•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

പെണ്ണുങ്ങള്‍ പഠിക്കണം ആണാകാനും

നി ആണാകല്‍ ചടങ്ങുണ്ട്. അതു നിര്‍വഹിക്കേണ്ടത് പെണ്ണുമാണ്. സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ-തൊഴില്‍ മേഖലകളില്‍ അവള്‍ എന്നേ ആണ്‍കുട്ടിയായിക്കഴിഞ്ഞു! പുരുഷന്‍ അടക്കിവാണിരുന്ന നിരവധിയിടങ്ങളില്‍ പാദസരക്കിലുക്കം കേള്‍ക്കാം! ഭരണഘടന അവളുടെ ഭാഗധേയം ഉച്ചൈസ്തരം പ്രഘോഷിക്കുന്നു. എങ്കിലും, പൊതുസമൂഹത്തിലെ ഈ മെയ്‌വഴക്കം, ദാമ്പത്യജീവിതത്തില്‍ കരഗതമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? പുരുഷസ്വത്വത്തെ എത്രകണ്ട് സ്വാംശീകരിക്കാനും ഗുണപരമായി വിനിയോഗിക്കാനും അവള്‍ക്കാകുന്നുണ്ട്?
ഒരു വിവാഹസദ്യയ്ക്കു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവ് അഭിപ്രായപ്പെട്ടു: ''നല്ല മീന്‍കറി.''
 അതവള്‍ക്കു പിടിച്ചില്ലെന്നു മാത്രമല്ല, കുറെക്കാലത്തേക്കു മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്തു. തന്റെ കറിക്കെപ്പോഴും കുറ്റം. ആരാണ്ടുണ്ടാക്കിയത് കേമം... അതാണു കാരണം.
അവന്‍ യുക്തിക്ക് ഊന്നല്‍ കൊടുക്കുന്നു. അനിവാര്യത, പ്രായോഗികത, ചിലപ്പോള്‍ നിര്‍വാഹമില്ലായ്മ - ഇതെല്ലാം സമന്വയിപ്പിക്കപ്പെടുന്ന യുക്തിയാണ് അവന്റെ പല പ്രതികരണങ്ങളെയും നിശ്ചയിക്കുക.
അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന വൈകാരികത, ''വൈകാരിക തീവ്രവാദ''ത്തിലേക്കാവും നയിക്കുക. പ്രത്യേക പദവി, നഷ്ടപ്രണയം എന്നിവയ്ക്കായിട്ടാണു പോരാട്ടം. ലക്ഷ്യം നേടുന്നതുവരെ വിശ്രമമില്ല. അല്ലാത്തപക്ഷം, ആര്‍ക്കും വേണ്ട സമാധാനം. ഈ നിലപാട് അവനെ പ്രണയമൂശയില്‍ പരുവപ്പെടുത്തുന്നതിനുള്ള സുവര്‍ണാവസരമാണു നഷ്ടപ്പെടുത്തുക. പ്രത്യേക പദവി, പ്രണയം ഇവ നിഷേധിക്കപ്പെട്ട ഒരു സ്ത്രീയുടെ വിഹ്വലത വിലകുറച്ചു കാണുകയല്ല. പക്ഷേ, വൈകാരിക തീവ്രവാദം, അന്തിമമായി കണ്ണീരും നിരാശയുമായിട്ടാണവസാനിക്കുക. ഒന്നുമില്ലായ്മയില്‍നിന്ന് ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടുവരുന്ന അമ്മയല്ലേ     ഓരോ സ്ത്രീയും? ഒരു കുഞ്ഞിനെപ്പോലെതന്നെ അവനെ നേടുക. പ്രണയത്തിലെ എല്ലാ ഭാവങ്ങളും (കാരുണ്യം, കരുതല്‍, അംഗീകാരം, വിശ്വസ്തത, സാമീപ്യം) ജഗന്നിയന്താവ് സമൃദ്ധമായി വര്‍ഷിച്ചിരിക്കുന്നത് മാതൃത്വത്തിലാണ്. ലളിതമായ ഈ യുക്തി, അവനു തിരസ്‌കരിക്കാനാവില്ല.
