•  28 Nov 2024
  •  ദീപം 57
  •  നാളം 38
യാത്ര

ഹരം പിടിപ്പിക്കുന്ന ഡോള്‍ഫിന്‍ ഷോ

പുരാതനകാലംമുതല്‍ മനുഷ്യന്‍ വിനോദങ്ങള്‍ക്കായി പക്ഷിമൃഗാദികളെയും മത്സ്യങ്ങളെയും ഉപയോഗിച്ചിരുന്നു. ഡോള്‍ഫിന്‍ എന്നയിനം മത്സ്യങ്ങളെക്കൊണ്ട് പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്ന ''ഡോള്‍ഫിന്‍'' ഷോകള്‍ സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നു. ഓസ്‌ട്രേലിയായിലെ ക്വീന്‍സ് ലാന്റിലുള്ള ഗോള്‍ഡ് കോസ്റ്റില്‍ ഡോള്‍ഫിന്‍ ഷോകള്‍ക്കായി 1971 ല്‍ സ്ഥാപിതമായ ഒരു വലിയ കൃത്രിമ ജലാശയപാര്‍ക്കാണ് സീ വേള്‍ഡ്. ഓവല്‍മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന വലിയ ഒരു തടാകമാണ് ഇതിനുവേണ്ടിയൊരുക്കിയിരിക്കുന്നത്. ഡോള്‍ഫിനുകളെ വളരെ നാളത്തെ വിദഗ്ധപരിശീലനങ്ങള്‍ക്കുശേഷം  ഷോകളില്‍ ഉള്‍പ്പെടുത്തുന്നു. ഈ മത്സ്യങ്ങള്‍ക്കു പരിശീലനം കൊടുക്കാന്‍ അതിവിദഗ്ധരായ പരിശീലകരുണ്ട്. യഥാര്‍ത്ഥ സമുദ്രമെന്നു തോന്നിക്കാന്‍ കുറഞ്ഞത് 35 അടിയെങ്കിലും ആഴത്തിലാണ് ജലസ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.
ഷോ കാണാന്‍ വിശാലമായ സ്റ്റേഡിയം മുഴുവന്‍ ആള്‍ക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കും. ഷോ ആരംഭിക്കാനുള്ള മണി മുഴങ്ങി. ഇതില്‍ പങ്കെടുക്കുന്ന ഡോള്‍ഫിനും ഓരോ പേരുകള്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ചാണ് ഇവ സ്റ്റേജിന്റെ പുറകില്‍നിന്നു ജലാശയത്തിന്റെ മുമ്പിലേക്കു വരുന്നത്. 'ഹെര്‍ക്കുലീസ്' എന്ന് പേരിട്ടിരിക്കുന്ന ഡോള്‍ഫിനെ മൈക്കില്‍ക്കൂടി സ്വാഗതം ചെയ്യുമ്പോള്‍ കാണികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സൈഡില്‍ക്കൂടി അത് ജലാശയത്തിലേക്കു നീന്തിവരുന്നു. പിന്നീട് പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങള്‍. മലര്‍ന്നുകിടന്നുള്ള നീന്തല്‍, സംഗീതത്തിനൊപ്പം ഡാന്‍സ് ചെയ്യാന്‍ വാല്‍ഭാഗം മാത്രം ജലത്തില്‍ കുത്തിയുള്ള നീന്തല്‍, ആറു വളയങ്ങളില്‍ക്കൂടി ചാടുക തുടങ്ങിയ വിവിധ തരത്തിലുള്ള അഭ്യാസങ്ങള്‍ കഴിയുമ്പോള്‍ അടുത്തതിന്റെ പേര് വിളിച്ചുകഴിഞ്ഞു, മത്സ്യകന്യക ഡയാന. ഈ സമയം ഹെര്‍ക്കുലീസ് മറുവശത്തുകൂടി അപ്രത്യക്ഷമാകും. ഡയാന നീന്തി ജലാശയത്തിന്റെ നടുഭാഗത്ത് വന്നു വട്ടത്തില്‍ കറങ്ങി കാണികളെയെല്ലാം ഒന്നു വീക്ഷിക്കും. 25 അടിയോളം ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന മൂന്നു വലിയ പന്തുകള്‍ ലക്ഷ്യമാക്കി വെള്ളത്തില്‍നിന്നു മുകളിലേക്കുയര്‍ന്നു കൃത്യമായി ചുണ്ടുകള്‍കൊണ്ട് പന്ത് തെറിപ്പിക്കും.
