യൂറോപ്പിന്റെ തെക്കുപടിഞ്ഞാറ് അറ്റ്‌ലാന്റിക് മഹാസമുദ്രതീരത്തുള്ള ഒരു ഉഷ്ണമേഖലാരാജ്യമാണ് പോര്‍ച്ചുഗല്‍. പോര്‍ച്ചുഗലിന്റെ മധ്യമേഖലയിലുള്ള സാന്താരം ജില്ലയിലെ ഫാത്തിമയില്‍ കോവഡ ഇരിയാ എന്ന സ്ഥലത്താണ് മൂന്ന് ആട്ടിടയക്കുട്ടികള്‍ക്കു പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു ദര്‍ശനം നല്‍കിയത്. ഫാത്തിമയില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന അല്‍ജ്യൂസ് ട്രെലില്‍ എന്ന സ്ഥലത്താണ് ഈ മൂന്നു കുട്ടികളും ജനിച്ചത്. യൂറോപ്പിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന പോര്‍ച്ചുഗല്‍ 20-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളില്‍ എല്ലാവിധത്തിലും ആധുനികവത്കരിക്കപ്പെട്ട് സമ്പന്നരാജ്യമായി. നിരവധി ഗ്രാമപ്രദേശങ്ങളും കൂറ്റന്‍ പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും കുന്നിന്‍പുറങ്ങളും പ്രകൃതിമനോഹരമായ അനേക കാഴ്ചകളും ഉള്‍ക്കൊള്ളുന്ന നഗരമാണ് ഫാത്തിമ.
ലൂസി, ജസീന്താ, ഫ്രാന്‍സീസ് എന്നീ മൂന്ന് ആട്ടിടയക്കുട്ടികള്‍ക്കാണ് പരി. അമ്മയുടെ ദര്‍ശനമുണ്ടായത്. ഇതില്‍ ലൂസിയുടെ കസിന്‍സാണ് സഹോദരങ്ങളായ ജസീന്തയും ഫ്രാന്‍സീസും. 1917 മേയ് 13 ന് പതിവുപോലെ ഒരിക്കല്‍ അവര്‍ ഒരു കുന്നിന്‍ചെരുവില്‍ ആടുകളെ മേയ്ച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പ്രത്യേക ഇളംകാറ്റ് അവരെ തഴുകിക്കടന്നുപോയി. പെട്ടെന്നുതന്നെ അവിടമെല്ലാം സുഗന്ധപൂരിതമായി. അവര്‍ക്കൊന്നും മനസ്സിലായില്ല. അവര്‍ പരസ്പരം ഇതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ തൊട്ടടുത്തുള്ള ഒരു കുറ്റിച്ചെടിയുടെ മുകളില്‍ സൂര്യതേജസ്സിനെക്കാള്‍ വെല്ലുന്ന സ്വര്‍ണശോഭയോടെ തിളങ്ങുന്ന ഒരു പ്രഭാവലയം കാണപ്പെട്ടു. ഉച്ചസമയമായിരുന്നിട്ടും ഈ പ്രകാശം വേര്‍തിരിച്ചറിഞ്ഞ ഇവര്‍ ഭയന്നുപോയി. പ്രകാശവലയത്തിനുള്ളില്‍ തിളങ്ങുന്ന വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം തെളിഞ്ഞുവരുന്നു. അവരുടെ കണ്ണുകള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സ്ത്രീരൂപം പൂര്‍ണമായി തെളിഞ്ഞുകഴിഞ്ഞപ്പോള്‍ അത് പരിശുദ്ധ കന്യകാമറിയമാണെന്നവര്‍ക്കു ബോധ്യപ്പെട്ടു. അവര്‍ മുട്ടിന്മേല്‍നിന്നു പ്രാര്‍ത്ഥിച്ചു. ആദ്യം ജസീന്തയ്ക്കും ഫ്രാന്‍സീസിനുമാണ് ദര്‍ശനമേകിയത്. പിന്നീടാണ് ലൂസിക്കു ദര്‍ശനം കിട്ടുന്നത്. ഈ സംഭവം ലോകമെങ്ങും പ്രസിദ്ധിയായി. പോര്‍ച്ചുഗല്‍ജനത എല്ലാത്തരം മ്ലേച്ഛതകളിലും മുഴുകി ജീവിച്ച ഒരു കാലഘട്ടത്തിലായിരുന്നു അമ്മയുടെ ഫാത്തിമാദര്‍ശനം. ലോകത്തെ നാശത്തില്‍നിന്നു രക്ഷിക്കാന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് അമ്മ കുട്ടികളോടാഹ്വാനം ചെയ്തു. ഈ പ്രദേശം 'ജപമാലയുടെ താഴ്‌വര' എന്ന പേരില്‍ അറിയപ്പെടുന്നു. ദര്‍ശനസമയത്ത് ലൂസിക്ക് പത്തും, ജസീന്തയ്ക്ക് ഏഴും, ഫ്രാന്‍സീസിന് ഒന്‍പതും വയസ്സുണ്ടായിരുന്നു.
