പ്രണയത്തിലൂടെ രതിയിലെത്താനുള്ള സ്ത്രീമനസ്സിന്റെ ആവേഗത്തെക്കുറിച്ച് മുമ്പ് കാണുകയുണ്ടായി. റോസ് മേരി ബാസണ്‍ അവതരിപ്പിച്ച ''വൈകാരിക അടുപ്പ''ത്തിന്റെ മോഡല്‍ ഇതു കൃത്യമായി ശരിവയ്ക്കുന്നു. ആണ്‍-പെണ്‍ ലൈംഗികതയില്‍ ഇത്തരമൊരു വൈധര്‍മ്മ്യം ഉണ്ടെങ്കിലും, അതിനെ കണ്ണടച്ചിരുട്ടാക്കാനാണ് അവനു താത്പര്യം. തന്റെ ഏകാധിപത്യ-ഏകപക്ഷീയ-സ്വാര്‍ത്ഥപ്രേരിത-ബാധ്യതാരഹിത-നൈമിഷികബോധത്തിന്റെ ഓട്ടയില്‍ക്കൂടി, ചിലതൊക്കെ കണ്ടെത്തി വിളംബരം നടത്തുവാന്‍ എത്രയധികം ഉത്സാഹിക്കുന്നു? വിഷയലമ്പടത്വമുള്ള പെണ്ണുങ്ങളുടെ ഒരു രജിസ്ട്രിതന്നെ അവന്‍ സൂക്ഷിക്കുന്നുണ്ട്! ചരിത്രത്തിലും സാഹിത്യത്തിലും പ്രിന്റ് ഇലക്‌ട്രോണിക് ആനുകാലികങ്ങളിലും, എന്തിന് താമസിക്കുന്ന പുരയിടത്തിലെ ഇടവഴികളില്‍ക്കൂടി അവന്റെ ജിജ്ഞാസ മണം പിടിക്കുന്നു.
ഇവിടെ കുമാരനാശാന്റെ കരുണയിലെ വാസവദത്ത ഒരു വാര്‍പ്പുമാതൃകയാകുന്നു. വാരസ്ത്രീയാണവള്‍. ജനിമൃതികള്‍ക്കിടയില്‍ തന്റെ സ്വത്വത്തെ എപ്രകാരം അവള്‍ അടയാളപ്പെടുത്തുന്നുവെന്ന് പഠിക്കേണ്ടതാണ്. തൊഴിലാളിപ്രമാണിയായ പുരുഷനെ നിഗ്രഹിച്ച്, വിത്തപ്രതാപവാനായ വര്‍ത്തകനെ വരിക്കുന്നു. കാമഭ്രാന്ത് പിടിച്ചവളുടെ കിരാതപ്രവൃത്തി; അങ്ങനെ തന്നെ വിളിക്കാമോ? അപ്പോള്‍ ബുദ്ധശിഷ്യനായ ഉപഗുപ്തന്റെ കാര്യമോ? അയാളില്‍ ഭ്രമിച്ച വാസവദത്ത തന്റെ ഇംഗിതമറിയിക്കാന്‍ ദൂതുകൊടുത്തു വിടുന്നുമുണ്ട്. പക്ഷേ, ഉപഗുപ്തന്‍ ആ ക്ഷണം നിരാകരിച്ചു. വാസവദത്ത ദുഃഖിതയായി.
''ഗുണബുദ്ധിയാല്‍ ഞാന്‍ തോഴീ,കൊതിപ്പതക്കോമളന്റെ
പ്രണയം മാത്രമാണെന്നു പറഞ്ഞില്ലേ നീ?''
അവള്‍ തോഴിയോടു ചോദിക്കുകയാണ്. വെളിച്ചമെത്താത്ത പുരുഷന്റെ ബോധഗഹ്വരങ്ങളില്‍ തടിത്പ്രഭപോലെ പ്രകാശമേകുന്ന ദര്‍ശനം...
ഗണികയ്ക്ക് അനുരാഗം ഉണ്ടാകുമത്രേ! ഒരു വാസവദത്ത ജനിക്കുന്നത് തൊഴില്‍പരമായ തിരഞ്ഞെടുപ്പിലൂടെയാകാം. എന്നാല്‍, അതിനവള്‍ക്ക് ദിശാബോധം നല്‍കുന്ന പരിസരങ്ങള്‍, 'മേനിസുഖ'മെന്ന പരികല്പനയില്‍ ഒതുങ്ങുന്നതല്ല.
