വിവാഹപൂര്‍വബന്ധത്തെ പ്രണയത്തിന്റെ യഥാര്‍ത്ഥ മാനത്തില്‍ത്തന്നെ ഒരു പെണ്‍കുട്ടി കാണുന്നു എന്നിരിക്കട്ടെ, അവളുടെ ബോധ-ഉപബോധ-അബോധങ്ങള്‍വരെയും അനുരാഗമഴ പെയ്തിറങ്ങിയിട്ടുണ്ടാകും. സ്വത്വത്തില്‍ ഒപ്പുവച്ചു എന്നര്‍ത്ഥം. എന്നാല്‍, പിന്നീട് അവള്‍ കാമുകനാല്‍ തിരസ്‌കൃതയാകുന്നുവെങ്കിലോ, അതവള്‍ക്കു തീരാത്ത നൊമ്പരമായി മാറും. പൊക്കിള്‍ക്കൊടി വേര്‍പെട്ട, നിസ്സഹായാവസ്ഥയായിരിക്കുമവള്‍ക്ക്. കുറെക്കാലത്തിനു ശേഷം, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍കൊണ്ടും മറ്റും മറ്റൊരു വിവാഹബന്ധത്തിലേക്കു വരാം. അന്നും അവളുടെ ചുമലില്‍ ''വൈകാരികസംതുലനത്തിന്റെ'' ഒരു മാറാപ്പ് കണ്ടേക്കാം. ദേഷ്യം, നിരാശ, വഞ്ചനയുടെ ഓര്‍മകള്‍, അവശിഷ്ടസ്‌നേഹം (residual love) ഇതൊക്കെ അതില്‍ കുത്തിനിറച്ചിട്ടുണ്ടാകും. ഓളപ്പാത്തികളില്ലാത്ത, ഒരു നീലജലാശയമാകുമോ അവളുടെ ജീവിതം?
ഇനി സ്വത്വസമര്‍പ്പണം നടത്തിയ പുരുഷനാണു തഴയപ്പെടുന്നതെങ്കിലോ? അയാളുടെ സ്ഥിതിയും ഇതൊക്കെത്തന്നെയായിരിക്കും. അവള്‍ക്കു തക്കതായ ന്യായീകരണങ്ങള്‍ ഇല്ല എന്നര്‍ത്ഥമില്ല. മിടുക്കു തെളിയിക്കാനുള്ള 'പ്രൊബേഷന്‍' കാലമാണ് അവനു കൊടുത്തത്. തന്റെ ജീവിതപങ്കാളിയാകാനുള്ള 'യോഗ്യത' തെളിയിക്കാനായില്ല. അതുകൊണ്ട് പ്രൊപ്പോസല്‍ തള്ളി. 'അനുവാദമില്ലാതെ അകത്തു വന്നു, നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു' എന്നൊക്കെ അവന്‍ പറയുന്നതാണ്; ഞാനറിഞ്ഞിട്ടില്ല. വിവാഹാര്‍ഭ്യര്‍ത്ഥനകള്‍ നിരസിക്കപ്പെടുന്നതിന്റെ ഒരു സാധാരണ പരിസരമാണിത്. താത്കാലികബന്ധങ്ങള്‍ നിലനിറുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വേറെയും ഉദ്ദേശ്യങ്ങളുണ്ടാകാം. പ്രത്യേക സാഹചര്യങ്ങളില്‍ ഒരു സപ്പോര്‍ട്ട്, പോര്‍മുഖത്ത് ഒരു മറ, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള ഒരു കരുതല്‍നിധി - ഇങ്ങനെ പലതുമുണ്ടാകാം. അവന്റെ ഇംഗിതങ്ങള്‍ ഏതറ്റംവരെയും സാധിച്ചുകൊടുത്തെന്നുമിരിക്കാം. പക്ഷേ, ഒന്നുറപ്പാണ്; തന്റെ സ്വത്വത്തില്‍ ഒരു വാഗ്ദാനവും അവള്‍ എഴുതിച്ചേര്‍ത്തിട്ടില്ല; നല്‍കിയിട്ടുമില്ല.
