•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

മക്കളുണ്ടാവണം, അരികിലിരിക്കാന്‍

ന്തിനാണ് മക്കളുണ്ടാകുന്നത്? വിവാഹിതര്‍ കൃത്യമായി ഉത്തരമറിയേണ്ട ചോദ്യമാണിത്. മക്കളെക്കുറിച്ചു വ്യത്യസ്തമായ കാഴ്ചപ്പാടാണ് പലര്‍ക്കുമുള്ളത്. ചിലര്‍ക്കത് വിവാഹം കഴിച്ചതിന്റെ പാര്‍ശ്വഫലംപോലെയാണ്. എന്തിനോ കല്യാണം കഴിച്ചു, എങ്ങനെയോ മക്കളുണ്ടായി. അത്രമാത്രം. എന്നാല്‍, വ്യക്തമായ പ്ലാനുള്ളവരുമില്ലാതില്ല. മക്കളുടെ എണ്ണം, ഭാവി ഇതെല്ലാം അവര്‍ മുന്‍കൂട്ടി കാണുന്നു. ചിലര്‍ തങ്ങള്‍ക്കു സന്താനോത്പാദനത്തിനു ശേഷിയുണ്ട് എന്നു തെളിയിക്കാനാണ് ശ്രമം നടത്തുന്നത്. അതവരുടെ ജൈവിക പ്രതിച്ഛായയുടെ ഭാഗമാണ്.
മക്കളെ വളര്‍ത്തുന്നതിലുമുണ്ട് പലവിധ പരിണതികള്‍
തികച്ചും നിരുത്തരവാദിത്വപരമായി കുട്ടികളുടെ കാര്യത്തില്‍ നിലപാടെടുക്കുന്നവരുണ്ട്. ന്യായബോധമോ, ശരിതെറ്റുകളെക്കുറിച്ചുള്ള വിവേകമോ കുട്ടികള്‍ക്ക് അവരില്‍നിന്നു കിട്ടാതെപോകുന്നു. ജീവിതപ്രാരബ്ധങ്ങളോ രോഗമോ ഒക്കെ ഇത്തരം വീഴ്ചകളെ ന്യായീകരിക്കാന്‍ അവരെടുത്തു കാണിക്കുന്നു. ലഹരിക്കടിമപ്പെട്ട മാതാപിതാക്കളുടെ കാര്യം പറയുകയേ വേണ്ട. കൃത്യമായ ബോധ്യങ്ങള്‍ രൂപപ്പെടാത്തപക്ഷം, കുട്ടികള്‍ വഴിമാറി സഞ്ചരിക്കാം. അവരുടെ നൈതികതയും വിവേകബുദ്ധിയും വാര്‍ത്തെടുക്കുന്നത് ഏതെങ്കിലും പ്രതിലോമസമൂഹങ്ങളാണെങ്കിലേ?
കടുത്ത ശിക്ഷണനടപടികളിലൂടെ കുട്ടികളെ വളര്‍ത്തുന്നവരുണ്ട്. തമ്പിലെ മൃഗങ്ങള്‍ കണക്കാണോ അവര്‍ക്കു കുട്ടികള്‍ എന്നു തോന്നിപ്പോകും. ആദ്യമൊക്കെ അനുസരണവും ബഹുമാനവും കാണിച്ചേക്കാം. ഭയമായിരിക്കും അതിനു പ്രേരണ. എന്നാല്‍, അതെന്നും നീണ്ടുനില്‍ക്കുമെന്നു കരുതാനാവില്ല.
അമിതസ്വാതന്ത്ര്യം കൊടുക്കുന്നവരുമുണ്ട്. തങ്ങള്‍ക്കില്ലാതിരുന്നതൊക്കെ മക്കള്‍ക്കു കിട്ടണം എന്നാഗ്രഹിക്കുന്നു. സ്വാതന്ത്ര്യമെന്നത് പ്രായത്തിനും അനുഭവജ്ഞാനത്തിനും ആനുപാതികമായി അനുവദിക്കപ്പെടേണ്ട അവകാശമാണ്. മറിച്ചായാല്‍ അപകടമാണുണ്ടാവുക.
മക്കളെ സുഹൃത്തുക്കളെപ്പോലെ കരുതുന്ന മാതാപിതാക്കള്‍ ഒന്നറിയണം. ഒരു സുഹൃത്ത് തെറ്റു ചൂണ്ടിക്കാണിച്ചാല്‍ അതിനെ എപ്പോഴും സ്വീകരിക്കണമെന്നില്ല. ഗുരുസ്ഥാനീയര്‍ ചെയ്യുമ്പോള്‍ അത് പവിത്രമായ കര്‍മമാകുന്നു. അതു തിരുത്താന്‍ കുട്ടി ബാധ്യസ്ഥനുമാകുന്നു. അതുകൊണ്ട് സുഹൃത്തും ഗുരുവുംകൂടിയാണ് നിങ്ങളെന്നോര്‍ക്കുക.
മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങളുടെയൊക്കെ ക്ലൈമാക്‌സ് വരുമാനത്തിലും സോഷ്യല്‍ സ്റ്റാറ്റസിലുമാണെത്താറുള്ളത്. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി ഒന്നു മെച്ചപ്പെടുത്തണം. സമൂഹത്തിലെ നിലയും വിലയും കുറച്ചുകൂടി കേമമാവണം. ഇങ്ങനെയാഗ്രഹിക്കാത്തവര്‍ ചുരുക്കമല്ലേ? സ്റ്റാറ്റസും വരുമാനവുമൊക്കെ നിഷിദ്ധമായ കാര്യമൊന്നുമല്ല. അതൊക്കെ വേണ്ടതുതന്നെ. എന്നാല്‍, അതിനോടൊപ്പം, മനുഷ്യപ്പറ്റിന്റെ ധര്‍മോപദേശം ലഭിച്ചില്ലെങ്കിലോ?
മക്കളെക്കുറിച്ചുള്ള ചില വാര്‍ത്തകള്‍ നിങ്ങളെ നടുക്കിയേക്കാം. സാമ്പത്തികതട്ടിപ്പിന്റെയോ മാഫിയ ബന്ധങ്ങളുടെയോ ആരോപണങ്ങളായിരിക്കാമത്. പീഡനക്കേസില്‍ പ്രതിസ്ഥാനത്തുള്ള മകന്റെ ചിത്രം സങ്കല്പിക്കാനാകുമോ? ഇതൊക്കെ വലിയ കാര്യങ്ങള്‍. എന്നാല്‍, ഹൃദയഭേദകമായ അനേകം ചെറിയ കാര്യങ്ങളുമുണ്ട്. വാര്‍ദ്ധക്യത്തില്‍ തനിച്ചായ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളില്ലേ? ജോലിത്തിരക്കെന്നും വിദേശത്തുനിന്ന് അങ്ങനെ ഓടിപ്പാഞ്ഞു വരാനൊക്കില്ലയെന്നുമൊക്കെയുള്ള ന്യായീകരണം കേള്‍ക്കുമ്പോള്‍ എന്തു തോന്നും? അവരുടെ സാമീപ്യത്തിനായി കെഞ്ചില്ലേ? അതുകൊണ്ട് ആരോഗ്യമുള്ളപ്പോള്‍ ഓര്‍ത്തുവയ്ക്കണം. കുഞ്ഞുങ്ങള്‍ക്കു സാമീപ്യം കൊടുത്തു വളര്‍ത്തുക. അവരുടെ പരിശീലനത്തിന്റെ കരിക്കുലം കരുണയില്‍ അധിഷ്ഠിതമായിരിക്കട്ടെ. നിരുത്തരവാദിത്വപരമായി ജീവിക്കാതെ കരുതല്‍ ആവോളം നല്‍കുക. കഴിവുകളെ അംഗീകരിക്കുക. വിശ്വസ്തത പുലര്‍ത്തുക. ഇതാണ് കുഞ്ഞുങ്ങളോടു കാണിക്കേണ്ട മനുഷ്യത്വം. അതവര്‍ തിരിച്ചും നല്‍കും.
കഴിഞ്ഞ തൊണ്ണൂറില്‍പ്പരം അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയംതന്നെയാണ് 'മനുഷ്യത്വം.'
പിറന്നുവീണ കുഞ്ഞില്‍ ഡോക്ടറെയും ഐ.എ.എസുകാരെയും പ്രതിഷ്ഠിക്കാന്‍ വരട്ടെ. അതു രണ്ടാമതായിക്കൊള്ളും. മുതിര്‍ന്നവരാകുമ്പോള്‍ നല്ലൊരു ഭര്‍ത്താവോ ഭാര്യയോ ആകാന്‍ അവരെ ആശീര്‍വദിക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്.
ആണ്‍കുഞ്ഞിനെ, ഭാര്യയെ പ്രണയിക്കാന്‍ പ്രാപ്തയാക്കുക.
പെണ്‍കുഞ്ഞിനെ, ഭര്‍ത്താവിനെ പ്രണയിക്കാന്‍ പ്രാപ്തനാക്കുക.
ഇരുവരെയും ലോകത്തെയും ഈശ്വരനെയും പ്രണയിക്കാന്‍ പ്രാപ്തരാക്കുക. അവസാനശ്വാസംവരെ അവര്‍ തണലായി നിന്നുകൊള്ളും.
അവരിതെല്ലാം പഠിക്കുന്നത് നിങ്ങള്‍ ദമ്പതിമാരില്‍നിന്നാണ്. നിങ്ങള്‍ പരസ്പരം കരുണ കാണിക്കുമ്പോള്‍, കരുതലേകുമ്പോള്‍, അംഗീകാരം നല്‍കുമ്പോള്‍, വിശ്വസ്തത പുലര്‍ത്തുമ്പോള്‍, സാമീപ്യമരുളുമ്പോള്‍ മാതാപിതാക്കളുടെ പ്രണയം, മക്കള്‍ക്കു നല്‍കുന്ന ഗാരണ്ടി ഒന്നോ രണ്ടോ വര്‍ഷമല്ല; അത് ആജീവനാന്തമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)