പരിചയിച്ചിരിക്കേണ്ട മറ്റൊരു പാഠം സാമൂഹികപ്രതിബദ്ധതയുടേതാണ്. നാമോരോരുത്തരും ഓരോ പൊതുമുതല്‍കൂടിയാകുന്നു. കുടുംബത്തിന്റെ ആവൃതിക്കുള്ളില്‍ തീരുന്നതല്ല ഉത്തരവാദിത്വങ്ങള്‍. സമൂഹത്തോടും വേണം കൂറ്. നമുക്കുള്ള വൈശിഷ്ട്യമാര്‍ന്ന നൈപുണ്യങ്ങള്‍ സമൂഹത്തിനുകൂടി അവകാശപ്പെട്ടതാണ്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായും ഭഗ്നാശര്‍ക്കു പ്രത്യാശയുടെ മതികലയായും മാറുക. പ്രണയമൊഴികെ, നിങ്ങളിരുവരും എല്ലാവര്‍ക്കുമുള്ളതാണ്. അയാള്‍ക്കുമത്  ധന്യമായ തിരിച്ചറിവാകട്ടെ.
വള്‍നെറബിള്‍ എന്ന  ലേബലില്‍നിന്നുള്ള മോചനമാണ് ഇനിയൊരാവശ്യം. ഇന്ന് പെണ്‍കുട്ടികള്‍ എത്രയോ സ്മാര്‍ട്ടായിരിക്കുന്നു! അവര്‍ അവകാശബോധവും ഒപ്പം സ്വയം മതിപ്പുമുള്ളവരാണ്.  എന്നാല്‍, എല്ലാവരുമങ്ങനെയാകുന്നില്ല; അതാണു ദുഃഖകരം. 'മറിമാന്‍മിഴി' ഹാങ്ങോവര്‍ അവരെ വിട്ടുമാറിയിട്ടില്ല. നമ്രശിരസ്‌കതയും കണ്ണേറും അന്നനടയുമൊക്കെ അറിയാതെ വന്നുപോകുകയാണ്. വേട്ടമൃഗത്തിന് ഇരയിലേക്കുള്ള ദൂരം കുറയാന്‍ വേറെന്തു വേണം? പ്രതികരിക്കേണ്ടിടത്ത് മൗനം പാലിക്കുകയോ, നാണം കുണുങ്ങുകയോ ചെയ്യാമോ? ഒഴിഞ്ഞുമാറല്‍, കണ്ടില്ലെന്നു നടിക്കല്‍, ഓടിയൊളിക്കല്‍ - ഇതൊക്കെ സമൂഹജീവിതത്തില്‍ ഭീരുത്വത്തിന്റെ അടയാളപ്പെടുത്തലാണ്. വിവേകമില്ലാത്ത ശാലീനത വേട്ടമൃഗത്തെ ഹരംപിടിപ്പിക്കുകയേയുള്ളൂ. 'മൃദുഭാവേ ദൃഢകൃത്യ'  ഇത്തരുണത്തില്‍ കരണീയമായ നിലപാടാണ്.
''കാര്യമുണ്ടെങ്കില്‍ കണ്‍തുറന്ന് നേരേ നോക്കി
ധൈര്യമായ് സംസാരിക്കാം വേണ്ട ഗൗരവത്തോടെ
ആരെയും ഭയപ്പെടാന്‍ ന്യായമില്ലെന്നോര്‍ക്കണം.
നേരിനു തെറ്റില്ലാത്ത പാതയില്‍ ചരിക്കുകില്‍.''
