കൗമാരത്തിലേക്കു കാലെടുത്തുവയ്ക്കുന്ന കുട്ടി തന്നില്‍ നാമ്പിടുന്ന പുതുലോകങ്ങളെക്കണ്ടു വിസ്മയിക്കുന്നു. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങിയ, അച്ഛന്റെ കൈപിടിച്ചു നടന്ന ആളായിരുന്നു ഇന്നലെവരെ. ഇപ്പോള്‍ മറ്റൊരാളെ സ്വന്തമാക്കാനും ഒരുമിച്ചിരിക്കാനും ഒരു ചോദന! മനോരാജ്യംകാണല്‍ പതിവായിരിക്കുന്നു. ഒരു നോക്കു കാണാന്‍ വൈകിയാല്‍ നെഞ്ചില്‍ ഭാരം. യുക്തിസഹമല്ലെന്നറിഞ്ഞിട്ടും, അവനോ/അവള്‍ക്കോവേണ്ടി ആരോടൊക്കെയോ വാദിക്കാന്‍ വെമ്പുന്നു. എല്ലാം സ്വാഭാവികം. മനുഷ്യന്‍ തന്റെ ജീവിതദശാസന്ധികളെ വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്നു; അത്രമാത്രം. ചില വെല്ലുവിളികള്‍കൂടി ഉയരുന്നുണ്ട് ഈ കാലഘട്ടത്തില്‍. വ്യക്തമായ ഉള്‍ക്കാഴ്ച അതിനെയൊക്കെ തരണം ചെയ്യാന്‍ ആവശ്യമുണ്ട്.
ശാരീരികവും വൈകാരികവുമായ ഊര്‍ജസ്വലത എടുത്തുചാട്ടങ്ങളുടെ ഒരു പരമ്പരതന്നെ സൃഷ്ടിക്കാം. വൈകാരികപക്വത അനിവാര്യമായി വരുന്ന സമയമാണിത്. മാതാപിതാക്കളായിരിക്കണം ആദ്യത്തെ റോള്‍മോഡല്‍. വൈകാരികപക്വതയിലധിഷ്ഠിതമായ അവബോധങ്ങള്‍ മക്കളെ ശക്തീകരിക്കും. ശരിതെറ്റുകളെക്കുറിച്ച് അവര്‍ നല്‍കുന്ന ദിശാബോധം അനിശ്ചിതത്വത്തില്‍പ്പെടാതെ കാത്തുകൊള്ളുകയും ചെയ്യും.
ഇങ്ങനെ ഉദ്ഭവംകൊള്ളുന്ന മൂല്യാഭിമുഖ്യം, വൈകാരികതയുടെ കുതിരവേഗങ്ങളെ ജീനിയിട്ടു നിയന്ത്രിക്കാന്‍ കെല്പുള്ളതാണ്. നല്ല കരിയറും മനഃസാക്ഷി നൊമ്പരപ്പെടുത്താത്ത കുടുംബജീവിതവും ഇതുറപ്പുനല്‍കുന്നു.
എടുത്തുചാട്ടം ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ക്ക് കൈയും കണക്കുമില്ല. നിരങ്കുശമായ പ്രേമം! അവള്‍ക്ക് അവനും, അവന് അവളും മാത്രമേയുള്ളൂവെന്നാണ് ചിന്ത. ആര്‍ക്കുവേണം ഉപദേശം? എതിര്‍പ്പുകള്‍ക്കു പുല്ലുവില... തുടര്‍ന്നുണ്ടാകാവുന്ന കഥാപരിണതികള്‍, അതിന്റെ വൈവിധ്യത്തോടെ എത്രവേണമെങ്കിലും പറയാന്‍ കഴിയും. ആലോചനയില്ലാത്ത, ഝടുതിപൂണ്ട ഇത്തരം നടപടികള്‍ ദുഃഖപര്യവസായിയായിത്തീരുന്നു. ഒരു പ്രധാന കാര്യം തിരിച്ചറിയണം. നിനക്ക്, അവളും അവള്‍ക്കു നീയും മാത്രം എന്നതു കേവലം മിഥ്യയാണ്. നിങ്ങളിരുവര്‍ക്കും കുടുംബബന്ധങ്ങള്‍, മിത്രങ്ങള്‍, സാമൂഹികഅടുപ്പങ്ങള്‍ - ഇതെല്ലാം ഒഴിച്ചുകൂടാനാവാത്തതാണ്. സാമൂഹികമാനത്തെ ഉള്‍ക്കൊള്ളാതെ കുടുംബജീവിതം വിജയിക്കുന്നില്ല. വളര്‍ന്ന വീടിനോടും സമൂഹത്തോടും പ്രതിബദ്ധത വേണം. അതിന് അവശ്യം വേണ്ട ഘടകം വൈകാരികപക്വതയാണ്. പ്രായവും അനുഭവവും ഉപദേശവും വിദ്യാഭ്യാസവുമൊക്കെ അതിലേക്കു നയിക്കുന്നു. വിവേകത്തിന്റെ അടിസ്ഥാനശിലതന്നെ വൈകാരികപക്വതയാണ്.
