പ്രണയപാഠാവലി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍, സമീപകാലത്തിറങ്ങിയ ചില സിനിമകളില്‍ തൊട്ടറിയാന്‍ കഴിയും. അവയെപ്പറ്റിക്കൂടി പരാമര്‍ശിക്കുന്നത് അഭികാമ്യമായിരിക്കുമെന്നു കരുതുന്നു.
''ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'' മുന്നോട്ടു വയ്ക്കുന്നത് ശരാശരി പുരുഷമനസ്സിന്റെ സ്വാര്‍ത്ഥകേന്ദ്രീകൃത ഭോഗ-ഭോജന-ഭക്തി പ്രവണതകളാണ്. അവന്റെ ഉടലില്‍ എപ്പോഴും ഈ മുക്കൂട്ട് മണക്കുന്നുണ്ട്. വാസ്തവത്തില്‍ അതൊന്നും തിരസ്‌കരിക്കപ്പെടേണ്ടവയല്ല. എന്നാല്‍, ദമ്പതിമാര്‍ ഒന്നായി, ഒരുമിച്ചു നുകരേണ്ട ദിവ്യചോദനകളായിരിക്കേ, അവന്‍ അവളെ അവഗണിക്കുന്നു എന്നതാണ് പ്രശ്‌നം. ഈ ചിത്രത്തിലെ കിടപ്പറരംഗങ്ങള്‍ കാണുന്ന ഒരാളിലും കാമവികാരമുണ്ടാകുമെന്നു തോന്നുന്നില്ല. ഉള്ളുനീറുന്ന, മനംപിരട്ടലുണ്ടാക്കുന്ന അനുഭവമായിരിക്കുമത്! പിന്നീടൊരിക്കല്‍ ഭാര്യ പറയുന്നുണ്ട് - തനിക്കിതു വേദനയുണ്ടാക്കുന്നു എന്ന്. തുടര്‍ന്ന് അവള്‍ യാചിക്കുന്നു - അല്പം ഫോര്‍പ്ലേ ആവരുതോ? അതയാള്‍ക്കു കൊണ്ടു. രതിയില്‍ എന്തൊക്കെയാകാമെന്ന് അവന്‍ തീരുമാനിക്കും. അവളുടെ താത്പര്യത്തിനു ചെവികൊടുത്താല്‍ 'ധ്വജഭംഗം'വരെ സംഭവിക്കാം. അതായത്, അവനു വേണ്ടത് ബൊമ്മകളെയാണ്.
ഊട്ടുമുറിയില്‍ അഴുക്കും മെഴുക്കും പുരണ്ട് കൈയിലെച്ചിലുമായി നില്‍ക്കുമ്പോള്‍ അവന്‍ 'കിസ്' ചോദിക്കുന്നു. അതിലവനു പ്രണയമൊന്നുമില്ല. അതു വ്യക്തമായി അറിയാവുന്നതുകൊണ്ട് അവള്‍ നിരാകരിക്കുന്നു, 'ആകെ ചേറാ ചേട്ടാ'. പക്ഷേ, അവന്‍ ബലമായി ഉദ്ദേശിച്ചതു നേടി. ആ ചുംബനം അവളുടെ സ്വത്വത്തില്‍ പതിയുന്ന പ്രണയമുദ്രയല്ല. മാംസത്തിലാഴ്ന്നിറങ്ങിയ സ്വാര്‍ത്ഥതയുടെ, മേധാവിത്വത്തിന്റെ കഠാരമുനയാണ്.