ഇങ്ങനെ പേരു വിളിക്കുന്നതനുസരിച്ച് ഡോള്‍ഫിനുകള്‍ വ്യത്യസ്തങ്ങളായ നിരവധി പ്രകടനങ്ങള്‍ കാഴ്ചവയ്ക്കും. കരയില്‍ നില്‍ക്കുന്ന ഒരു യുവസുന്ദരിയെ മുതുകിലിരുത്തി സ്റ്റേഡിയത്തിനു ചുറ്റും മൂന്നു പ്രാവശ്യം വലംവച്ചതിനുശേഷം വെള്ളത്തിലേക്കു താഴ്ന്ന് സ്റ്റേജിന്റെ നടുഭാഗത്തായി ഉയര്‍ന്നു ചുണ്ടിന്റെ അഗ്രത്തു നിര്‍ത്തി 25 അടി ഉയരത്തിലേക്ക് പൊക്കി എറിയുമ്പോള്‍ കാണികള്‍ ആവേശംമൂത്ത് കരഘോഷം മുഴക്കി ആര്‍ത്തുവിളിക്കും. ഓരോ കളിയും കഴിയുമ്പോള്‍ ഡോള്‍ഫിനുകള്‍ക്ക് മൂന്നോ നാലോ ചെറുമത്സ്യങ്ങള്‍ അപ്പോള്‍ത്തന്നെ സമ്മാനമായി വായിലിട്ടു കൊടുക്കും. അടുത്തത്, വായുനിറച്ച മോട്ടോര്‍ ബോട്ടിന്റെ അതേ സ്പീഡില്‍ ബോട്ടിനൊപ്പം സഞ്ചരിച്ചതിനുശേഷം ബോട്ടിനു മുകളില്‍ക്കൂടി കുറുകെ വട്ടത്തില്‍ വെള്ളത്തിലേക്കു ചാടും. ഇത് പലപ്രാവശ്യമാവര്‍ത്തിക്കും. ഈ സമയം സ്റ്റേജിന്റെ അടുത്തിരിക്കുന്ന കുറെപ്പേരുടെയെങ്കിലും ദേഹത്ത് നന്നായി വെള്ളം തെറിച്ച് കുളിച്ച പരുവമാകും.
ഡോള്‍ഫിന്‍ ഒരു പെണ്‍കൊടിയെ ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുവളയത്തില്‍ക്കൂടി ചാടിക്കും. ജലത്തിനടിയിലേക്കു പോകുന്ന പെണ്‍കുട്ടിയെ മുതുകിലേറ്റി കരയിലെത്തിക്കും. ഷോ നടക്കുന്ന സമയങ്ങളിലെല്ലാം അല്പവസ്ത്രധാരികളായ യുവസുന്ദരിമാരുടെ ഡാന്‍സും പാട്ടുമെല്ലാം എല്ലാവര്‍ക്കും ദര്‍ശിക്കത്തക്കപോലെ നടന്നുകൊണ്ടിരിക്കും. അടുത്തത്, രണ്ടടി വീതം അകലത്തില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ആറ് ഇരുമ്പുവളയങ്ങളില്‍ക്കൂടിയുള്ള ചാട്ടമാണ്. വെള്ളത്തിനടിയിലേക്കു പാഞ്ഞുപോകുന്ന ആറു ഡോള്‍ഫിനുകള്‍ ഒന്നിനു പിറകെ ഒന്നൊന്നായി 25 അടി ഉയരത്തില്‍ ലക്ഷ്യം തെറ്റാതെ കൃത്യമായി ഈ വളയങ്ങളില്‍ക്കൂടി ചാടി നമ്മെ അമ്പരപ്പിക്കും.
