•  25 Apr 2024
  •  ദീപം 57
  •  നാളം 7
യാത്ര

പ്രൗഢം, ഗംഭീരം ഈ പാലസ്

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയും ലോകത്തിലെ ഏറ്റവും വലിയ ആഡംബരഭവനവുമായ, ലണ്ടനിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന, ബക്കിങ്ഹാം പ്രഭുവിന്റെ രാജകൊട്ടാരമാണ് ബക്കിങ്ഹാം പാലസ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മൂന്നു നിലകളുള്ള ഒരു ചെറിയ കെട്ടിടമായിരുന്നു ഈ പാലസ്. 1703ല്‍ നിര്‍മിച്ച ഈ കൊട്ടാരം 1763ല്‍ ജോര്‍ജ്ജ് മൂന്നാമന്‍ രാജാവ് അദ്ദേഹത്തിന്റെ ഭാര്യ ചാര്‍ലറ്റ് രാജ്ഞിക്കുവേണ്ടി ജോണ്‍ ഷെഫീല്‍ഡ് എന്നയാളോടു വാങ്ങി വിപുലമായ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷം ക്വീന്‍ ഹൗസ് എന്നാക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജോണ്‍നാഷ്, എഡ്‌വേര്‍ഡ് ബ്ലോര്‍ എന്നീ വാസ്തു ശില്പവിദഗ്ധര്‍ ചേര്‍ന്ന് കൊട്ടാരം നവീകരിച്ച് നടുമുറ്റം അടക്കമുള്ള ഇന്നു കാണുന്ന പൂമുഖവും മറ്റും നിര്‍മിച്ചു. 1837 ല്‍ വിക്‌ടോറിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തെത്തുടര്‍ന്ന് പാലസ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗികവസതിയായി പ്രഖ്യാപിച്ചു. അന്നുമുതല്‍ ഈ കൊട്ടാരം ബക്കിങ്ഹാം പാലസ് എന്നറിയപ്പെടുന്നു. ഇതിന്റെ ഉടമസ്ഥാവകാശം വിവിധ രാജാക്കന്മാരിലൂടെയും പ്രഭുകുടുംബങ്ങളിലൂടെയും കൈമാറി ഒടുവില്‍ ഇപ്പോഴത്തെ എലിസബത്ത് രാജ്ഞിയില്‍ നിക്ഷിപ്തമായിരിക്കുന്നു. പുറമേനിന്നു നോക്കിയാല്‍ കാണുന്നത്ര നീളത്തില്‍ പിന്‍ഭാഗത്തേക്കു ചതുരാകൃതിയിലാണ് ഈ കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്യുവാന്‍ പ്രത്യേക ബാല്‍ക്കണിയും ഇതോടൊപ്പം പണിതീര്‍ത്തിട്ടുണ്ട്. 
39 ഏക്കറില്‍ വിന്യസിച്ചുകിടക്കുന്ന ഈ കൊട്ടാരത്തിന് 830000 ചതുരശ്രഅടി (77000 സ്‌ക്വയര്‍ മീറ്റര്‍ തറ വിസ്തീര്‍ണ്ണമുണ്ട്. 1514 വാതിലുകളും 760 ല്‍പ്പരം ജനലുകളുമുള്ള കൊട്ടാരത്തിലെ 775 മുറികളില്‍ 52 എണ്ണം രാജകീയ കിടപ്പുമുറികളാണ്.  188 മുറികള്‍ സ്റ്റാഫ് ബെഡ് റൂമും. 92 ഓഫീസുമുറികള്‍, 78 ബാത്ത് റൂം, പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷന്‍, ജയില്‍, തിയേറ്റര്‍, ഹെല്‍ത്ത് ക്ലിനിക്ക്, മ്യൂസിക്ഹാള്‍, എ.ടി.എം. കൗണ്ടര്‍, റോയല്‍ ബോള്‍ റൂം, ചൈനീസ് റീജന്‍സി ശൈലിയില്‍ അനേക ചെറുമുറികള്‍, പൂളുകള്‍, 130 അടി നീളവും 60 അടി വീതിയുമുള്ള വിശാലമായ ഹാള്‍, മറ്റനവധി റൂമുകള്‍ എന്നിവയുമുണ്ട്. ബ്രിട്ടനിലെ പ്രമുഖ രാജകീയ പരിപാടികള്‍ എല്ലാംതന്നെ വലിയ ഹാളിലാണു നടക്കുന്നത്. കൊട്ടാരത്തിലെ ചെറിയ ചടങ്ങിനുപോലും കുറഞ്ഞത് 8000 പേരെങ്കിലും പങ്കെടുക്കാറുണ്ട്. ഏറ്റവും മുകള്‍നിലയിലെ മുറികള്‍ രാജകുടുംബാംഗങ്ങള്‍ക്കു മാത്രമുള്ളവയാണ്. 