മേരി ബനീഞ്ഞയുടെ ഈ ആഹ്വാനം ഓരോ പെണ്‍കുട്ടിക്കും സാമൂഹികജീവിതത്തിനുള്ള മാര്‍ഗദര്‍ശകപാഠമാണ്. ഒന്നറിയുക; ദുഷ്ടലാക്കുള്ള പുരുഷന്, അവളുടെ നിശ്ചയദാര്‍ഢ്യമുള്ള കണ്ണുകളെ ഭയമാണ്. സ്ത്രീകള്‍, ഒരുപക്ഷേ, ഏറ്റവുമധികം ഭയപ്പെടുന്നതു പേരുദോഷത്തെയാണെന്നു തോന്നുന്നു. താളത്തിനു തുള്ളാത്തവള്‍ തന്റേടി... അല്പമൊന്നടുത്തിടപഴകിയാലോ? അവള്‍ക്കു കിട്ടും 'അഴിഞ്ഞാട്ടക്കാരി'യെന്ന വിശേഷണം. ആരാണീ പട്ടങ്ങള്‍ പടച്ചുവിടുന്നത്? പുരുഷനും അവന്റെ ശിങ്കിടികളും. അതിനു സ്ത്രീകള്‍തന്നെ കൂട്ടുനില്‍ക്കുമ്പോഴാണ് അവള്‍ ഇടറി വീഴുക. സ്ത്രീ, സ്ത്രീക്കെതിരേ അനാശാസ്യം ആരോപിക്കുകയും വാര്‍ത്തയുണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുമ്പോള്‍ അത് മലര്‍ന്നുകിടന്നു തുപ്പലാണ്; പുരുഷന്റെ കുടിലതയ്ക്കു മെത്ത വിരിക്കലാണ്. അതുകൊണ്ട് പരസ്പരം താങ്ങാകുക. തെറ്റിനെ ചോദ്യം ചെയ്യുക. അവനെപ്പോലെ തലനിവര്‍ന്നു നില്‍ക്കുക. ചാരിത്ര്യശുദ്ധി പുരുഷനുംകൂടിയാണെന്നറിയുക.
പിന്‍സീറ്റ് ഡ്രൈവിങ് ഒഴിവാക്കി ഭര്‍ത്താവിനൊപ്പം കൂടുക. കൃത്യമായി നിലപാടറിയിക്കേണ്ടിടത്ത് 'ചേട്ടനോടു ചോദിക്കട്ടെ' എന്നു പറഞ്ഞൊഴിയേണ്ട കാര്യമില്ല. അയാളില്‍ക്കൂടി സംസാരിക്കേണ്ടതുമില്ല. ഒക്കെ, അവളുടെ 'കുത്തിത്തിരുപ്പാ' എന്ന ദുഷ്‌പേര് ഒടുവില്‍ കിട്ടുകയും ചെയ്യും. ഒരുമിച്ചെടുത്ത തീരുമാനങ്ങളെന്ന് ആള്‍ക്കാര്‍ പറയട്ടെ. ഇല്ലെങ്കില്‍ പറയിപ്പിക്കുക.
അല്പം ക്ഷമയെക്കുറിച്ചുകൂടി... തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. അന്യോന്യം മുറിവേല്പിച്ചിരിക്കാം. 'ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല' എന്നതാണ് ദാമ്പത്യകലഹങ്ങളുടെ അടിസ്ഥാനപ്രമാണം. പുരുഷന്മാര്‍ ക്ഷമിക്കും. സ്ത്രീ ക്ഷമിക്കും; പക്ഷേ, മറക്കില്ല എന്നൊരു ചൊല്ലുണ്ട്. അത് വൈകാരികസംവേദനത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. മറക്കുന്നില്ലെങ്കില്‍ പൊറുതി പൂര്‍ണമാകില്ലല്ലോ. കണക്കുകള്‍ ചാരം മൂടിയ കനലാണ്. ഊതിക്കത്തിച്ചാല്‍, പുരുഷന്റെ ശുഭാപ്തിവിശ്വാസം എന്നേക്കുമായി തകരാം. അതുകൊണ്ടു മറക്കുക. പൊറുക്കുക.
ഒടുവില്‍ സെക്‌സിന്റെ കാര്യത്തില്‍ ഒരു വാക്ക്. ദമ്പതിമാരുടെ മാത്രം സ്വകാര്യതയാണത്. ആരുമുന്‍കൈയെടുക്കുമെന്നു നിശ്ചയിക്കുന്നതിനു മാര്‍ഗരേഖകളൊന്നുമില്ല. പരസ്പരം അറിഞ്ഞു തീരുമാനിക്കുക. വൈകാരിക അടുപ്പം എന്ന ഒ.ടി.പി. സ്വീകരിക്കുന്നതിലാണു കാര്യം.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)