പരി. അമ്മയ്ക്കു കത്തോലിക്കാസഭ നല്‍കിയ നാമനിര്‍ദേശമാണ് ഫാത്തിമാമാതാവെന്നുള്ളത്. ആദ്യദര്‍ശനമുണ്ടായ 1917 മേയ് 13 മുതല്‍ ഒക്‌ടോബര്‍വരെയുള്ള കാലയളവില്‍ പരിശുദ്ധ കന്യകാമറിയം ആറു തവണ ഈ കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുകയുണ്ടായി. ഓരോ പ്രാവശ്യവും അടുത്ത ദര്‍ശനത്തിന്റെ കൃത്യദിവസം പരിശുദ്ധ അമ്മ അറിയിക്കുമായിരുന്നു. 1917 ഒക്‌ടോബര്‍ 13 ന് ദര്‍ശനത്തിന്റെ അവസാനദിവസം എഴുപതിനായിരത്തില്‍പ്പരം തീര്‍ത്ഥാടകര്‍ ഈ അദ്ഭുതം കാണാന്‍ തടിച്ചുകൂടി. എന്നാല്‍, ഈ കുട്ടികള്‍ക്കു മാത്രമേ മാതാവിനെ കാണാന്‍ സാധിച്ചുള്ളൂ. മാതാവിനെ കാണാന്‍ വന്നവര്‍ക്ക് ഒരു പ്രത്യേക രീതിയിലുള്ള വലിയൊരു തിളങ്ങുന്ന പ്രകാശം മാത്രമേ കാണാനായുള്ളൂ.
1917 ജൂലൈ 13 ന് മാതാവ് കുട്ടികളോടു പങ്കുവച്ച പ്രവചനങ്ങള്‍ പരസ്യമാക്കപ്പെട്ടിരുന്നില്ല. 1927 ല്‍ ലൂസി സന്ന്യാസമഠത്തില്‍ പ്രവേശിച്ചതിനുശേഷമാണ് മാതാവ് വെളിെപ്പടുത്തിയ പ്രവചനങ്ങളെക്കുറിച്ചു വ്യക്തമായി എഴുതുന്നത്. എന്നാല്‍, തന്റെ ആത്മീയഗുരുവിന്റെ നിര്‍ദേശപ്രകാരം ആ എഴുത്തുകള്‍ കത്തിച്ചുകളഞ്ഞു. വീണ്ടും 1941 ല്‍ 'ലൈറിയ' മെത്രാന്റെ അഭ്യര്‍ത്ഥനപ്രകാരം സിസ്റ്റര്‍ ലൂസി ഒന്നും രണ്ടും പ്രവചനങ്ങള്‍ എഴുതി നല്‍കി. ഒരു വര്‍ഷത്തിനുശേഷം സിസ്റ്റര്‍ ലൂസി ഗുരുതരരോഗിയായി മാറി. മൂന്നാമത്തെ രഹസ്യം എഴുതി വയ്‌ക്കേണ്ട സമയമായെന്നു ബോധ്യമായപ്പോള്‍, ഒരു പേപ്പറില്‍ മാതാവിന്റെ മൂന്നാമത്തെ രഹസ്യം എഴുതി, ഒരു കവറിലിട്ട് ഒട്ടിച്ച് മെത്രാന്റെ കൈയില്‍ ഏല്പിച്ചു. അതിനുശേഷം മെത്രാനോടുള്ള സിസ്റ്റര്‍ ലൂസിയുടെ നിര്‍ദേശം ഇതായിരുന്നു: 1960 ന് മുമ്പ് ഒരിക്കലും ഈ കവര്‍ തുറന്ന് എഴുത്തു വായിക്കരുത്. 1957 ല്‍ റോമിലെ പേപ്പല്‍ തിരുസംഘത്തിന്റെ പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പാ ആ എഴുത്ത് ഒരു കൊച്ചുപെട്ടിയിലാക്കി 1960 വരെ വളരെ ഭദ്രമായി സൂക്ഷിച്ചു. രണ്ടായിരത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇതിലെ ഉള്ളടക്കം വത്തിക്കാനില്‍ പുറത്തിറക്കി.