രണ്ടു ഡോള്‍ഫിനുകളുടെ പുറത്ത് ഓരോ കാല്‍ ചവുട്ടിനിന്നുള്ള സവാരിയും അതിശയിപ്പിക്കുന്നതാണ്.  കയറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബോട്ട് ഡോള്‍ഫിനെക്കൊണ്ട് കടിച്ചുവലിപ്പിക്കുന്നതും വേറിട്ട ഒരു കാഴ്ചയാണ്. ഇടവേളകളില്‍ ഇതില്‍ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരുടെയും കലാകാരികളുടെയും ജലവിനോദ കായികാഭ്യാസപ്രകടനങ്ങളും നമുക്കു കണ്ടാസ്വദിക്കാം. ആറു ഡോള്‍ഫിനുകള്‍ ജലത്തില്‍നിന്ന് ഒരേപോലെ ഉയര്‍ന്ന് 25 അടി മുകളിലെത്തിയശേഷം താഴേക്കു പിരിഞ്ഞുപിരിഞ്ഞ് കറങ്ങിവരുന്ന സീന്‍ കാണികളെ ഏറെ രസിപ്പിക്കും. മുകളില്‍ക്കൂടി തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കടല്‍പ്രാവുകളും കേബിള്‍ കാറുകളും കാണാം. വെള്ളം നിറഞ്ഞുനില്‍ക്കുന്ന സ്റ്റേഡിയത്തിന്റെ ഓരങ്ങളില്‍ പെലിക്കന്‍ പക്ഷികള്‍ വിഹരിക്കുന്നു. എട്ടു ഡോള്‍ഫിനുകള്‍ ചേര്‍ന്ന് പന്ത്രണ്ടു യുവസുന്ദരിമാരെ വഹിച്ചുകൊണ്ടുള്ള അഭ്യാസങ്ങള്‍ മറ്റൊരു ഡോള്‍ഫിന്‍ ഷോകളിലും കാണാന്‍ പറ്റാത്തതാണ്. പന്ത്രണ്ടു പേരും വെള്ളത്തിനുമുകളില്‍ ചേര്‍ന്നു കിടക്കും. ഓരോ ഡോള്‍ഫിനും അടിയില്‍കൂടിവന്ന് പന്ത്രണ്ടു പേരുടെയും മുകളില്‍ക്കൂടി വൃത്താകൃതിയില്‍ രണ്ടു പ്രാവശ്യം വീതം ചാടും. ഇതും മറ്റു ഡോള്‍ഫിന്‍ ഷോകളെക്കാള്‍ വ്യത്യസ്തമാണ്. യുവതികളെ കരയിലെത്തിച്ചശേഷം എല്ലാ ഡോള്‍ഫിനുകളും വട്ടത്തില്‍നിന്ന് ഒരു പന്തുകളിയുണ്ട്. ഒടുവില്‍, വെള്ളത്തിലുള്ള എല്ലാ ഡോള്‍ഫിനുകളും തലകീഴായി വരിവരിയായി വാലറ്റം മാത്രം മുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് നമുക്ക് റ്റാ റ്റാ തരുന്നതോടുകൂടി ഒരു ഷോ അവസാനിക്കുന്നു. ഏകദേശം രണ്ടര മണിക്കൂര്‍ സമയം നാം മറ്റൊരു ലോകത്തിലാണെന്നു തോന്നും.  ബലൂഗാ എന്നയിനം തിമിംഗലങ്ങളെയും പരിശീലിപ്പിച്ച് ഈ ജലസര്‍ക്കസ്സില്‍ ഉള്‍പ്പെടുത്താറുണ്ട്. പതിനൊന്നു മണിക്കും മൂന്നു മണിക്കും രണ്ടു ഷോകള്‍ വീതം ഇവിടെ അരങ്ങേറുന്നു. സീ വേള്‍ഡ് ഡോള്‍ഫിന്‍ മറൈന്‍ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ ഡോള്‍ഫിനൊപ്പം നീന്തുന്നതിന് പരിശീലനം നല്‍കുന്നുണ്ട്. സിഡ്‌നിയില്‍നിന്ന് 840 കിലോമീറ്റര്‍ ദൂരമുള്ള ഗോള്‍ഡ് കോസ്റ്റിലേക്കു യാത്ര ചെയ്യാന്‍ ഫ്‌ളൈറ്റ്, ട്രെയിന്‍, ബസ്, കാര്‍ തുടങ്ങിയ പലവിധ സൗകര്യങ്ങളുമുണ്ട്. ഒരു മണിക്കൂര്‍ 20 മിനിട്ടുകൊണ്ട് ഫ്‌ളൈറ്റിലും പത്തു മണിക്കൂര്‍കൊണ്ട് ട്രെയിനിലും ചെന്നെത്താം. ലോകജലവിനോദാഭ്യാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഇനമായ ഈ ഷോ ഇപ്പോള്‍ അമേരിക്ക, റഷ്യ, ജപ്പാന്‍, സിംഗപ്പൂര്‍, തായ്‌ലാന്റ് തുടങ്ങിയ ലോകത്തിലെ നിരവധി രാജ്യങ്ങളിലും നിലവിലുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)