അമ്മ, ഭാര്യ, മകള്‍, സഹോദരി, സുഹൃത്ത് - ഇതൊക്കെ പ്രകൃതി അവള്‍ക്കു കനിഞ്ഞേകിയ വരദാനഭൂമികകളാണ്. ഇവ തിരിച്ചറിയുംമുമ്പേ ജീവിതത്തിന്റെ ചുവന്ന ഇടനാഴികളിലേക്കു വലിച്ചെറിയപ്പെട്ടാലോ? അവളുടെ ലോകം അവിടംകൊണ്ടവസാനിക്കും. വഞ്ചിക്കപ്പെട്ടും നിര്‍ബന്ധിക്കപ്പെട്ടും എത്തിയവരാണധികവും. മാതാപിതാക്കളുള്‍പ്പെടെ അഭ്യുദയകാംക്ഷികളുടെ രൂപത്തിലെത്തിയ പലരും അതിന് വഴിയൊരുക്കിയിട്ടുണ്ടാകാം. ദാരിദ്ര്യം, ഭരണകൂട അരക്ഷിതാവസ്ഥ, വിദ്യാഭ്യാസമില്ലായ്മ, സ്‌നേഹരാഹിത്യം, അവഗണന, അന്ധവിശ്വാസം ഇതെല്ലാം അവളുടെ വഴികളില്‍ ഇടിമണല്‍ തീര്‍ക്കുന്നു. അപമാനവീകരിക്കപ്പെട്ട സാഹചര്യങ്ങളില്‍പ്പെട്ടുപോകുകയും പിന്നീട് കരകയറാനുള്ള സാഹചര്യങ്ങള്‍ അന്യമാകുകയും ചെയ്യുന്ന വ്യക്തിക്ക് കുറ്റബോധമോ, സാംസ്‌കാരികജീര്‍ണ്ണതയുടെ മനംപിരട്ടലോ ഉണ്ടാകണമെന്നില്ല. വരുമാനം, ഡിമാന്റ് ഇവ അവരുടെ സ്വപ്നലോകത്തിലെ അവശേഷിക്കുന്ന മുത്തുച്ചിപ്പികളായി മാറുന്നു. വൈകാരികഅടുപ്പമില്ലെങ്കിലും ശാരീരികസന്തോഷത്തില്‍ തൃപ്തി കണ്ടെത്തുകയും ചെയ്യുന്നു.
ചില വ്യക്തിത്വവൈകല്യങ്ങളും മനോരോഗങ്ങളും അപഥസഞ്ചാരത്തിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാം. അഡ്രിനല്‍ ഗ്രന്ഥിയുടെ തകരാറുകള്‍, ക്രോമസോം വൈകല്യങ്ങള്‍, മാനിയ , മിഥ്യാബോധം, ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി - തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഹിസ്ട്രിയോണിക് വ്യക്തിത്വവൈകല്യമുള്ളവര്‍, രതിഭാവുകത്വമുള്ള പ്രലോഭകരായി Seductive and flirtatious) അവതരിച്ചെന്നിരിക്കും. ഇത്തരക്കാര്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. എങ്കിലും മതസാംസ്‌കാരികാവബോധങ്ങള്‍ തീര്‍ക്കുന്ന മൂല്യബോധത്തിന്റെ മാര്‍ച്ചട്ട അവര്‍ക്കു കരുതലേകാതിരിക്കില്ല.
ഇനിയൊരുകൂട്ടം വാസവദത്തമാര്‍ പിറക്കുന്നത്, തങ്ങളുടെ ചാരിത്ര്യത്തെ നിര്‍മ്മലമായി കാത്തു എന്ന ഒറ്റക്കാരണംകൊണ്ടാണ്. പലപ്പോഴും വൈധവ്യത്തിന്റെ നെഞ്ചിലേല്‍ക്കുന്ന തിരുമുറിവാണിത്. ഇവരെക്കുറിച്ചു ഭാരപ്പെടുന്ന ചില പുരുഷന്മാരുണ്ട്.
പുരുഷസംസര്‍ഗ്ഗമില്ലാതെ വശംകെടുന്നല്ലോ എന്നാണ് ഈ കര്‍ദ്ദമശിരസ്സുകള്‍ക്ക് വേവലാതി. അവര്‍ സന്നദ്ധസേവകരായി ഇറങ്ങിത്തിരിക്കുന്നു. പാദത്രപ്രഹരംകൊണ്ട് ചെകിടുപുകയുകയോ വാഗസ്ത്രമേറ്റ് ഡംഭം പിളരുകയോ ആണ് അനന്തരഫലം. മുറിവേറ്റ ഈ സര്‍പ്പങ്ങള്‍, പിന്നീട് വിഷക്കഥകള്‍ പ്രചരിപ്പിച്ച് അവരുടെ മാനം നശിപ്പിക്കുന്നു. പ്രണയസാക്ഷരത തൊട്ടുതീണ്ടിയിട്ടില്ലാത്ത മറ്റനേകം പുരുഷന്മാരും അതേറ്റുപിടിക്കുന്നു. അങ്ങനെയുമുണ്ടാകുന്നുണ്ട് വാസവദത്തന്മാരും മറിയകളും.
