•  28 Mar 2024
  •  ദീപം 57
  •  നാളം 4
യാത്ര

അദ്ഭുതകരം ഈ പിരിയന്‍ഗോവണി

ആണിയോ പശയോ ഇടയ്ക്കു താങ്ങോ ഇല്ലാത്ത ഈ ചുറ്റുഗോവണി വിശുദ്ധ യൗസേപ്പിനാല്‍ നിര്‍മിതമെന്നു വിശ്വസിക്കപ്പെടുന്നു.

ടക്കേ അമേരിക്കയുടെ തെക്കു ഭാഗത്തുള്ള ന്യൂ മെക്‌സിക്കോ നഗരത്തിലെ സാന്താ ഫെയില്‍ സ്ഥിതിചെയ്യുന്ന ഒരു റോമന്‍ കത്തോലിക്കാ ദൈവാലയമാണ് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ലൊറേറ്റോ ചാപ്പല്‍. ഇതിനോടു ചേര്‍ന്നു സിസ്റ്റേഴ്‌സ് നടത്തുന്ന അക്കാദമി സ്‌കൂളും നിലകൊള്ളുന്നു. 1873 ല്‍ പണി തുടങ്ങിയ ചാപ്പല്‍ 1878 ല്‍ പൂര്‍ത്തിയാക്കി. പുരാതന ഗോഥിക് ശൈലിയിലുള്ള ഗ്ലാസ് ജാലകങ്ങള്‍, ഗോപുരങ്ങള്‍, സ്റ്റീല്‍ ബീമുകള്‍ തുടങ്ങി പണികള്‍ക്കുള്ള എല്ലാ സാമഗ്രികളും ഫ്രാന്‍സില്‍നിന്നാണു കൊണ്ടുവന്നത്. പ്രാദേശികമായി ഖനനം ചെയ്‌തെടുത്ത മണല്‍ക്കല്ലുകൊണ്ടാണ് ചാപ്പലിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. ഇതിന്റെ രൂപകല്പന നിര്‍വഹിച്ചത് ആന്റോയില്‍ മൗലിയും അദ്ദേഹത്തിന്റെ മകന്‍ പ്രോജക്റ്റസും ചേര്‍ന്നായിരുന്നു.
ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായപ്പോഴാണ് സിസ്റ്റേഴ്‌സിന് ഒരു കാര്യം മനസ്സിലാകുന്നത്, ഗായകസംഘത്തിനു കയറാനുള്ള പ്രത്യേക സ്റ്റെയര്‍കേസ് ഇല്ല. ഈയവസരത്തില്‍ പ്രധാന ആര്‍ക്കിടെക്റ്ററായിരുന്ന ആന്റോയില്‍ മൗലി മരണമടഞ്ഞു. പുതിയ ഗോവണി നിര്‍മിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ മകനും നിശ്ചയമില്ലായിരുന്നു. ഇത് സിസ്റ്റേഴ്‌സിനെ വല്ലാതെ വിഷമിപ്പിച്ചു. ദൈവാലയനിര്‍മിതിക്കു താത്കാലികമായി തീര്‍ത്ത സ്റ്റെയര്‍കേസിലൂടെയാണ് ഗായകസംഘങ്ങള്‍ക്കു പ്രവേശിക്കേണ്ടിയിരുന്നത്. ഈ ഗോവണി പൊളിച്ചുനീക്കാനുള്ളതായിരുന്നു. 20 അടി ഉയരത്തില്‍ കുത്തനെ തീര്‍ത്തിരുന്ന ഇതില്‍ക്കൂടി കയറിയിറങ്ങുന്നത് ദുഷ്‌കരമായിരുന്നു. സിസ്റ്റേഴ്‌സ് ഉള്‍പ്പെടെ പലര്‍ക്കും ഇതില്‍നിന്നു വീണു പരുക്കു പറ്റിയിട്ടുണ്ട്.
പുതിയ ഗോവണി നിര്‍മിക്കുന്നതിനായി പല വിദഗ്ധരെയും സമീപിച്ചു. പലരും വന്നു നോക്കിയതല്ലാതെ കാര്യത്തിന് ഒരു തീരുമാനവുമുണ്ടായില്ല. ചെറിയ ചാപ്പലായിരുന്നതിനാല്‍ സ്റ്റെയര്‍കേസ് പണിയേണ്ട ഭാഗത്ത് വേണ്ടത്ര സ്ഥലസൗകര്യം കുറയുമെന്നും കാഴ്ചയ്ക്ക് അഭംഗിയാണെന്നുമൊക്കെ പറഞ്ഞ് എല്ലാവരും പിന്മാറി.