കുഞ്ഞുങ്ങള്‍ മുലകുടിമാറി മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും കഴിച്ചു തുടങ്ങുന്നതിന് വീനിങ് എന്നു പറയും. 'കെട്ട്യോളാണ് മാലാഖ' എന്ന ചിത്രത്തിലെ സ്ലീവാച്ചന്‍ വലിപ്പംവച്ചുവെങ്കിലും മനസ്സുകൊണ്ട് ഇനിയും മുലകുടി നിര്‍ത്തിയിട്ടില്ല. ഇങ്ങനെയുള്ളവര്‍ക്ക് ദാമ്പത്യജീവിതവും സെക്‌സും വലിയ കീറാമുട്ടികളാണ്. അമ്മയുടെ ചക്കരക്കുട്ടനായി കഴിഞ്ഞുപോകാനായിരിക്കും താത്പര്യം. തള്ളക്കോഴി ഒരു പ്രായമെത്തുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ കൊത്തിത്തിരിക്കുന്നു. സ്വതന്ത്രരായി, സ്വാശ്രയബോധത്തില്‍ വളര്‍ന്നുവരാന്‍വേണ്ടിയാണത്. അമ്മമാരും ഇപ്രകാരമുള്ള സോഷ്യല്‍ വീനിങ് (ടീരശമഹ ംലമിശിഴ) നടത്തുന്നതില്‍ ഒട്ടും അമാന്തിക്കരുത്. ചില പ്രത്യേകസാഹചര്യങ്ങള്‍ അവരെ ഇതില്‍നിന്നു പിന്‍തിരിപ്പിക്കാറുണ്ട്. ഒറ്റമകന്‍, ഇളയമകന്‍, വൈധവ്യം, ഭര്‍ത്താവിന്റെ കടുത്ത അവഗണന ഇതൊക്കെ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. പക്ഷേ, ഒരു കാര്യം അനിഷേധ്യമായിത്തന്നെ നില്‍ക്കും. പെണ്‍കുട്ടിക്കൊപ്പം മാന്യമായി കഴിയാനുള്ള ദിശാബോധം നല്‍കുന്നില്ലെങ്കില്‍ മകന്റെ ജീവിതം തകര്‍ന്നിരിക്കും. വിവേകം വൈകി ഉദിച്ചതുകൊണ്ടും പ്രയോജനം കിട്ടണമെന്നില്ല.
2017 ല്‍ റിലീസായ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' പ്രണയദളങ്ങള്‍കൊണ്ടു തീര്‍ത്ത ഒരു പൂക്കളമായിരുന്നു. ഉലഹന്നാന്‍ എല്ലാംകൊണ്ടും ഒരു ഭാഗ്യവാനാണെന്നേ നമുക്കു തോന്നൂ. നിലയും വിലയുമുള്ള ജോലി, സുന്ദരിയായ ഭാര്യ, മക്കള്‍ - എന്നിട്ടും അയാള്‍ക്കു ബോറടിയാണ്. ആ ശൂന്യത നിറയ്ക്കുന്നത് മദ്യമാണ്. അവിശ്വസ്തതയുടെ കനികള്‍കണ്ട് അയാള്‍ മയങ്ങുന്നു. സത്യത്തില്‍ അയാള്‍ക്കെന്താണു പറ്റിയത്? അയാള്‍ക്കെന്നല്ല, നമുക്കോരോരുത്തര്‍ക്കും സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ട്രാജഡിയാണത്. ആവശ്യം (ിലലറ) അതിമോഹത്തിലേക്കു (ഴൃലലറ) കുതിക്കുന്നു. അതിന്റെ അന്ത്യമോ? കത്തിയുയരുന്ന വാണംപോലെ അങ്ങുയരത്തിലെത്തി, പൊട്ടിവിടര്‍ന്ന്, നയനമനോഹരമായ വര്‍ണപ്രപഞ്ചം വാരിവിതറുന്നു. പിന്നെ, താഴേക്കു ചാരമായി വന്നുവീണ്, ഒന്നുമില്ലാതായിത്തീരുന്നു.... നന്ദികേടല്ലേ ഇതിന്റെയൊക്കെ മൂലകാരണമെന്നു ചിന്തിച്ചുപോകും. എന്തുമാത്രം സമൃദ്ധിയും സൗന്ദര്യവുമാണ് കനിഞ്ഞുനല്‍കിയിരിക്കുന്നത്? എന്നിട്ടും വിരസത മാത്രം.