കത്തോലിക്കാസഭയിലെ വിവിധ വ്യാഖ്യാനങ്ങള്‍ അനുസരിച്ച് ഈ രഹസ്യങ്ങളുടെ ഉള്ളടക്കങ്ങളില്‍ നരകം, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍, ക്രൈസ്തവര്‍ക്കെതിരേയുള്ള 20-ാം നൂറ്റാണ്ടിലെ കൊടിയ പീഡനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. റഷ്യയെ മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു മാതാവ് നിര്‍ദേശിച്ചതായി കുട്ടികള്‍ വെളിപ്പെടുത്തി. 1930 ഒക്‌ടോബര്‍ 13 ന് ബിഷപ് ജോസ് ആല്‍വസ് കൊറിയഡാ സില്‍വ കുട്ടികള്‍ക്കു മാതാവ് പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ കുട്ടികളില്‍ക്കൂടി ചില അദ്ഭുതപ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. ജനങ്ങള്‍ ഫാത്തിമയിലേക്ക് ഒഴുകി. ഇപ്പോള്‍ ഈ നഗരം ഒരു പ്രധാന അന്താരാഷ്ട്രമരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു.
2000 മേയ് 13 ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ജസീന്തയെയും ഫ്രാന്‍സീസിനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. പരിശുദ്ധമാതാവിന്റെ ആദ്യ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികദിനമായ 2017 മേയ് 13 ന് ഫ്രാന്‍സീസ് മാര്‍പാപ്പാ ഫാത്തിമാദൈവാലയത്തില്‍ വച്ച് രണ്ടു പേരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ആദ്യം നിര്‍മിച്ച ഒരു ചെറിയ ചാപ്പല്‍ പിന്നീട് വിപുലീകരിച്ചു ലോകശ്രദ്ധയാകര്‍ഷിക്കത്തക്കവിധം വലിയൊരു ദേവാലയം സ്ഥാപിക്കുകയും, ഔവര്‍ ലേഡി ഓഫ് ഫാത്തിമ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. കൂടാതെ, ഒരു പ്രത്യേക ചടങ്ങില്‍ മാതാവിന്റെ ശിരസ്സില്‍ കിരീടധാരണം നടത്തി. ഈ തിരുസ്വരൂപം ലോകത്തിന്റെ നാനാഭാഗങ്ങളിലും പൊതുദര്‍ശനത്തിനു കൊണ്ടുവന്ന സമയത്ത് പാലായിലും കൊണ്ടുവന്നിരുന്നു. കൊട്ടാരമറ്റം ഗ്രൗണ്ടില്‍ (ഇപ്പോഴത്തെ പുതിയ ബസ്‌സ്റ്റേഷന്‍) പന്തലൊരുക്കി തിരുസ്വരൂപത്തിനു വലിയൊരു ജനക്കൂട്ടം സ്വീകരണം നല്‍കി. ഈ ചടങ്ങുകളെല്ലാം 74 വര്‍ഷംമുമ്പ് എനിക്ക് ആറു വയസ്സുള്ളപ്പോള്‍ വല്യമ്മച്ചിയുടെ ആങ്ങളയുടെ തോളിലിരുന്ന് മുഴുവന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ ഫാത്തിമാ ദൈവാലയത്തിലുള്ളത് അന്നത്തെ പ്രശസ്ത ശില്പി ജോസ് സ്റ്റേഡി നിര്‍മിച്ച പരിശുദ്ധ അമ്മയുടെ മനോഹരമായ തിരുസ്വരൂപമാണ്.