ഈയൊരു സ്ഥിതിവിശേഷം, കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണെന്നു മറക്കാതിരിക്കണം. പ്രണയപ്പക അതിന്റെ സകലഭീഷണതയോടുംകൂടി മറനീക്കി പുറത്തുവരാം. ''വേറൊരുത്തന്റെ കൂടെപ്പോയി സുഖിക്കുന്നതെന്നു കാണട്ടെ.'' ഇതൊരു കൊലവിളിയാണ്. നിഷ്‌കരുണം അവളുടെ കഥ കഴിക്കുകയോ നിത്യവിരൂപത്വത്തിലേക്കു തള്ളിവിടുകയോ ചെയ്യുകയാണ് അടുത്ത ക്രൂരത! വേറേ ചിലര്‍ കാമുകിയെ ഇല്ലാതാക്കുന്നതോടൊപ്പം സ്വന്തം ജീവന്‍കൂടി എടുക്കുന്നു!
കാമുകിയെ നശിപ്പിക്കുന്നതിനു പിന്നില്‍ കടുത്ത അസൂയയും പ്രതികാരചിന്തയും ഈഗോയ്‌ക്കേറ്റ മുറിവുമൊക്കെ കാരണമാകാം. എന്നാല്‍, ഇരട്ടക്കൊലപാതകത്തിന് ഈ വിശദീകരണം തൃപ്തികരമല്ല. മുദ്രിതവ്യക്തിത്വത്തിന്റെ ശക്തമായ സ്വാധീനമോ വ്യക്തിത്വവൈകല്യമോ മനോരോഗങ്ങള്‍തന്നെയോ അയാളെ ഇത്തരം ഹീനകൃത്യത്തിനു പ്രേരിപ്പിച്ചിരിക്കാം. ഇക്കൂട്ടരില്‍ പലരും 'ഓവര്‍പൊസസിവാ'യി കാണപ്പെടുന്നു. തന്നോടല്ലാതെ മറ്റൊരാളോടു കാമുകി ഇടപെടുന്നതോ സംസാരിക്കുന്നതു പോലുമോ താങ്ങാനാവുന്നില്ല.
ആദ്യകാലത്ത് വലിയൊരു അംഗീകാരമായി അവള്‍ അതിനെ കണ്ടിരുന്നു. പിന്നീടാകട്ടെ, അത് ശ്വാസം മുട്ടിക്കുന്ന അനുഭവമായി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നോ പറഞ്ഞു. സ്വത്വം അവള്‍ക്കു തീറെഴുതിക്കൊടുത്തവനു പിന്നെ പിടിവള്ളിയില്ലല്ലോ. അവളെക്കൂടാതെ ഞാനില്ല എന്നെക്കൂടാതെ അവളും വേണ്ട - ഇതാണ് കുറ്റപത്രം.
കൗമാര-യൗവനങ്ങളുടെ കാല്പനികതയില്‍ നീരാളിപ്പിടിത്തമിടാവുന്ന ഒന്നാണ് 'താരാരാധന.' താരം ആരുമാകാം; എന്തുമാകാം. ബലഹീനതയില്‍ ദമനം ചെയ്യപ്പെട്ട ആവേഗങ്ങള്‍ ആരില്‍ക്കൂടി അല്ലെങ്കില്‍ എന്തില്‍ക്കൂടി നിര്‍ഭയം പ്രസരിപ്പിക്കപ്പെടുന്നുവോ അത് താരബിംബമാണ്. മോഹഭംഗങ്ങളുടെ നിവൃത്തിയും ഇപ്രകാരമാകുന്നു. ഇതൊക്കെ ചടുലമായ താരമാനങ്ങളാണ്. വിഷാദതാരങ്ങളും കുറവല്ല. നമ്മുടെ അസ്തിത്വദുഃഖത്തോടു സഹാനുഭൂതിയുള്ള അഴലാരണ്യത്തിലെ കുടിപ്പാര്‍പ്പുകാരാണവര്‍.