നടന്നുകയറാനുള്ള സ്റ്റെയര്‍ കെയ്‌സ് കൂടാതെ ഒന്‍പത് ലിഫ്റ്റുകള്‍ ഓഫീസ് കാര്യങ്ങള്‍ക്കായി സദാസമയവും പ്രവര്‍ത്തിക്കുന്നു. ഇതിനുള്ളിലെ ഓരോ മുറികളും വളരെ വിദഗ്ധരായ ശില്പചിത്രകലാകാരന്മാരുടെ കലാവിരുതുകള്‍കൊണ്ട് സമ്പന്നമാണ്. വലിയ ഓയില്‍ പെയിന്റിംഗുകളും ശില്പങ്ങളും വളരെ ചിട്ടയോടെ രൂപകല്പന ചെയ്തിട്ടുള്ള മറ്റു കൊത്തുപണികളും എത്രകണ്ടാലും മതിവരുകയില്ല. വിശാലമായ കിടപ്പുമുറികളും ശില്പകലകൊണ്ട് ഭംഗിയാക്കിയിരിക്കുന്നു. ശില്പചാതുരി നിറഞ്ഞ രാജകീയ ഫര്‍ണിച്ചറുകളുടെ ഒരു നീണ്ട നിരതന്നെ ഇവിടെ കാണാം. അഞ്ഞൂറോളം രാജകീയ ക്ലോക്കുകള്‍ പാലസിലുണ്ട്. ഇവയെ പരിപാലിക്കുവാന്‍ ഒരു ക്ലോക്ക് മാസ്റ്റര്‍ സദാസമയവും റെഡി. രാജ്ഞി കൊട്ടാരത്തിലുണ്ടോ എന്നറിയുന്നതിന് പാലസിന്റെ മുകളില്‍ റോയല്‍ സ്റ്റാന്‍ഡാര്‍ഡ് പതാകയും ഇല്ലാത്തപ്പോള്‍ ബ്രിട്ടന്റെ ഔദ്യോഗികപതാകയും ഉയര്‍ന്നുനില്‍ക്കും. ഇതിനായി പതാക ചെയ്ഞ്ച് ചെയ്യുന്നതിന് പ്രത്യേക ഫ്‌ളാഗ് സെര്‍ജന്റ് എപ്പോഴും ഡ്യൂട്ടിയിലുണ്ടാകും. ജൂലൈ അവസാനംമുതല്‍ സെപ്റ്റംബര്‍ അവസാനംവരെ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളൂ. 
കൊട്ടാരത്തിലെ വൈദ്യുതാലങ്കാരങ്ങള്‍ അതിമനോഹരമാണ്. ആദ്യകാലങ്ങളിലെ രാജകീയസ്ഫടിക വിളക്കുകളായിരുന്ന ചാല്‍ഡിലിയേഴ്‌സ് നിരവധിയായി തൂക്കിയിട്ടിരിക്കുന്നതു കാണാം. ഇതില്‍ വെളിച്ചത്തിനായി മെഴുകുതിരികളാണു കത്തിച്ചിരുന്നത്. നിരവധി വിളക്കുകള്‍ പഴയ രീതിയില്‍ത്തന്നെ ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ, നാല്പതിനായിരം ബള്‍ബുകളുള്ള വിവിധയിനം റോയല്‍ ലൈറ്റ് ഫിറ്റിംഗ്‌സുകളും കൊട്ടാരത്തിന്റെ പ്രത്യേകതകളാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മനി ഈ കൊട്ടാരത്തിനു ബോംബിട്ടെങ്കിലും ഒരു ചാപ്പല്‍ മാത്രമേ നശിപ്പിക്കാന്‍ സാധിച്ചുള്ളൂ.