ഉലഹന്നാനും പഴയ കാമുകിയും 'എക്‌സൈറ്റഡ്' ആകാതെ ബദ്ധപ്പെടുകയായിരുന്നു. പണ്ടെന്നോ കൊളുത്തിയ മോഹക്കാഴ്ച കണികാണാനുള്ള തൃഷ്ണ ബാക്കി നില്‍ക്കുന്നുവെങ്കില്‍, ഉള്ള സൗഭാഗ്യംകൂടി കണ്ടറിയാന്‍ സാധിക്കുമെന്നു കരുതുകയേ വേണ്ട. എന്നാല്‍, അപകടം മണത്തപ്പോള്‍ അയാള്‍ക്കു തിരിച്ചറിവ് വന്നുതുടങ്ങി. (ജൂലി അനേകര്‍ക്കുവേണ്ടി വീതിക്കപ്പെടുന്ന വിഷക്കനിയാണെന്ന്). ഒപ്പം ആകസ്മികതയുടെയോ യാദൃച്ഛികതയുടെയോ രൂപത്തില്‍ സത്യം പ്രവര്‍ത്തിച്ചും തുടങ്ങി. (ആനിയമ്മയുമായുള്ള ഫോണ്‍ സംഭാഷണം). അവിടന്നങ്ങോട്ട് നന്ദികേടില്ലാത്ത ഹൃദയമാണ് ആത്മീയതയുടെ വിളഭൂമിയെന്നയാള്‍ അറിയുകയായിരുന്നു.
'തനിച്ചാനന്ദം' എന്ന പൂര്‍വജീവിതത്തിലെ അഭിശപ്തകര്‍മം അയാളെ വിട്ടുമാറിത്തുടങ്ങുന്നു. മദ്യം ഒഴിവാക്കാന്‍ വലിയ പ്രയത്‌നമൊന്നും വേണ്ടിവരുന്നില്ല. തൊഴിലിടത്തില്‍ സത്യത്തിനുവേണ്ടി നിലകൊള്ളാന്‍ അയാള്‍ക്കു പുതിയ ഊര്‍ജം ലഭിക്കുന്നു. ഭാര്യയെ ശല്യം ചെയ്തവര്‍ക്കെതിരേ കരുതലിന്റെ കരം വീശുന്നു. അവധിയെടുത്ത് അവള്‍ക്കു സാമീപ്യമാകുന്നു. തന്റെ ഭാര്യ സുന്ദരിയാണെന്നംഗീകരിക്കാന്‍ യാതൊരു വൈമുഖ്യവുമുണ്ടാകുന്നില്ല. അയാളുടെ വിശ്വസ്തത ആനിയമ്മയില്‍ മാത്രമായി ഒതുങ്ങുന്നില്ല. കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിലേക്കുവരെ അതിനു വേരോട്ടമുണ്ടാകുന്നു. ഓഫീസില്‍ 'ശൃംഗാരശല്യം' നടത്തുന്ന സഹപ്രവര്‍ത്തകരെ വരച്ച വരയില്‍ നിറുത്തുന്ന ഉലഹന്നാനെക്കണ്ട് അദ്ഭുതപ്പെടുന്നു പ്രേക്ഷകര്‍.
തന്റെ ജീവിതത്തില്‍ പ്രാപ്പിടിയനെപ്പോലെ കടന്നുവന്നവനെ തള്ളിക്കളയാന്‍ ജിനിക്കു കരുത്തേകിയത് ഉലഹന്നാനും ആനിയമ്മയും പകര്‍ന്നുനല്‍കിയ പ്രണയപാഠങ്ങളായിരുന്നു. വിശ്വസ്തത കാലാതിവര്‍ത്തിയായ സംരക്ഷണദുര്‍ഗമാണെന്ന് അവള്‍ക്കൊപ്പം നാമും തിരിച്ചറിയുന്നു.
ഭര്‍ത്താവിന്റെ സ്‌നേഹമാണ് ഭാര്യയുടെ സൗന്ദര്യമെന്നു വിളിച്ചുപറഞ്ഞ ആനിയമ്മയ്ക്കുമുന്നില്‍, ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ഉലഹന്നാന്‍ മിഴിച്ചിരുന്നിരിക്കാം.
എന്റെ പപ്പയെപ്പോലെ അവനു സ്‌നേഹിക്കാനറിയില്ലെന്നു പ്രഖ്യാപിക്കുന്ന ജിനിയുടെ സാക്ഷ്യം, നാളെ നമ്മുടെ മക്കളും നമുക്കുവേണ്ടി നല്‍കണം.
കുടുംബങ്ങളില്‍ കരുണയും കരുതലും അംഗീകാരവും വിശ്വസ്തതയും സാമീപ്യവും ഇതള്‍ വിരിക്കട്ടെ... പ്രണയം സൗരഭ്യം പൊഴിക്കട്ടെ.