•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

എത്രയെത്ര കാമുകവേഷങ്ങള്‍?

ചില കാമുകന്മാര്‍ തങ്ങള്‍ തുറന്ന പ്രകൃതക്കാരാണെന്നു ഭാവിക്കുന്നു. ഒന്നും മറച്ചുവയ്ക്കാനില്ലത്രേ, ഓപ്പണ്‍ ആണെന്നു തെളിയിക്കാന്‍ അല്ലറചില്ലറ മോശപ്പെട്ട സ്വഭാവങ്ങളൊക്കെ വെളിപ്പെടുത്താം. ഉദാഹരണത്തിന്, ടെന്‍ഷന്‍ വന്നാല്‍ അല്പം സ്‌മോള്‍ കഴിക്കും. പിന്നെ തെറ്റു കണ്ടാല്‍... ഒരു വിട്ടുവീഴ്ചയുമില്ല. ചീത്ത വിളിച്ചിരിക്കും. അവള്‍ക്കിതു പെരുത്തിഷ്ടമാകുന്നു. തന്നോടുള്ള ആത്മാര്‍ത്ഥതയുടെ സത്യവാങ്മൂലമായി ചില്ലിട്ടു സൂക്ഷിക്കുകയും ചെയ്യുന്നു. അതിനൊപ്പം ഒരു കാര്യംകൂടി ഉറപ്പിക്കേണ്ടതുണ്ട്: വിവാഹാനന്തരം ചീത്തവിളിയും മദ്യപാനവും കുടുംബജീവിതത്തെ കുട്ടിച്ചോറാക്കുമോ? പുതിയ 'മോശപ്പെട്ട' കാര്യങ്ങള്‍ വെളിപ്പെടുത്തുമോ?
ഇനിയുള്ളത് പതംപറച്ചിലെന്ന കെണിയാണ്. പെണ്‍കുട്ടിയെ സെന്റിമെന്‍സില്‍ വീഴ്ത്താനുള്ള ശ്രമം. പൗരുഷത്തിന് ഒട്ടും യോജിക്കാത്ത ചാപല്യങ്ങള്‍ കാട്ടിക്കൂട്ടിയേക്കാം. ദുരിതങ്ങള്‍ എണ്ണിപ്പറയുക, ഒരാള്‍ക്കും സ്‌നേഹമില്ലെന്നും എതിരാളികള്‍ നിരന്തരം വേട്ടയാടുന്നെന്നും മറ്റും വിലപിക്കുക - ഇങ്ങനെ പോകും നടനവിദ്യ. ഇവിടെ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഓന്തിന്റെ നിറം മാറിക്കൊണ്ടേയിരിക്കും. ഇവര്‍ വക്രബുദ്ധികളാണെങ്കില്‍ ഇതേ 'ആട്ടം' നടത്തുന്ന വേറൊരു ഗണമുണ്ട്. അവര്‍ക്കു പിഴച്ചുപോകാന്‍ ഒരു ഊന്നുവടി ആവശ്യമാണ്. സഹതാപംകൂടി കിട്ടിയാല്‍ വളരെ നന്ന്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, ഭര്‍ത്തൃസ്ഥാനത്തിന്റെ വില മറന്നും പരാശ്രയത്തിനായി അവര്‍ ഓടിക്കൊണ്ടിരിക്കും. അതില്‍പ്പരം മാനഹാനിയുണ്ടാക്കുന്ന മറ്റെന്താണുള്ളത്?
പ്രേമിച്ചു നടക്കുന്ന കാലത്ത് പെണ്‍കുട്ടിയുടെ സാമ്പത്തികസ്രോതസ്സുകള്‍ ചികഞ്ഞന്വേഷിക്കുന്ന വിരുതന്മാരുണ്ട്. അവര്‍ സ്വപ്നസുന്ദരമായ സ്റ്റാര്‍ട്ടപ്പുകള്‍ വിഭാവനം ചെയ്യും. പക്ഷേ, സ്വന്തമായി നയാപൈസ കാണില്ല. നോട്ടം മുഴുവന്‍ അവളുടെ പഴ്‌സിലായിരിക്കും. പെണ്ണാണോ പണമാണോ അയാള്‍ക്കു വലുതെന്നറിയുക... ഇതുവരെ ഒന്നുമുണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തവന്‍, അവളുടെ സംഭാവനകൊണ്ട് എന്തു നേടുമെന്നു കണ്ടറിയണം.
''ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും നിന്നെ ഞാന്‍ സ്വന്തമാക്കും.'' - ഈ വിപ്ലവവിളംബരം കേട്ട് രോമാഞ്ചമണിയുമ്പോള്‍ ഒരുവട്ടം ചിന്തിക്കുക. സ്വസ്ഥമായ ഒരു കുടുംബജീവിതത്തിന് ഇത്ര ഒച്ചപ്പാടിന്റെ ആവശ്യമെന്താണ്? കുടുംബജീവിതം ആരംഭിച്ചു കഴിഞ്ഞും ഈ സ്വഭാവമുള്ള വ്യക്തി സന്ദര്‍ഭമൊത്തു വന്നാല്‍ പിന്നെയും കലാപക്കൊടി ഉയര്‍ത്തും. ബസില്‍, തീയറ്ററില്‍, ഹോട്ടലില്‍, ഓഫീസില്‍ ഒക്കെ വഴക്കുണ്ടാക്കുകയും ഭാര്യയെ നിര്‍ത്തിപ്പൊരിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടില്ലേ? എനിക്കുവേണ്ടി യുദ്ധമുഖം തുറക്കേണ്ട. സമാധാനം കൊണ്ടുവരൂ.  പറഞ്ഞുനോക്കുക.