ഒടുവില്‍ ലൊറേറ്റോ ചാപ്പലിലെ കന്യാസ്ത്രീകള്‍ ഒരു പ്രത്യേക നിയോഗമെടുത്ത് ഒന്‍പതു ദിവസം ആശാരിമാരുടെ രക്ഷാധികാരിയായ വി. യൗസേപ്പിതാവിനോടുള്ള നൊവേന ചൊല്ലി മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. നൊവേനയുടെ ഒന്‍പതാം ദിവസം മദ്ധ്യവയസ്‌കനായ ഒരപരിചിതന്‍, ഗോവണി പണിയാന്‍ ആളെ ആവശ്യമുണ്ടെന്നറിഞ്ഞു വന്നതാണെന്നറിയിച്ചു. സിസ്റ്റേഴ്‌സിനു സന്തോഷമായി. ലളിതമായ ഏതാനും ഉപകരണങ്ങള്‍കൊണ്ട് അദ്ദേഹം ഒറ്റയ്ക്ക് ജോലി ആരംഭിച്ചു. പണികള്‍ക്കുള്ള തടി അദ്ദേഹം കൊണ്ടുവരികയോ സിസ്റ്റേഴ്‌സ് നല്‍കുകയോ ചെയ്തില്ല. ഒറ്റ രാത്രികൊണ്ട് ഗോവണി പൂര്‍ത്തിയാക്കിയെന്നും, അതല്ല, ആറുമാസംകൊണ്ടാണ് നിര്‍മിച്ചതെന്നും പറയപ്പെടുന്നു.
ഒരു പാമ്പ് മരത്തില്‍ ചുറ്റിപ്പിണഞ്ഞു കയറുന്നതു പോലെ ഇരുപതടി നീളത്തിലുള്ള ഒരു ചുറ്റുഗോവണി അദ്ദേഹം പണിതു തീര്‍ത്തു. ആശാരിപ്പണിയുടെയും ശില്പകലയുടെയും വളരെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ് ഈ സര്‍പ്പിളഗോവണി. യാതൊരുവിധ സെന്‍ട്രല്‍ സപ്പോര്‍ട്ടും കൊടുക്കാതെ ഇത്രയും ഉയരത്തില്‍ പണിത ഈ പിരിയന്‍ ഗോവണി ഒരദ്ഭുത കലാസൃഷ്ടിയായി നിലനില്‍ക്കുന്നു. യേശുക്രിസ്തുവിന്റെ 33 വയസ്സിനെ അനുസ്മരിച്ചുകൊണ്ട് ഈ ഗോവണിക്ക് 33 പടികളാണുള്ളത്. ഇന്നത്തേതുപോലെ ആധുനിക ഉപകരണങ്ങളോ മറ്റു സൗകര്യങ്ങളോ ഒന്നുമില്ലാത്ത ഒരു കാലത്താണ് സഹായത്തിനുപോലും ആളില്ലാതെ അദ്ദേഹം ഒറ്റയ്ക്ക് ഇതു നിര്‍മിച്ചത്. നല്ലൊരു ശില്പകലാകാരനു മാത്രമേ ഇതുപോലൊരു പിരിയന്‍ഗോവണിയെപ്പറ്റി ചിന്തിക്കാനൊക്കൂ. ആണിയോ പശയോ ഒന്നും ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചിട്ടില്ല. വളരെയധികം ശില്പികളും, ആശാരിപ്പണിയില്‍ അതിവിദഗ്ധരും, നിരവധി എന്‍ജിനീയര്‍മാരും ഈ ഗോവണി കണ്ട് അമ്പരന്നുനിന്നിട്ടുണ്ട്. ഇതെങ്ങനെ നിര്‍മിച്ചുവെന്ന് ആര്‍ക്കും ഇതേവരെ പിടികിട്ടിയിട്ടില്ല. ഈ ചുറ്റുഗോവണിപ്പടികളില്‍ പന്ത്രണ്ടു ഗായകസംഘങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്ന ചിത്രമുണ്ട്. നടുഭാഗത്ത് എങ്ങനെ ഭാരം താങ്ങുന്നു എന്നത് ഇന്നും അജ്ഞാതമാണ്.
