സൈബീരിയയില്‍നിന്നും മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍നിന്നും ആറായിരത്തില്‍പ്പരം കിലോമീറ്ററുകള്‍ താണ്ടി തങ്ങള്‍ക്കു യോജിച്ച പാര്‍പ്പിടം തേടിയെത്തുന്ന ദേശാടനപ്പക്ഷികള്‍ ഒരദ്ഭുതംതന്നെയാണ്. അവയുടെ യാത്ര, വര്‍ഷങ്ങളായി വളരെ കൃത്യതയോടെ നടക്കുന്നു.
അപൂര്‍വയിനം പക്ഷികളാല്‍ സമ്പന്നമാണ് കര്‍ണാടകത്തിലെ മാണ്ഡ്യജില്ലയില്‍ മഥൂര്‍ താലൂക്കിലുള്ള കൊക്കരബല്ലൂര്‍. ഗ്രാമവാസികള്‍ പക്ഷികളുമായി ഇണങ്ങിക്കഴിയുന്നു. പക്ഷികള്‍ ഗ്രാമത്തിന്റെ സര്‍വൈശ്വര്യവും ഭാഗ്യവുമാണെന്നവര്‍ വിശ്വസിക്കുന്നു. ഉയര്‍ന്ന പുളിമരങ്ങളിലും വന്‍വൃക്ഷങ്ങളുടെ തലപ്പത്തും ഇവ കൂടുകെട്ടി മുട്ടയിട്ട് അടയിരിക്കുന്നു. ഗ്രാമവാസികള്‍തന്നെയാണ് ഇവയുടെ സംരക്ഷകര്‍. കാഴ്ചക്കാരുടെമേല്‍ എപ്പോഴും അവരുടെ കണ്ണുണ്ടാകും. ഒരു പറവയെപ്പോലും തൊടാനോ ഉപദ്രവിക്കാനോ അവര്‍ സമ്മതിക്കുകയില്ല.
കൊക്കരബല്ലൂര്‍ എന്ന ഈ ഗ്രാമത്തിന്റെ പേര് രണ്ടു വാക്കുകളില്‍നിന്നുണ്ടായതാണ്; കൊക്ക് എന്നര്‍ത്ഥം വരുന്ന കൊക്കരയില്‍നിന്നും ശര്‍ക്കരയുടെ ഗ്രാമം എന്നര്‍ത്ഥമുള്ള ബല്ലൂരില്‍നിന്നും. കന്നടഭാഷയില്‍ കൊക്കുകളെ കൊക്കര എന്നാണു വിളിക്കുന്നത്. സ്‌പോട്ട് ബില്‍ഡ് പെലിക്കന്‍, റോസി പെലിക്കന്‍, പെയിന്റഡ് സ്റ്റോര്‍ക്ക് സ്പൂണ്‍ ബേര്‍ഡ്, വിവിധയിനം ദേശാടന പ്പറവകള്‍ എന്നിവ ഈ ഗ്രാമത്തില്‍ വന്നുപോകുന്നു. മരത്തലപ്പുകളില്‍ അടുത്തടുത്തു കൂടുകളുണ്ടാക്കി പതിനഞ്ചും ഇരുപതും ജോടികളായി ഒരുമിച്ചു ജീവിച്ച് തിരിച്ചുപോകുന്ന ഇവ അടുത്ത വര്‍ഷവും ഇതേ കൂട്ടില്‍ത്തന്നെ മുട്ടയിടാറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. മരക്കൊമ്പിന്റെ ചില്ലകളില്‍ കൂട്ടമായി സദാസമയവും വലിയ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന ഇവ ഗ്രാമവാസികള്‍ക്കു തലവേദനയാണെങ്കിലും അതവര്‍ സന്തോഷത്തോടെ സഹിക്കുന്നു. ഇന്ത്യയിലെ 21 പക്ഷി പ്രജനനകേന്ദ്രങ്ങളില്‍ കൊക്കരബല്ലൂര്‍ ഗ്രാമവും ഉള്‍പ്പെടുന്നു.