ലൈംഗികധാര്‍മികത എന്നും വിവാദവിഷയമാണ്. ആപേക്ഷികത അതിനു ഗരിമ കല്പിക്കുന്നെന്നും വ്യക്തിസ്വാതന്ത്ര്യം അതിന്റെ വിധികര്‍ത്താവാകുന്നുവെന്നും പറയപ്പെടുന്നു. പോകപ്പോകെ, ഭര്‍ത്താവിന് ആര്‍ക്കൊപ്പം വേണമെങ്കിലും പോകാമെന്നു ഭാര്യ സമ്മതം മൂളേണ്ട സ്ഥിതിവരുമോ? അതേപോലെ മറിച്ചും? പ്രണയമില്ലാത്തതുകൊണ്ട് അദ്വൈതം നിഷേധിക്കപ്പെടുന്നു. നഷ്ടപ്രണയം, മൃഗകാമനകള്‍ക്കിടം നല്‍കും.
ഒരല്പം പിന്നോട്ടു പോകാം, പൊയ്‌പോയ കാലത്തിന്റെ ധന്യസ്മൃതികളിലേക്ക്. യാഥാര്‍ത്ഥ്യത്തിലോ, കാല്പനികതയിലോ ആദ്യാനുരാഗം അങ്കുരിച്ച നാളുകള്‍... ഓര്‍മയില്ലേ? വിവേകരഹിതമാണെങ്കില്‍ക്കൂടി, ആ ബന്ധം പവിത്രമായിരിക്കണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. അവിടെ വേറൊരാളെ സങ്കല്പിക്കാന്‍ സാധിക്കുമായിരുന്നോ? മാംസനിബദ്ധഭാവനകള്‍ പടിക്കു പുറത്തല്ലായിരുന്നോ? എന്നാല്‍, കാലപ്രവാഹത്തില്‍ പിന്നീടങ്ങോട്ടു സംഭവിച്ചതൊക്കെ വിധി വൈപരീത്യമായിരുന്നു. ശരിയായ ലൈംഗിക, ലിംഗവിദ്യാഭ്യാസത്തിന്റെ വിത്തുകള്‍ വിതറേണ്ടിടത്ത്, രതിയുടെ വികൃതവാഴ്ചകള്‍ സ്ഥാനം പിടിച്ചു. വായിക്കപ്പെട്ടതും കാണപ്പെട്ടതും കേള്‍ക്കപ്പെട്ടതുമൊക്കെ അതിനു മുഖാന്തരമായി. ഉപഭോഗസംസ്‌കാരം വേണ്ട വെള്ളവും വളവും നല്‍കിക്കൊണ്ടേയിരുന്നു. വിശുദ്ധപ്രണയങ്ങള്‍ക്കുമേല്‍ മൃഗതൃഷ്ണകള്‍ നിഴല്‍വീഴ്ത്തി. അന്തശ്‌ചോദനകളും പരിസരങ്ങള്‍ വിതാനിച്ച കുതൂഹലങ്ങളും പായ്ക്കപ്പല്‍ കണക്കെ പലയിടങ്ങളില്‍ അവനെ പറത്തിവിട്ടു. ഒടുവില്‍ വിവാഹജീവിതത്തില്‍ എത്തിയപ്പോള്‍ വയ്യാത്ത തിക്കുമുട്ടല്‍... സ്‌നേഹിക്കാനാവുന്നില്ല, സ്‌നേഹം കണ്ടെത്താന്‍ കഴിയുന്നില്ല. കുറ്റങ്ങളും കുറവുകളും മാത്രം. പ്രജ്ഞയില്‍ മരവിപ്പായി വിരസത അലിഞ്ഞിറങ്ങുന്നു.
വിവാഹപൂര്‍വലൈംഗികത (ുൃല ാമൃശമേഹ ലെഃ) പുരുഷനെ സംബന്ധിച്ചിടത്തോളം പഠനപ്രക്രിയയുടെ ഭാഗമൊന്നുമല്ല. മുഖ്യലക്ഷ്യം വിലക്കുകളില്ലാത്ത വിഷയസുഖംതന്നെയാണ്. അതുകൊണ്ട്, ഉത്തരവാദിത്വലൈംഗികത അയാളുടെ പരിഗണനയില്‍ വരണമെന്നില്ല. കൂട്ടുകാരിയെ വശംവദയാക്കാന്‍ വ്യാജമായതൊക്കെ പറയാം. അതയാള്‍ക്കു ബാധ്യതയില്ലാത്ത ഇടപാടാണ്. കുറച്ചുകഴിയുമ്പോള്‍, അടുത്ത പുഷ്പവാടി തേടാമല്ലോ. ഇവിടെ കുറ്റബോധം അയാളെ പിടികൂടുന്നില്ല. സ്വത്വത്തിന്റെ സമ്പൂര്‍ണസമര്‍പ്പണം നടത്തിയിട്ടില്ലാത്തതുകൊണ്ടാണത്. അവള്‍ക്കങ്ങനെ തോന്നിയാല്‍ അതവന്റെ മിടുക്ക്.
ഇതേ പുരുഷന്‍ വിവാഹജീവിതത്തില്‍ പ്രവേശിക്കുമ്പോള്‍ ചിത്രമാകെ മാറും. ഉത്തരവാദിത്വലൈംഗികതയുടെ കാര്യത്തില്‍ അവനു മുട്ടിടിക്കും. അവിശ്വസ്തതയുടെ നിഴലുകള്‍ അവനുമേല്‍ എപ്പോഴും കാണും. ഭാര്യയില്‍ ഒതുങ്ങിനിന്നു സന്തോഷിക്കാനാവാത്ത അവസ്ഥ. വേലി ചാടാന്‍ അവനൊരു മടിയുമില്ല. അതിന്റെ 'ടീത്തിങ് ട്രബിള്‍സ്' ഒക്കെ എന്നേ മാറിക്കഴിഞ്ഞു!
(തുടരും)