ലണ്ടനിലെ ഏറ്റവും വലിയ സ്വകാര്യഗാര്‍ഡനെന്നറിയപ്പെടുന്ന പാലസ് ഗാര്‍ഡന്‍ മുപ്പത് ഫുട്‌ബോള്‍ഗ്രൗണ്ടുകളുടെ വലിപ്പത്തില്‍ പരന്നുകിടക്കുന്നു. ഈ ഗാര്‍ഡനെ ഹാരിസണ്‍,  ഗ്രീന്‍സ് ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍ എന്നിങ്ങനെ മൂന്നു പാര്‍ട്ടുകളായി തരം തിരിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലെ ദേശീയപുഷ്പങ്ങളില്‍പ്പെട്ട 25 ഇനം പൂക്കള്‍ ഇവിടെ സമൃദ്ധിയായി പരിപാലിക്കുന്നു. കൊട്ടാരത്തിനുപിന്നില്‍ ഗ്രീന്‍ഗാര്‍ഡനോടു ചേര്‍ന്നുള്ള തടാകത്തില്‍ അരയന്നങ്ങള്‍ നീന്തിത്തുടിച്ചു വിലസുന്നു. രാജ്ഞിയുടെ ചില പ്രത്യേക പൂന്തോട്ടവിരുന്നുസല്‍ക്കാരങ്ങള്‍ ഇവിടെയാണു നടക്കാറുള്ളത്. 1963 ല്‍ വിശാലമായ ഈ പാലസ് ഗാര്‍ഡനില്‍ ഹെലിപ്പാഡ് നിര്‍മിക്കാതെതന്നെ ഒരു ഹെലികോപ്റ്റര്‍ ലാന്റ് ചെയ്യുകയുണ്ടായി. 2000-ാമാണ്ടില്‍ അതേസ്ഥലത്തുതന്നെ പിന്നീട് ഹെലിപ്പാഡ് നിര്‍മിച്ചു. പാലസും ലണ്ടന്‍ റ്റിയൂബും  തമ്മില്‍ യോജിപ്പിക്കുന്ന രഹസ്യവഴികളുണ്ടെന്ന് ഊഹാപോഹങ്ങളുണ്ടെങ്കിലും കൊട്ടാരത്തില്‍നിന്ന് ക്ലേരന്‍ ഹൗസിലേക്കും ഹൗസ് ഓഫ് പാര്‍ലമെന്റിലേക്കും തുരങ്കപാതയുണ്ട്. റോയല്‍ പാലസിലുള്ളവര്‍ക്കു മാത്രമേ ഇതിലൂടെ സഞ്ചരിക്കുവാന്‍ അനുവാദമുള്ളൂ. പ്രത്യേക സെക്യൂരിറ്റി ഗാര്‍ഡുകള്‍ സദാ എ.കെ. 47 തോക്കുമായി ഇവിടെ നിലയുറപ്പിച്ചിരിക്കും. പാലസിന്റെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന റ്റൈബേണ്‍ എന്ന രഹസ്യനദി ഹാംസ്റ്റൈഡ് എന്ന സ്ഥലത്തുനിന്ന് ഉദ്ഭവിച്ച് പാലസിന്റെ അടിയില്‍ക്കൂടി ഒഴുകി തേംസ് നദിയില്‍ പതിക്കുന്നു. 