1967 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും 1982, 1991, 2000 എന്നീ വര്‍ഷങ്ങളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും 2010 ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പയും മേയ് 2017 ന് ഫ്രാന്‍സീസ് പാപ്പയും ഫാത്തിമ സന്ദര്‍ശിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ ദര്‍ശനത്തിന്റെ അതേ തീയതിയില്‍ അന്നത്തെ സൂര്യപ്രകാശം പല നിറങ്ങളില്‍ മാറിമാറി കാണാമെന്നും അതിനായി ഒരു വെള്ളവസ്ത്രം മുറ്റത്തു വിരിച്ചാല്‍ മതിയെന്നും പറഞ്ഞു കേട്ടതനുസരിച്ച് അന്നത്തെ പല വീടുകളുടെയും മുറ്റത്ത് വെള്ളത്തുണി വിരിച്ച് കാത്തിരുന്നത് ഓര്‍മിക്കുന്നു. അമ്മ പ്രത്യക്ഷപ്പെട്ട വാര്‍ഷികത്തില്‍ ഉച്ചയ്ക്ക് (12.30ന്) ഞങ്ങള്‍ക്കെല്ലാം അദ്ഭുതമായി വിരിച്ചിട്ട തുണിയില്‍ കൃത്യസമയത്ത് പല നിറങ്ങളിലുള്ള നിഴല്‍ മാറിമാറി വന്നു പോയി. ഞങ്ങള്‍ ഈ സംഭവം നേരില്‍ കണ്ടിട്ടുണ്ട്.
വിശുദ്ധ ഫ്രാന്‍സീസ് 1919 ലും വിശുദ്ധ ജസീന്ത 1920 ലും ലോകം മുഴുവന്‍ പടര്‍ന്ന മഹാമാരിയായ സ്പാനിഷ് ഫ്‌ളൂ ബാധിച്ച് മരണമടഞ്ഞു. സി. ലൂസി 2005 ലാണ് മരണമടഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയതീര്‍ത്ഥാടനകേന്ദ്രമായ ഫാത്തിമയിലെ ഈ മരിയന്‍കേന്ദ്രം വര്‍ഷം തോറും എട്ടു ദശലക്ഷം ആള്‍ക്കാര്‍ സന്ദര്‍ശിക്കുന്നു. പോര്‍ച്ചുഗലിന്റെ തലസ്ഥാനം ലിസ്ബണും അയല്‍രാജ്യം സ്‌പെയിനുമാണ്. കൊച്ചിയില്‍നിന്നു വിമാനത്തില്‍ 13 മണിക്കൂര്‍ യാത്ര ചെയ്ത് 8921 കിലോമീറ്റര്‍ സഞ്ചരിച്ച് പോര്‍ച്ചുഗലിലെത്താം. ഫാത്തിമയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം ലിസ്ബണ്‍ എയര്‍പോര്‍ട്ടാണ്. ഇവിടെനിന്ന് 102 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഫാത്തിമയിലെത്താം. കൂടാതെ, കാസ്‌കൈസ് എയര്‍പോര്‍ട്ട് (116 കിലോമീറ്റര്‍), വിസ്യൂ എയര്‍പോര്‍ട്ട് (139 കിലോമീറ്റര്‍), ബഡാജോസ് എയര്‍പോര്‍ട്ട് (177 കിലോമീറ്റര്‍) എന്നിവിടങ്ങളില്‍നിന്നും ഫാത്തിമയിലെത്താം. ഈ സ്ഥലങ്ങളില്‍നിന്നൊക്കെ ട്രെയിനും മറ്റു യാത്രാസൗകര്യങ്ങളുമുണ്ട്.