ദക്ഷിണഭാരതത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ കാവേരിയുടെ പോഷകനദിയായ ഷിംസാ നദി ഈ ഗ്രാമത്തെ ചുറ്റിയൊഴുകുന്നു. ധാരാളം മത്സ്യങ്ങളുള്ള ഈ നദിയില്‍ എപ്പോഴും നിരവധി ദേശാടനപ്പക്ഷികളെ കാണാം. മൈലുകള്‍ താണ്ടിയുള്ള അവയുടെ വരവിനു പിന്നില്‍ ഈ മത്സ്യസമ്പത്തും ഒരു കാരണമാകാം. കൂടാതെ, ഗ്രാമത്തെച്ചുറ്റി അനവധി കുളങ്ങളുണ്ട്. അതില്‍ ചിലതാണ് തൈലൂര്‍ കേരെ, മധൂര്‍ കേരെ എന്നിവ. കുളത്തിലുള്ള മത്സ്യങ്ങള്‍ പക്ഷികളുടെ ആഹാരത്തിനായി ഗ്രാമവാസികള്‍ വിട്ടുകൊടുക്കുന്നു. പക്ഷികള്‍ക്കു കൂടൊരുക്കുന്നതിനു സൗകര്യപ്രദമായ പുളിമരങ്ങളും പടര്‍ന്നു പന്തലിച്ച വന്‍മരങ്ങളും ഇവിടെ ധാരാളം.
നാഗരികത ഒട്ടും കടന്നുവരാത്ത പാവങ്ങളുടെ ഗ്രാമമാണ് കൊക്കരബല്ലൂര്‍. പച്ചമണ്ണുകൊണ്ടു നിര്‍മിച്ച ഒറ്റമുറി വീടുകളാണധികവും. ചെന്നെത്താനുള്ള റോഡുകളും പൊട്ടിപ്പൊളിഞ്ഞ നിലയില്‍ത്തന്നെ. റോഡിന്റെ ഇരുവശങ്ങളിലും കരിമ്പ്, റാഗി, കടല, ചോളം, മല്ലി എന്നിവ കൃഷി ചെയ്തിരിക്കുന്നു. പുളിമരങ്ങള്‍ ഗ്രാമവാസികളുടെ വരുമാനമാര്‍ഗമായിരുന്നു. പറവകളുടെ വരവോടെ അതു നിലച്ചു. മണ്ണിലെ കൃഷികളും മുടങ്ങി. പക്ഷികള്‍ കൂടു കൂട്ടുന്ന മരങ്ങള്‍ മുറിക്കുന്നത് നിയമം മൂലം തടഞ്ഞിട്ടുണ്ട്. ഇവയെ പരിപാലിക്കുന്നതിനും അവയ്ക്കു കൂടു കൂട്ടുന്നതിനും മറ്റുമായി കൂടുതല്‍ സഹായം ഗ്രാമവാസികള്‍ ചെയ്തു കൊടുക്കുന്നതിനുവേണ്ടി തദ്ദേശഗ്രാമതലത്തിലുള്ള ഒരു സംഘത്തിന് കര്‍ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, മാണ്ഡ്യ ജില്ലാ പഞ്ചായത്ത്, ജലസേചനവകുപ്പ്, മത്സ്യഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്.
ഗ്രാമവാസികള്‍ക്കു കൃഷിനാശത്തിനു നഷ്ടപരിഹാരമായി തുല്യമായ തുക നല്‍കുന്നുണ്ട്. ഗ്രാമവന സംഘത്തിനു പക്ഷികളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും കൂടുതല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും അവയുടെ കാഷ്ഠം ശേഖരിച്ച് വളമായി ഉപയോഗിക്കുന്നതിനും പണം ഗ്രാന്റായി നല്‍കുന്നു. പക്ഷിക്കാഷ്ഠത്തില്‍നിന്നു വന്‍തോതില്‍ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ലഭിക്കുന്നതിനാല്‍ അതും ഗ്രാമവാസികള്‍ക്കു വരുമാനമാര്‍ഗമാണ്. ഗ്രാമത്തില്‍ക്കൂടി ചുറ്റിസഞ്ചരിച്ചാല്‍ തലങ്ങും വിലങ്ങും, വലുതും ചെറുതുമായ പെലിക്കന്‍ പക്ഷികളും പെയന്റ് സ്റ്റോര്‍ക്കുകളും പറക്കുന്നതു കാണാം. എല്ലാ വൃക്ഷങ്ങളിലുംതന്നെ നിറയെ പറവകളുണ്ടാകും. ഇവയുടെ ചലനങ്ങളോരോന്നും വളരെ കൗതുകം നിറഞ്ഞതാണ്. പക്ഷികളുടെ ഫോട്ടോ എടുക്കുന്നവര്‍ക്ക് ഈ സ്ഥലം ഏറെ പ്രിയങ്കരമാണ്. ഏഷ്യയിലെ പല രാജ്യങ്ങളിലായി മുപ്പതിനായിരത്തോളം ദേശാടനപ്പറവകള്‍ വന്നുപോകുന്നതായി കണക്കാക്കപ്പെടുന്നു. 2006 ലെ കണക്കനുസരിച്ച് തെക്കേയിന്ത്യയിലെ കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളില്‍ മാത്രമായി ഏകദേശം അയ്യായിരം പക്ഷികളുണ്ടായിരുന്നു.