ബ്രിട്ടീഷ് ഭരണസംവിധാനത്തിലെ പ്രധാനപ്പെട്ട ഒരു പൊതുചടങ്ങാണ് ചെയ്ഞ്ച് ഓഫ് ഗാര്‍ഡ്‌സ്. പഴയ സെക്യൂരിറ്റി ഭടന്മാര്‍ പുതിയ സെക്യൂരിറ്റി ഭടന്മാരിലേക്ക് എല്ലാ ഉത്തരവാദിത്വങ്ങളും ഏല്പിച്ചുകൊടുത്ത് പിന്‍വാങ്ങുന്ന ചടങ്ങാണിത്. സെന്റ് ജെയിംസ് പാലസിനും വെല്ലിങ്ടണ്‍ ബാരക്കിനുമിടയിലാണ് ചെയ്ഞ്ച് ഓഫ് ഗാര്‍ഡ് പരേഡ് നടക്കുന്നത്. പഴയ ഗാര്‍ഡുകള്‍ ബക്കിങ്ഹാം കൊട്ടാരത്തിനടുത്തുള്ള സെന്റ് ജെയിംസ് പാലസില്‍നിന്നു പുറപ്പെടുമ്പോള്‍ പുതിയ ഗാര്‍ഡുകള്‍ വെല്ലിങ്ടണ്‍ ബാരക്കില്‍നിന്നു പുറപ്പെടുന്നു.  നല്ല വൃത്തിയും വെടിപ്പുമുള്ള കൊട്ടാരത്തിന്റെ രാജവീഥികളില്‍ക്കൂടി ചിട്ടയായ പരേഡ് നടക്കുമ്പോള്‍ ഏറ്റവും മുമ്പില്‍ പരേഡിനുള്ള ആചാരവസ്ത്രമണിഞ്ഞ് കയ്യില്‍ ദണ്ഡുമായി ഒരാള്‍ നില്‍ക്കും. തൊട്ടുപിന്നില്‍ ഡ്രമ്മിന്റെ താളമേളത്തോടെ ബാന്റ് സെറ്റും അതിനു പിറകില്‍ ക്ലാര്‍നറ്റുകാരും തോക്കേന്തിയ ഭടന്മാരും, പതാകയേന്തിയവര്‍, കുതിരപ്പുറത്ത് വാളേന്തിയ സെക്യൂരിറ്റി ഭടന്മാര്‍, കുതിരവണ്ടിയില്‍ വരുന്നവര്‍ എന്നിവരും അകമ്പടി സേവിക്കും. 
പരേഡ് തുടങ്ങിക്കഴിഞ്ഞാല്‍ താളത്തിനൊപ്പിച്ചുള്ള ഗാര്‍ഡുകളുടെ കാല്‍വയ്പ്പ് പ്രത്യേക ശൈലിയിലാണ്. ശബ്ദമുഖരിതവും വര്‍ണ്ണശബളവുമായ ഈ പരേഡ് കാണാന്‍ വിദേശികളടക്കം പതിനായിരങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞിരിക്കും.
രണ്ടു വശത്തുനിന്നും വരുന്ന സേനകള്‍ വിക്‌ടോറിയാ രാജ്ഞിയുടെ പ്രതിമയ്ക്കുചുറ്റി കൊട്ടാരമുറ്റത്തേക്കു കയറി അവിടെ വച്ച് ചെയ്ഞ്ച് ഓഫ് ഗാര്‍ഡ് ചടങ്ങുകള്‍ക്കുശേഷം റോയല്‍ സല്യൂട്ട് നടത്തി സീനിയര്‍ ഗാര്‍ഡുകള്‍ സല്യൂട്ട് മുഴക്കുന്നതോടെ ചടങ്ങ് അവസാനിക്കുന്നു. ആധുനിക ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പരമാധികാരത്തിന്റെ ശക്തി വിളിച്ചറിയിച്ച് ജനങ്ങളില്‍ സുരക്ഷിതത്വവും ആത്മവിശ്വാസവും മനോധൈര്യവും പകരുന്നതാണ് ബക്കിങ്ഹാം പാലസിന്റെ മുന്‍പില്‍ നടക്കുന്ന ഈ സൈനിക പരേഡ്.

 

Login log record inserted successfully!