പിഴച്ചവള്‍ എന്നതിനെക്കാള്‍ പിഴയ്ക്കപ്പെട്ടവള്‍ എന്ന ചിത്രമായിരിക്കണം മറിയത്തെക്കുറിച്ച് യേശുവിനുണ്ടായത്. ആണ്‍കോയ്മയുടെ അധിനിവേശ - ചൂഷണരീതിശാസ്ത്രത്തിനു നേര്‍ക്ക് ചീറിപ്പാഞ്ഞ ഉളിമുനയായി ആശാരിച്ചെറുക്കന്റെ മറുചോദ്യം: ''നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ.'' ആത്മനിര്‍മ്മിതിയുടെ വാസ്തുവിദ്യയറിഞ്ഞവന്‍, പുരുഷലൈംഗികതയിലടിഞ്ഞുകൂടിയ ഭോഷ്‌ക്കുകള്‍ക്ക് ചിന്തേരിടാന്‍ കൂടി നിശ്ചയിച്ചിരുന്നു. വേറൊരിക്കല്‍ അവന്‍ കൊടുവടി വീശിയപ്പോള്‍ പലരും വിറച്ചു: ''സ്ത്രീയെ ആസക്തിയോടെ നോക്കുന്നവന്‍ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു...'' പ്രണയരഹിതമായ ആസക്തി അറുത്തുമാറ്റിക്കൊള്ളാന്‍ താക്കീതു നല്‍കി. ആസക്തിയോടെ പുരുഷനെ നോക്കുന്നവളെക്കുറിച്ച് എന്തുകൊണ്ട് മിണ്ടാട്ടം നടത്തിയില്ല എന്ന വിഡ്ഢിച്ചോദ്യത്തിന് അന്ത്യമായി.
നമ്മുടെ തീവണ്ടികളിലെ ശുചിമുറികളില്‍ കാണുന്ന ആഭാസസാഹിത്യം എത്ര ജുഗുപ്‌സാവഹമാണെന്നു പറയാതെ വയ്യ. അതേറ്റവും കൂടുതല്‍ അസ്തപ്രജ്ഞതയുണ്ടാക്കുക സ്ത്രീകളില്‍ത്തന്നെയായിരിക്കും. ചില കോണ്‍ടാക്റ്റ് നമ്പരുകളും എഴുതിക്കാണാറുണ്ട്. ഇതു കാണുന്ന ശരാശരി പ്രണയസാക്ഷരതയില്ലാത്ത ചിലരെങ്കിലും ഒന്നു മൊബൈലെടുത്താലോ എന്നാലോചിക്കാം. ദയവായി വേണ്ടാത്ത പൊല്ലാപ്പിനൊന്നും പോകേണ്ട. സ്ത്രീത്വത്തെ അറിയാത്തവന്റെ ദമിതകാമനകളുടെ ഒരു ചോര്‍ന്നൊലിക്കലായി മാത്രം അതിനെ കാണുക.
ജീവിതം ആനന്ദിച്ചര്‍മ്മാദിക്കണമെന്നു പറയുന്ന വ്യക്തികള്‍ രതിസാക്ഷാത്കാരമാര്‍ഗങ്ങള്‍ ഒഴിവാക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. നിങ്ങള്‍ക്കുമുമ്പില്‍ ആയിരം വാസവദത്തമാരും മറിയമാരും വരാം. അതില്‍ ആരാണ് നിങ്ങളെ പ്രണയിച്ചത്? ഇനി നിങ്ങളെ പ്രണയിച്ച വ്യക്തിയുണ്ടെന്നിരിക്കട്ടെ. അവള്‍ നിങ്ങള്‍ക്കായി മറിയമാരെ കൊണ്ടുവന്നു തരുമോ? സ്വപ്നത്തില്‍ വിചാരിക്കേണ്ട. ചുരുക്കിപ്പറഞ്ഞാല്‍, സ്ത്രീസ്വത്വത്തിന്റെ പൂര്‍ണാനുമതിയിലും അംഗീകാരത്തിലുമൊന്നുമല്ല കാസനോവമാര്‍ തഴച്ചുവളരുക. അവിടെ വഞ്ചനയും സ്ത്രീസ്വത്വനിരാസവുമൊക്കെ നടക്കുന്നുണ്ട്.