''നീയെന്റെ എല്ലാമാണ്.'' - കാമുകന്‍ സ്വയംമറന്നു പറഞ്ഞിട്ടുണ്ടാവാം. ഓര്‍ക്കുക: ഒരാള്‍ക്കും മറ്റൊരാളുടെ എല്ലാമാകാന്‍ സാധിക്കുകയില്ല. മനുഷ്യന്‍ പരിമിതികളുള്ളവനും ബലഹീനനുമാണ്. അത്തരം കാല്പനികതകളെ പ്രോത്സാഹിപ്പിക്കാതിരിക്കുക. അമിതപ്രതീക്ഷ നല്ലതല്ല. അതു മങ്ങുമ്പോള്‍ നിരാശ ഇടം പിടിക്കുന്നു.
മാനസികമായി തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ 'മാസ് എന്‍ട്രി' നടത്തുന്ന കാമുകന്മാരുണ്ട്. അവള്‍ക്ക് ഇത്തരമൊരവസ്ഥ എങ്ങനെ ഉണ്ടായി? ഇത് സ്പഷ്ടമായി വിവേചിച്ചറിയണം. അവള്‍ സങ്കടപ്പെടുന്നതിനും ഒറ്റപ്പെടുന്നതിനും അവളുടെ തെറ്റായ നിലപാടാണോ കാരണമായത്? എങ്കില്‍ അത് തിരുത്തിക്കൊണ്ടായിരിക്കണം അവന്റെ അരങ്ങേറ്റം. മറിച്ച്, അവളുടെ ദുശ്ശാഠ്യത്തിനും അഹന്തയ്ക്കും ഭോഷ്‌കിനും പൂര്‍ണപിന്തുണ നല്കിയും എതിര്‍ചേരിയിലുള്ളവരെ ചെളിവാരിയെറിയാന്‍ സഹായിച്ചുമാണ് കരുക്കള്‍ നീക്കുന്നതെങ്കിലോ? ഉറപ്പായും അവള്‍ ആ ചുമരില്‍ ചാരും. ഒരു ബന്ധം രൂപപ്പെട്ടുതുടങ്ങും. തന്റെ നിക്ഷിപ്തതാത്പര്യങ്ങള്‍  നേടിയെടുക്കാന്‍ അവളുടെ ഉണ്‍മലങ്ങളെ താലോലിക്കുന്ന പ്രവൃത്തിയുടെ അന്ത്യം ഊഹിക്കാവുന്നതേയുള്ളൂ. തിരിച്ചടി നേരിടുമ്പോഴുള്ള കേവലമാനസികപ്രതികരണമായി ഇത്തരം കടുംകൈകളെ കാണാനാവില്ല. അവരില്‍ ഗോപനം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിത്വവൈകല്യങ്ങളോ മുദ്രിതവ്യക്തിത്വങ്ങളോ മാനസികരോഗങ്ങളോ ഇതിനു കാരണമായി സംശയിക്കേണ്ടിയിരിക്കുന്നു.
പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കുവരെ നയിക്കാവുന്ന നീചകൃത്യമാണ് 'സൈബര്‍ബുള്ളിയിങ്.' പ്രേമലഹരിയില്‍ വിവേകം നഷ്ടപ്പെട്ട കാലത്തു ചെയ്തുകൂട്ടിയ കോപ്പിരാട്ടികളുടെ ഫോട്ടോകളും വീഡിയോകളും. തുറുപ്പുചീട്ടു കണക്കെ മുമ്പിലോട്ടു വലിച്ചെറിയുമ്പോള്‍ അവള്‍ തകര്‍ന്നുപോകും. വിലപേശലിന്റെ പ്രേതഗര്‍ജനം നേരിടാന്‍ അവള്‍ക്കായെന്നു വരില്ല.
സ്ത്രീത്വത്തെ തെല്ലും മാനിക്കാത്ത നിരവധി കാഴ്ചപ്പാടുകള്‍ കണ്ടുകഴിഞ്ഞു. രതി, ധനം, പെരുമ, ദാസ്യം, കാര്യസ്ഥവൃത്തി  - ഇത്രമാത്രമാണ് ഇവയുടെ ലക്ഷ്യം. എങ്കില്‍ ഉത്തമനായ ഒരു പുരുഷനെ എങ്ങനെ കണ്ടെത്തും? സങ്കുചിതചിന്ത, സ്വാര്‍ത്ഥത - ഇതൊക്കെ മനുഷ്യസഹജമാണല്ലോ. നിര്‍മലനീലാകാശംപോലെയുള്ള ആണ്‍മനസ്സുകളും പെണ്‍മനസ്സുകളും ഉണ്ടെന്നു വരുമോ?
സ്വത്വങ്ങള്‍ക്കിടയിലെ സമവായമാണ് പ്രണയത്തിന്റെ മാറ്റുരച്ചു നോക്കുന്നത്. തങ്ങളായിരുന്ന ഗോപുരങ്ങള്‍ വിട്ടിറങ്ങി പരസ്പരം നടന്നടുക്കുക, അന്യോന്യം തുറന്ന പാഠപുസ്തകങ്ങളാകുക. ഒടുവില്‍ ആണു പെണ്ണും, പെണ്ണ് ആണുമാകുന്നു. പങ്കാളിയുടെ കുറവുകളെ ഉള്‍ക്കൊള്ളാനും സ്വന്തം മോഹപ്പക്ഷികളെ നിലയ്ക്കുനിര്‍ത്താനും അപ്പോഴാണു സാധിക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)