ പഠിപ്പിച്ചതവരാണ്.'' ഡോ. സുദീപ് പറഞ്ഞുതുടങ്ങി. ബാംഗ്ലൂര്‍ സെന്റ് ജോണ്‍സില്‍ എം.ഡി. ചെയ്യുമ്പോള്‍ അബോര്‍ഷനെതിരേ ക്ലാസ്സുകള്‍ എടുത്തിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. പ്രാര്‍ത്ഥനയിലുറച്ച കുടുംബത്തില്‍ ജനിച്ചതു ഭാഗ്യമായി കരുതുന്നു. എന്റെ കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തില്‍ ഉറപ്പിക്കാനും ഡാഡിയും മമ്മിയും മുന്നിലുണ്ട്. ഡാഡി മൈക്കിളിനെ സങ്കീര്‍ത്തനങ്ങള്‍ പഠിപ്പിക്കും. തെരേസയും ആ കൂടെ വചനങ്ങള്‍ മനഃപാഠമാക്കും. അവരുടെകൂടെ കുട്ടികള്‍ കുര്‍ബാനയ്ക്കു പോകും. സന്ധ്യാപ്രാര്‍ത്ഥനനേരം ശാസിച്ച് എല്ലാവരെയും ഒന്നിച്ചിരുത്തി പ്രാര്‍ത്ഥിപ്പിക്കും. ഊണുമേശയിലും എല്ലാവരും ഒരുമിച്ചുണ്ടാവും.''
കുഞ്ഞുങ്ങള്‍ അല്പം ഭക്ഷണം കുറച്ചു കഴിക്കുന്നതൊക്കെ 'മുട്ടക്കാട്ടന്‍' പ്രശ്‌നങ്ങളാക്കുന്ന കുടുംബങ്ങളുടെ ഈ കാലത്ത് ഏനക്കാട്ടെ ഭക്ഷണമേശയില്‍, കുഞ്ഞുങ്ങള്‍ നിര്‍ബന്ധബുദ്ധിയില്ലാതെ ഭക്ഷണം കഴിക്കുന്നുണ്ട്. വല്യപ്പച്ചന്‍ പറയുന്ന വിശുദ്ധരുടെ കഥകള്‍ ആകൂടെ അവര്‍ ആസ്വദിക്കുന്നുമുണ്ട്. വാര്‍ദ്ധക്യമിവിടെ വിരസതയറിയുന്നില്ല. പറയാനും കേള്‍ക്കാനും പരസ്പരം ഊന്നുവടികളാകുന്നവര്‍. ചില വീട്ടകങ്ങള്‍ വിസ്മയം തീര്‍ക്കുന്നത് അവയുടെ വലിപ്പംകൊണ്ടല്ല, ഇതുപോലുള്ള ചെറിയ ചില വണക്കങ്ങള്‍കൊണ്ടാണ്, അല്ലേ?
''ഡോ. സുദീപിന് ഹോസ്പിറ്റലില്‍ തിരക്കുണ്ട്. എങ്കിലും, സമയം കിട്ടുമ്പോഴൊക്കെ കുട്ടികളെ കുളിപ്പിക്കാനും, ഭക്ഷണം കൊടുക്കാനും കൂടെക്കൂടും. നല്ല ഡോക്ടറാണ്'' ഡോ. ബ്രിജിറ്റ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ ചിരിയോടൊപ്പം സ്‌നേഹത്തിന്റെ സുഗന്ധവും പരന്നു.
''കരിയറും കുടുംബവും ബാലന്‍സ്ഡ് ആയി കൊണ്ടുപോകാന്‍ പറ്റും. ഏതിനാണ് കൂടുതല്‍ പ്രയോരിറ്റി വേണ്ടതെന്ന് നമ്മളാണു തീരുമാനിക്കേണ്ടത്. ചില മുള്ളുവേലികളും മുറിവുകളും ജീവിതം തരാതിരിക്കില്ല. സന്തോഷത്തോടെ 'ആമേന്‍' പറഞ്ഞ് അതു സ്വീകരിച്ചാല്‍ ജീവിതം കൂടുതല്‍ സുന്ദരമാകും.'' കണ്ണു തുറപ്പിക്കുന്ന കാഴ്ചപ്പാടുകളാണ് ഡോ. സുദീപിന്റേത്.
''മക്കള്‍ കൂടുന്തോറും ഞങ്ങളുടെ ദാമ്പത്യത്തിന്റെ ഇഴയടുപ്പവും കൂടി. കോമണ്‍ ഫാക്‌ടേഴ്‌സായി ഞങ്ങള്‍ക്കിടയില്‍ മൈക്കിളും തെരേസയും മരിയയും ആന്റോസും, ക്ലെയറുമുണ്ടല്ലോ, ചിരിക്കാനും ചിന്തിപ്പിക്കാനും.''
യേശുവാകുന്ന മഹാവൈദ്യനില്‍നിന്ന് ദക്ഷിണവച്ച് അഭ്യസിച്ചതുകൊണ്ട് ഈ വൈദ്യന്മാരുടെ ഔഷധങ്ങള്‍ക്കെല്ലാം ജീവന്‍ പകരുകതന്നെ ചെയ്യും.