സ്ത്രീപുരുഷലൈംഗികാഭിമുഖ്യങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. കൗതുകകരമായ ചില കാര്യങ്ങള്‍ ഒന്നു നോക്കാം.ലൈംഗികതയുടെ പരിസരങ്ങളില്‍ എപ്രകാരം പ്രതികരിക്കണമെന്നതിനെക്കുറിച്ചുള്ള മനസ്സിന്റെ മാര്‍ഗരേഖയാണ് ''സ്‌ക്രിപ്റ്റ്.'' ഇത് സാംസ്‌കാരികമായ ഒരുത്പന്നംകൂടിയാണ്. പുരുഷന്റെ സ്‌ക്രിപ്റ്റിനെ നയിക്കുന്നത് രത്യനുഭൂതിതന്നെയാണ്. മതപരമോ സാംസ്‌കാരികമോ ആയ ബ്രാക്കറ്റുകള്‍ക്കു വെളിയില്‍ വരാന്‍ തക്കവിധം സാഹസികനാണയാള്‍.സ്ത്രീയുടെ സ്‌ക്രിപ്റ്റ് രൂപപ്പെടുന്നത് വൈരുധ്യം നിറഞ്ഞ തിരക്കഥകളാലാണ്. വൈകാരികാടുപ്പത്തിനായുള്ള ആര്‍ജവം അതില്‍ ഗോപ്യമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഒരു സ്വയം പ്രതിരോധം അതിനൊപ്പമോ മേലെയോ വര്‍ത്തിക്കുന്നു. സെക്‌സിന്റെ അടയാളപ്പെടുത്തലുകള്‍ അവള്‍ക്കുമേലാണു പതിയുന്നത്. ഗര്‍ഭധാരണം തുടങ്ങി, കുഞ്ഞിനെ വളര്‍ത്തുന്നതുള്‍പ്പെടെയുള്ള വലിയ ഉത്തരവാദിത്വങ്ങളും ബാധ്യതകളും കേവലം ഐന്ദ്രികമായ വഴി തിരഞ്ഞെടുക്കുന്നതില്‍നിന്ന് അവളെ പിന്‍തിരിപ്പിച്ചേക്കാം. സദാചാരത്തിന്റെ ചാട്ടവാര്‍പ്പിണരുകള്‍ അവള്‍ക്കുമേലുണ്ട്. അമ്മയും ചങ്ങാതിമാരും നല്‍കിയിട്ടുള്ള രഹസ്യമുന്നറിയിപ്പുകള്‍ അവള്‍ മറക്കില്ല. വൈകാരികാടുപ്പത്തിലെത്തിക്കാത്ത, നൈമിഷികമായ സ്വാര്‍ത്ഥതയാണോ, തന്നെ സമീപിക്കുന്ന പുരുഷനുള്ളതെന്ന് ന്യായമായും അവള്‍ക്കു സംശയിക്കാം. യഥാര്‍ത്ഥപ്രണയമല്ലെങ്കില്‍ താമസംവിനാ വലിച്ചെറിയപ്പെടാമല്ലോ. അതുകൊണ്ടവള്‍ക്കറിയാം; തന്റെ ലൈംഗികസ്വത്വം വിലയേറിയതുതന്നെയാണെന്ന്. അര്‍ഹിക്കാത്തവര്‍ക്കു വച്ചുനീട്ടാനുള്ളതല്ല അത്. അതുകൊണ്ട് തന്നിലെ ആകര്‍ഷണീയതയുടെ വിഭവങ്ങള്‍, പുരുഷന്റെ മുതല്‍ക്കൂട്ടുകളായ ആത്മാര്‍ത്ഥത, ആര്‍ജവം, വിശ്വസ്തത, പ്രാപ്തി ഇതൊക്കെയുമായി എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലാണ് അവള്‍ സുരക്ഷിതത്വം കാണുക. പുരുഷന്റെ കറയില്ലാത്ത പ്രണയത്തിന് അവള്‍ നല്കുന്ന പ്രതിസമ്മാനമാണ് സെക്‌സ്. അവള്‍ ഭാര്യയും അമ്മയുമാണല്ലോ. സ്വസമൂഹനിര്‍മിതിയുടെ ചീഫ് എഞ്ചിനീയറായി, ആരും നിയോഗിച്ചില്ലെങ്കിലും, അവള്‍ സ്വയം അഭിമാനിതയായി അവരോധിക്കുന്നു. അതുകൊണ്ട് ഉത്തരവാദിത്വലൈംഗികതയ്ക്കു സ്വീകാര്യമാകാത്തതൊക്കെ, പടിക്കുപുറത്താക്കാനുള്ള ശേഷി അവള്‍ക്കുണ്ട്.
സ്ത്രീയുമായി താരതമ്യപ്പെടുത്തിയാല്‍ സെക്ഷ്വല്‍ മോട്ടിവേഷന്‍ പുരുഷനില്‍ കൂടുതലാണെന്നു പഠനങ്ങള്‍ കാണിക്കുന്നു. സ്വയംഭോഗം, കൂടുതല്‍ സെക്‌സ് ചെയ്യാനുള്ള താത്പര്യം, ഒരു പങ്കാളിയില്‍ ഒതുങ്ങിനില്ക്കാനുള്ള വൈമുഖ്യം ഇതെല്ലാം അവനില്‍ ശക്തമാണ്. എന്നാല്‍, അവളുടെ സ്‌ക്രിപ്റ്റില്‍ ഉത്തരവാദിത്വലൈംഗികതയാണ് കുടികൊള്ളുക. ലൈംഗികകുറ്റകൃത്യങ്ങള്‍ അവള്‍ ചെയ്യാറില്ലത്രേ! കുട്ടികളെ ദുരുപയോഗിക്കുക, പാരാഫീലിയയില്‍ ഏര്‍പ്പെടുക തുടങ്ങിയവ സ്ത്രീകളില്‍ തുലോം കുറവായി ഗണിക്കപ്പെടുന്നു.
സ്ത്രീ പുരുഷനില്‍ ശ്രദ്ധിക്കുന്നത്, അയാളുടെ വ്യക്തിത്വ സവിശേഷതകളെയും തന്റെ വൈകാരികസ്പന്ദനങ്ങളെ എപ്രകാരം അനുഭാവപൂര്‍വം സമീപിക്കാന്‍ അയാള്‍ക്കു കഴിയുന്നു എന്നതിനെയുമാണ്. സംഭാഷണങ്ങളില്‍ മറനീക്കിയ പ്രയോഗങ്ങള്‍ കടന്നുവരുന്നത് അയാളെ സംബന്ധിച്ചിടത്തോളം ഉത്തേജകമാകും. എന്നാല്‍, തുറന്ന പദപ്രയോഗങ്ങളും അനാവൃതസാഹിതീബിംബങ്ങളും അവള്‍ സ്വാഗതം ചെയ്യുന്നില്ല. വൈകാരികാടുപ്പമുണ്ടാക്കുന്ന പ്രണയഭൂമിയില്‍ മാത്രമാണ് അവള്‍ അതിനെ തെല്ലെങ്കിലും മാനിക്കുക. പുരുഷന്‍ ഇറോട്ടിക് പ്രസ്താവനകളില്‍ ഉണരുമ്പോള്‍, സ്ത്രീയാകട്ടെ റൊമാന്റിക് സമീപനങ്ങളിലാണ് സന്തോഷം കണ്ടെത്തുക.