ഇവരുടെ 'ഫാനായി' മാറുന്നത് എപ്പോഴും ബോധപൂര്‍വകമായ ഒരു പ്രക്രിയയാകണമെന്നില്ല. എന്നാല്‍, അവര്‍ക്ക് നാം ഒരു ഇരയാകാനും പാടില്ല. കഥയും പാത്രങ്ങളും സര്‍ഗോപാസകരും വീരന്മാരുമെല്ലാം അടങ്ങുന്നതാണ് താരപ്രപഞ്ചം. പ്രതിരോധങ്ങളൊന്നുമില്ലാതെ, അവര്‍ സ്വത്വങ്ങളെ കൈയടക്കാം. ആശയത്തിന്റെ പ്രതിലോമസ്തംഭങ്ങള്‍ സ്ഥാപിക്കാനും ചൂഷണത്തിലൂടെ വിലപ്പെട്ടവ കവര്‍ന്നെടുക്കാനുമുള്ള അജണ്ടകളെ കരുതിയിരിക്കുക.
പ്രണയത്തിലേക്കു ലഹരി കടന്നുവരുന്നത് രണ്ടു വിധത്തിലാണ്. ലഹരിക്കടിപ്പെട്ടവന്‍ പ്രണയത്തിലേക്കു വരുന്നു. അല്ലെങ്കില്‍ പ്രണയിച്ചു തുടങ്ങിയശേഷം അതിനു വഴിപ്പെടുന്നു. രണ്ടെണ്ണമടിച്ചിട്ട് അവളെ ഫോണ്‍ വിളിക്കാം എന്നൊക്കെ പറയുന്നവരുണ്ടല്ലോ. ഭാവിജീവിതം തകര്‍ച്ചയിലേക്കാണ് എന്നുറപ്പിച്ചു പറയാന്‍ മടിക്കേണ്ട. ആ ദാമ്പത്യവല്ലരി പൂചൂടുകയോ ഫലദായകമാകുകയോ ചെയ്യുന്നില്ല. കാലക്രമേണ, മൂല്യബോധം കുറ്റബോധത്തിനും സ്വത്വാപചയത്തിനും വഴിമാറുന്നു.
പെണ്‍കുട്ടി ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതില്‍ ഗൂഢാര്‍ത്ഥങ്ങള്‍ ചികയുന്ന അപൂര്‍വം പുരുഷന്മാരെങ്കിലുമുണ്ട്. ചിലരതിനെ പ്രേമത്തിന്റെ കണ്ണിലൂടെ വ്യാഖ്യാനിക്കാനിഷ്ടപ്പെടുന്നു. സ്ത്രീ സമൂഹജീവിയാണെന്ന കാര്യംപോലും അവര്‍ മറക്കുകയാണ്. അവര്‍ക്കില്ലേ ചിരിക്കാനും സംസാരിക്കാനുമുള്ള അവകാശം? ഒരു സ്ത്രീ പുരുഷനെ കുറച്ചുനേരം നോക്കിനിന്നാല്‍, അതില്‍ കോരിത്തരിക്കാനെന്തിരിക്കുന്നു? അവള്‍ക്കുമുണ്ട് നിരീക്ഷണത്തിനും ധാരണകള്‍ രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യം.
അതുകൊണ്ട് അന്ധമായി, ഏകപക്ഷീയമായി ഉണ്ടാകുന്ന ചില തോന്നലുകളല്ല പ്രണയം. അത്തരക്കാര്‍ 'പ്രണയനിരാസ'ത്തെ അടുത്തറിയുന്നതോടെ സ്ത്രീവിരുദ്ധചിന്താഗതികളാല്‍ നയിക്കപ്പെടാനാണു സാധ്യത.