ശക്തിയായ കാലവര്‍ഷത്തിനുശേഷം സെപ്റ്റംബര്‍ മാസത്തോടെ ഈ പറവകള്‍ കൂട്ടമായി എത്തുന്നു. കൂടുകൂട്ടി ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ മുട്ടയിട്ട് അടയിരിക്കുന്നു. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ക്കു ചിറകു മുളയ്ക്കാന്‍ മൂന്നു മാസമെടുക്കും. വേനല്‍ക്കാലംവരെ കുഞ്ഞുങ്ങള്‍ക്കു തീറ്റകൊടുത്തു വളര്‍ത്തും. വേനലിന്റെ കൊടുംചൂടു തുടങ്ങുമ്പോള്‍ ഏപ്രില്‍, മേയ് മാസം മുതല്‍ ഇവ സ്വന്തം നാട്ടിലേക്കു പറന്നകലും. ഇത് കാലാകാലങ്ങളില്‍ നടക്കുന്ന ഒരു പ്രക്രിയയാണ്. തത്കാലത്തേക്കെങ്കിലും പക്ഷികളുടെ ഈ കൂടുമാറ്റത്തില്‍ ഗ്രാമവാസികള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദുഃഖമുണ്ട്.
പക്ഷികളെ കാണുന്നതിനുള്ള ഏറ്റവും നല്ല സമയം ഡിസംബര്‍, ജനുവരി മാസങ്ങളാണ്. ഈ സമയം ടൂറിസ്റ്റുകളുടെ തിരക്കാണ്. ഗ്രാമമദ്ധ്യത്തിലുള്ള മരങ്ങളില്‍ വളരെ സ്വതന്ത്രമായി വിഹരിക്കുകയും മനുഷ്യരുമായി സൗഹൃദത്തില്‍ ജീവിക്കുകയും ചെയ്യുന്ന ഈ പറവകള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. മരക്കൊമ്പിലെ കൂടുകളില്‍നിന്നു ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ താഴെ വീഴാറുണ്ട്. ഗ്രാമവാസികള്‍ അവയെ പരിചരിക്കും. ഇവയുടെ കൂടുകള്‍ സംരക്ഷിക്കുന്നതിനും മറ്റുമായി മൈസൂര്‍ അമ്വച്ചര്‍ നാച്ച്വറലിസ്റ്റ് (മോന്‍) എന്ന സംഘടന ഗ്രാമവാസികളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. മൈസൂറില്‍നിന്നു ശ്രീരംഗപട്ടണത്തിലുള്ള രംഗണത്തിട്ടു പക്ഷി സങ്കേതത്തിലേക്ക് 18 കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടെയുള്ള പറവകള്‍ കൊക്കരബല്ലൂരിലേക്കും കൊക്കരബല്ലൂരുള്ളവ രംഗണത്തിട്ടുവിലേക്കും ഷട്ടില്‍ സര്‍വ്വീസു നടത്തുന്നതു കാണാം.
ബാംഗ്ലൂര്‍ സിറ്റിയില്‍നിന്നു ബാംഗ്ലൂര്‍-മൈസൂര്‍ ഹൈവേയില്‍ 83 കിലോമീറ്റര്‍ (52 മൈല്‍) സഞ്ചരിച്ച് അവിടെനിന്ന് കൊക്കരബല്ലൂര്‍ എന്നെഴുതിയ ബ്രാഞ്ച് റോഡില്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പറവകളുടെ ഗ്രാമമായ കൊക്കരബല്ലൂരിലെത്താം. ബസിലാണെങ്കില്‍ കോഫിഡേ എന്ന ലാന്‍മാര്‍ക്ക് ഹോട്ടലിനു മുന്നിലിറങ്ങണം. ബാംഗ്ലൂരില്‍നിന്നു മൈസൂറിലേക്ക് ഓരോ മൂന്നു മിനിറ്റിലും സര്‍വീസുണ്ട്. അടുത്ത റെയില്‍വേ സ്റ്റേഷന്‍ മാണ്ഡ്യയും മധൂരുമാണ്. 2007ല്‍ വന്യജീവി സംരക്ഷണനിയമപ്രകാരം കൊക്കരബല്ലൂരിനെ കമ്മ്യൂണിറ്റി റിസര്‍വ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.