•  5 Dec 2024
  •  ദീപം 57
  •  നാളം 39
പ്രണയ പാഠാവലി

ചതിക്കുഴികളില്‍ വീണുതാഴുന്നവര്‍

രിയെന്നു വിശ്വസിച്ചു ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്നറിയുമ്പോഴാണല്ലോ, ''ചതി'' വെളിപ്പെടുന്നത്. വിവാഹപൂര്‍വപ്രണയത്തിലും വിവാഹാനന്തരവും ചില ചതിക്കുഴികള്‍ പതിയിരുപ്പുണ്ടെന്നറിയണം. മിക്കപ്പോഴും സ്ത്രീയാണ് ഇര എന്നതായിരിക്കും പൊതുബോധം. ഇത് കേവലം അര്‍ദ്ധസത്യം മാത്രമാണ്. പുരുഷനും നിരവധി തിക്താനുഭവങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ, അതിനു കാരണം എന്റെ പ്രണയാവബോധത്തില്‍ കയറിക്കൂടിയ പിശകുകളാണെന്നും അവ തന്നെ കബളിപ്പിക്കുകയായിരുന്നെന്നും കക്ഷി സമ്മതിക്കണമെന്നില്ല. ഒക്കെ, അവളുടെ മേല്‍ ചുമത്താനായിരിക്കും തിടുക്കം. അതുകൊണ്ട് തനിക്കുതന്നെ വിനയായേക്കാവുന്ന ധാരണാവൈകല്യങ്ങളെ കണ്ടെത്തുകയും വിട്ടുവീഴ്ചയില്ലാത്ത ''ബോധക്ഷാളന''ത്തിനു വിട്ടുകൊടുക്കുകയും വേണം.
ഒന്നാമത്തേത്, ''സ്ത്രീത്വ''ത്തെക്കുറിച്ച് അവന്‍ ആര്‍ജിച്ചിട്ടുള്ള വികലമായ കാഴ്ചപ്പാടുകളാണ്. തന്റെ ഇംഗിതങ്ങള്‍ ക്ഷമയോടെ,  ഉത്സാഹത്തോടെ, മടുപ്പു കാണിക്കാതെ നടത്തിത്തരുന്ന ആജ്ഞാവര്‍ത്തിയാണ് അയാള്‍ക്ക് സ്ത്രീബിംബം! അവിടെ പ്രണയമില്ല; അധീശത്വമാണ് പുലരുക.
രണ്ടാമത്തേത്, സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മണ്ടന്‍ ചിന്തകളാണ്. പുരുഷസാമീപ്യത്തില്‍ കാമപരവശരാകുന്നവരാണ് സ്ത്രീകള്‍ എന്നു ചിലരെങ്കിലും കരുതുന്നു. സ്വന്തം മനോഭാവത്തിലൂടെ അവളെ വായിച്ചെടുക്കുന്ന ഫലിതമാണിത്. സ്വാര്‍ത്ഥപൂരിതവും നൈമിഷികവുമായ വിഷയാഭിലാഷത്തിന്റെ കണ്ണട അവളെ ധരിപ്പിച്ച്, സ്വയം ഇക്കിളിയിടുന്ന മൂഢത.
എങ്ങനെയായിരിക്കും ഇത്തരം വങ്കചിന്തകള്‍ അവന്റെ പ്രജ്ഞയില്‍ ഇടംപിടിച്ചിട്ടുണ്ടാവുക? അവന്റെ ജൈവികപ്രകൃതം അതിനുള്ള പരിസരം ഒരുക്കിയിട്ടുണ്ടാകാം. പരിപക്വതയുടെ പരിശീലനം കഴിയുംമുമ്പേ, അവിടേക്ക് ചില കളകളുടെ വിത്തുകള്‍ പറന്നെത്തി. അശാസ്ത്രീയവും ഊതിപ്പെരുപ്പിച്ചതുമായ ആഭാസത്തിന്റെ കേട്ടറിവുകള്‍ - അവിടെനിന്നാണു തുടക്കം. കുട്ടികളും ചെറുപ്പക്കാരും മാത്രമല്ല, വന്ദ്യവയോധികര്‍പോലും ഇത്തരം പാഴറിവുകള്‍ താലോലിക്കുകയും കൊണ്ടുനടക്കുകയും വിനിമയം ചെയ്യുകയും ചെയ്തു വരുന്നു!
അശ്ലീലസാഹിത്യവും മൂവികളും പുരുഷമനസ്സില്‍ വാരിയിടുന്ന മാലിന്യങ്ങള്‍ അത്രയെളുപ്പമൊന്നും വെടിപ്പാകുന്നതല്ല. അതുണ്ടാക്കുന്ന കറയും ദുര്‍ഗന്ധവും സ്വാര്‍ത്ഥസുഖത്തിനുള്ള ഇന്ധനങ്ങളുടെ നിത്യനിക്ഷേപങ്ങളായി സൂക്ഷിക്കപ്പെടുന്നു. ഇവയുടെ ഉള്ളടക്കം വ്യക്തമാണ്: പുരുഷന്റെ സ്വാര്‍ത്ഥസുഖത്തിനായി എത്ര ജുഗുപ്‌സാവഹവുമായവ ചെയ്തുകൊടുക്കാന്‍ സ്ത്രീ തയ്യാറാണ്! അതിനു തക്കതായ കാരണവുമുണ്ട്. അവള്‍ വിഷയാസക്തിയാല്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണത്രേ!