ഗോവണിയുടെ പണികള്‍ പൂര്‍ത്തിയാക്കിയശേഷം ഒരു ദിവസം ആശാരി പ്രതിഫലമൊന്നും വാങ്ങാതെ കടന്നുകളഞ്ഞു. ഇത് സിസ്റ്റേഴ്‌സിനെ അദ്ഭുതപ്പെടുത്തി. അദ്ദേഹത്തെ അന്വേഷിച്ചുകണ്ടെത്തി പ്രതിഫലം നല്‍കുവാന്‍ അവര്‍ സമീപപ്രദേശങ്ങളിലുള്ള പല തടിവ്യാപാരികളെയും ആശാരിമാരെയും ശില്പവിദഗ്ധരെയും ഒടുവില്‍ അയല്‍സംസ്ഥാനങ്ങളിലും അന്വേഷിച്ചെങ്കിലും ഈ ആശാരിയെപ്പറ്റി ആര്‍ക്കും ഒരു വിവരവുമറിഞ്ഞുകൂടാ. പത്രങ്ങളില്‍ പ്രത്യേക അറിയിപ്പായി പരസ്യവും പ്രസിദ്ധപ്പെടുത്തി. അദ്ദേഹമാരെന്നോ എന്തുകൊണ്ടാണ് പ്രതിഫലം വാങ്ങാതെ കടന്നുകളഞ്ഞതെന്നോ ആര്‍ക്കുമറിയില്ല. സിസ്റ്റേഴ്‌സ് അതിന്റെ നിര്‍മാതാവിനെയും നിര്‍മാണത്തെയും വിലയിരുത്തിക്കൊണ്ട് സെന്റ് ജോസഫിന് പ്രത്യേക പ്രാധാന്യം നല്‍കി ആദരിക്കുകയും ചെയ്തു.
ഒടുവില്‍, സിസ്റ്റേഴ്‌സ് ഒരു നിഗമനത്തിലെത്തി, ഈ അദ്ഭുതഗോവണി പണിതത് ശരിക്കും യൗസേപ്പിതാവുതന്നെ. തങ്ങളുടെ നൊവേനയ്ക്കു ഫലം കണ്ടതില്‍ അവര്‍ സന്തോഷിച്ചു. ഈ സംഭവം പുറത്തറിഞ്ഞവരെല്ലാം ഗോവണി കാണാനെത്തിത്തുടങ്ങി. ഇതോടുകൂടി ഇവിടം വലിയൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറി. ഒരു വര്‍ഷം മൂന്നു ലക്ഷത്തോളം സന്ദര്‍ശകര്‍ ഇവിടെ വന്നുപോകുന്നു ലൊറേറ്റോ ഗോവണിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ച മരത്തെപ്പറ്റി ഇപ്പോഴും തര്‍ക്കം നടക്കുന്നു. വടക്കേ അമേരിക്കയിലെ പത്തു തരം സ്പൂസ് തടികളില്‍ ഒരിനമാണെന്ന് പറയപ്പെടുന്നു. തടിയുടെ സാമ്പിള്‍ കിട്ടാത്തതിനാല്‍ ഇക്കാര്യത്തില്‍ ഉറച്ച തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിപ്പോള്‍ സ്വകാര്യവ്യക്തികളുടെ  മ്യൂസിയമായും വിവാഹവേദിയായും മാറിയിരിക്കുന്നു.
1998 ല്‍ ബാര്‍ബറ ഹെര്‍ഷിയും വില്യം പീറ്റേഴ്‌സ്ണും അഭിനയിച്ച, 'മിറക്കിള്‍ സ്റ്റെയര്‍കേസ്' എന്ന പേരില്‍    ഒരു ടെലിവിഷന്‍ ചിത്രം ഇറങ്ങിയിട്ടുണ്ട്. ബോംബെയില്‍നിന്ന് വിമാനമാര്‍ഗം 22 മണിക്കൂര്‍കൊണ്ട് മെക്‌സിക്കോയിലെ സാന്താഫെ റീജിയണല്‍ എയര്‍പോര്‍ട്ടിലെത്താം. അവിടെനിന്ന് 18 കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാല്‍ ലൊറേറ്റോ ചാപ്പലിലെത്തും. 360 ഡിഗ്രിയോളം ചരിഞ്ഞ് വളഞ്ഞുപുളഞ്ഞു പോകുന്ന ഈ സ്‌പൈറല്‍ ഗോവണി ശാസ്ത്രത്തെയും സന്ദര്‍ശകരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വിസ്മയമായി നിലകൊള്ളുന്നു.

 

Login log record inserted successfully!