സത്യവിരുദ്ധമായ ഈ അവബോധങ്ങള്‍ അധിനിവേശത്തിന്റെയും ചൂഷണത്തിന്റെയും കാര്‍ബണ്‍ പകര്‍പ്പുകളല്ലാതെ മറ്റെന്താണ്? 'പോണ്‍' ഉപാസകര്‍ പങ്കുവയ്ക്കലിന്റെ ദാമ്പത്യസുഖം നിഷേധിക്കപ്പെട്ടവരാണ്. ലൈംഗികതയെ യാഥാര്‍ത്ഥ്യബോധത്തോടുകൂടി കാണുന്ന സ്ത്രീക്ക്, സ്വാര്‍ത്ഥത തലയ്ക്കുപിടിച്ച പുരുഷനെപ്പോലെ അധഃപതിക്കാന്‍ സാധിക്കുകയില്ല. അവനാകട്ടെ വസ്തുനിഷ്ഠമായ ബോധ്യം ലഭിച്ചാലും അസത്യത്തെ ചുമക്കാനിഷ്ടപ്പെടുന്നു. ''അവളെക്കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നതാണെനിക്കിഷ്ടം''  - പോണ്‍ ഉപാസകര്‍ ഈ മന്ത്രം ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.
ദുരന്തം പൂര്‍ണമാകുന്നതെങ്ങനെയെന്നുകൂടി നോക്കാം. പ്രണയമില്ലാതെ ശരീരം തേടി വരുന്ന ഭര്‍ത്താവിനെ അവള്‍ അറയ്ക്കുന്നു... ജീവിതനൈരാശ്യം നിമിത്തം അവള്‍ അപമര്യാദയായി പെരുമാറാം. തന്റെ മേധാവിത്വത്തിനും രതിഭാവനകള്‍ക്കും മേച്ചില്‍പ്പുറം നഷ്ടപ്പെട്ടുതുടങ്ങുമ്പോള്‍ ന്യായമായും രണ്ടു സംശയങ്ങള്‍ അവനെ വേട്ടയാടിത്തുടങ്ങും. ഒന്ന്, തന്നെയും തന്റെ കുടുംബക്കാരെയും അവള്‍ വെറുക്കുന്നു. അതിന്റെ പകവീട്ടലാണ് ഭിന്നിപ്പും നിഷേധവും വിഷാദനാട്യങ്ങളുമൊക്കെ. രണ്ടാമത്തെ കണ്ടെത്തല്‍ കുറേക്കൂടി ബീഭത്സമാണ്. അവളുടെ ശാരീരികസംതൃപ്തിക്കു താന്‍ മതിയാകുന്നില്ല! സൗന്ദര്യം, ശക്തി, പ്രകടനമികവ് - ഇവയൊന്നിച്ചുള്ള അബദ്ധഫാന്റസികള്‍ പുലര്‍ത്തുന്ന പുരുഷനാണെങ്കില്‍ അയാളിലെ അപകര്‍ഷത പുറത്തുവരുകയായി. അവള്‍ പരപുരുഷന്മാരെ വലയിലാക്കാന്‍ ശ്രമിക്കുന്നോ എന്ന സംശയവും അങ്ങനെയുണ്ടെന്ന ഉറച്ചബോധ്യവും അയാള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മദ്യപാനം, മര്‍ദനം, കൊലപാതകം, ആത്മഹത്യ എന്നിങ്ങനെ അത് ദുരന്തപര്യവസായിയായി മാറുന്നു.
മൂന്നാമത്തേത്, പങ്കാളിയോടുള്ള അവിശ്വസ്തതയാണ്. പ്രണയത്തിന്റെ മറ്റെല്ലാ ദളങ്ങളും  (കാരുണ്യം, അംഗീകാരം, കരുതല്‍, സാമീപ്യം) പരസ്പരം കൈമാറുമ്പോള്‍, വിശ്വസ്തത തെളിയിക്കേണ്ടത് ഒറ്റയ്ക്കായിരിക്കുമ്പോഴാണ്. ഭാര്യയുമായി സ്വരച്ചേര്‍ച്ചയില്ലാതെ വരുമ്പോള്‍ രഹസ്യബന്ധങ്ങള്‍ കണ്ടെത്താനുള്ള പ്രവണതയുണ്ടാകും. നിര്‍വാഹക്കേടിനെ പഴിചാരി ന്യായീകരണങ്ങള്‍ നിരത്താം. പ്രണയം നിഷേധിക്കപ്പെട്ട പങ്കാളിയെയും മക്കളെയും വെറുക്കുന്നതിനു മാത്രമേ അതുപകരിക്കുകയുള്ളൂ. അങ്ങനെ കുടുംബം തകര്‍ച്ചയിലേക്കു നീങ്ങുന്നു.
നാലാമത്തേത്, ഭാര്യയെ നിലയ്ക്കുനിര്‍ത്താന്‍ തനിക്കാവില്ലെന്നുതോന്നുന്ന (വെറും തോന്നല്‍) ഭര്‍ത്താവിന് ഒരു കൈത്താങ്ങായി ചിലര്‍ കടന്നുവരുന്നിടത്തുണ്ടാകുന്ന കോലാഹലങ്ങളാണ്. അമ്മയോ പെങ്ങളോ, ബന്ധുക്കളോ ഒക്കെ ഇക്കാര്യത്തില്‍ വലിയ ശുഷ്‌കാന്തി കാണിക്കാം. ഒറ്റപ്പെട്ട സ്ത്രീയുടെ കണ്ണുനീര്‍ അവനെതിരേ നിലവിളിച്ചുകൊണ്ടിരിക്കും.
അഞ്ചാമത്തേത്, വിവാഹപൂര്‍വപ്രണയത്തില്‍ അവഗണിച്ചുകളഞ്ഞതോ കാണാതെ പോയതോ ആയ കുറവുകളാണ്. പ്രേമലഹരിയില്‍ ആറാടിയ കാലത്ത് അവളുടെ മുന്‍കോപം കാണാന്‍ എന്തു ചന്തമായിരുന്നു! ഇന്നിപ്പോള്‍ അതേച്ചൊല്ലിയാണ് വഴക്കും വക്കാണവും. പങ്കാളിയില്‍ ഗുപ്തമായിരിക്കുന്ന ചില മാനസികരോഗങ്ങള്‍, പില്‍ക്കാലത്ത് കടുത്ത സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യക്തീഭവിക്കാം. അത് ഭര്‍ത്താവിനേല്ക്കുന്ന വലിയ ഷോക്കായിരിക്കും. ശാരീരികരോഗങ്ങളും ഇതേപോലെയുണ്ടാകാം. പ്രണയിനിയുടെ കുറവുകള്‍ കണ്ടെത്താനും കരുണ കാണിക്കാനും കഴിയാത്തവന്‍ അവള്‍ക്കു വ്യാകുലങ്ങള്‍ നല്‍കുന്നു.
ആറാമത്തേത്, ഭീമമായ കടക്കെണിയില്‍പ്പെടുന്നതാണ്. ലളിതജീവിതം സാധ്യമാണെന്നിരിക്കെ സ്റ്റാറ്റസിനും വമ്പുപ്രദര്‍ശനത്തിനുമായി കൊക്കിലൊതുങ്ങാത്ത പദ്ധതികളിടുകയും അതിന് വായ്പയെടുക്കുകയും ചെയ്യുന്നു. തുച്ഛമായ വരുമാനം വഴിമുട്ടുമ്പോഴോ ആഗോള-പ്രാദേശികസാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോഴോ വലിയ വിലകൊടുക്കേണ്ടി വരും. ഭാര്യയുടെ ഉപദേശത്തെയോ അവള്‍ സമാധാനം തരാത്തതിനെയോ പഴിചാരി തത്കാലം ആശ്വാസം കണ്ടെത്തുമെങ്കിലും അത് ശാശ്വതമാകുന്നില്ല.
ഏഴാമത്തേത്, ലഹരിയോടുള്ള അടിമത്തമാണ്. ദാമ്പത്യപ്രശ്‌നങ്ങള്‍ പ്രണയത്തില്‍ പരിഹരിക്കപ്പെടേണ്ടതാണ് എന്നറിയാത്തവന്‍ മദ്യത്തിലും മറ്റും ആശ്രയം കണ്ടെത്തുന്നു. മനുഷ്യോചിതമല്ലാത്ത സകലനിഷ്ഠുരതകളും പിന്നെ ചെയ്തു കൂട്ടുകയായി പ്രതികരണശേഷിയില്ലാത്ത സ്ത്രീ ഏറ്റവും വലിയ നീതിനിഷേധത്തിനിരയാകുന്നു.
ഏഴാമത്തേത്, ഹണിട്രാപ്പാണ്. വ്യക്തമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഒരുമ്പെട്ടിറങ്ങിയവരായിരിക്കും ഇതിനു പിന്നില്‍. ഒന്നാമത്തെതും രണ്ടാമത്തെതും പുരുഷദൗര്‍ബല്യങ്ങളാണ് അവര്‍ മുതലെടുക്കുക; കൂടുതലും. ഇമ്പംവച്ച് വിലപേശുമ്പോള്‍ മാത്രമാണ്, താന്‍ ചതിക്കപ്പെട്ടു എന്നയാള്‍ അറിയുക.
അറിവില്ലായ്മ, ഗൗരവബുദ്ധിയില്ലായ്മ എന്നിവകൊണ്ട് പുരുഷന്‍ ചെന്നു വീഴാവുന്ന ചതിക്കുഴികളാണ് ഇതുവരെ കണ്ടത് ഫലമോ? അവന്‍ മാത്രമല്ല; ഭാര്യയും മക്കളുമൊന്നടങ്കമായിരിക്കും ദുരിതങ്ങളനുഭവിക്കുക.

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)