•  21 Nov 2024
  •  ദീപം 57
  •  നാളം 37
യാത്ര

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം

സൗത്തമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ പ്രധാന കാരണം, ക്രൈസ്റ്റ് റെഡീമര്‍ എന്ന യേശുക്രിസ്തുവിന്റെ ഭീമാകാര പ്രതിമയാണ്. ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യവും ജനസംഖ്യയില്‍ ആറാമത്തെ രാജ്യവുമാണ് ബ്രസീല്‍. പോര്‍ട്ടുഗീസ് കോളനിയായിരുന്നു ബ്രസീല്‍. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പോര്‍ച്ചുഗീസ്ഭാഷ സംസാരിക്കുന്ന ഒരേയൊരു രാജ്യം ബ്രസീലാണ്. ലോകത്തിലേറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാജ്യവും ഇതുതന്നെ. ബ്രസീലിലെ പ്രധാന തുറുമുഖനഗരമായ റിയോയിലെ 'മൂര്‍ച്ചയുള്ള പാറക്കല്ല്' എന്നര്‍ത്ഥമുള്ള കോര്‍ക്കോവാഡോ എന്ന പ്രകൃതിമനോഹരമായ ഉയര്‍ന്ന കൊടുമുടിയിലാണു സമാധാനത്തിന്റെ പ്രതീകമായി കൈവിരിച്ച് അനുഗ്രഹിച്ച് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ക്രിസ്തുവിന്റെ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഏതു ഭാഗത്തുനിന്നു നോക്കിയാലും ഈ പ്രതിമ ദര്‍ശിക്കാനാവും. പനോരമ വ്യൂ പോയിന്റായ ഈ ക്രിസ്തുപ്രതിമയുടെ അടുത്തുനിന്നുള്ള ആകാശക്കാഴ്ച അതിമനോഹരവും അദ്ഭുതമുളവാക്കുന്നതുമാണ്.
1850 കളില്‍ പെട്രോ മരിയ ബോസ് എന്ന വിന്‍സെന്‍ഷ്യന്‍ പുരോഹിതനാണ് ആദ്യമായി കോര്‍ക്കോഡാവോ പര്‍വതത്തില്‍ ഒരു വലിയ ക്രിസ്ത്യന്‍ സ്മാരകം പണിയാനാഗ്രഹിച്ചത്. എന്നാല്‍, അന്നതു നടന്നില്ല. പിന്നീട്  ബ്രസീലിയന്‍ കത്തോലിക്കരുടെ തുറന്ന സംഭാവനകളില്‍ക്കൂടി പദ്ധതി പൂര്‍ത്തിയായി. 1922 നും  1931 നും മദ്ധ്യേയാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 30 മീറ്റര്‍ വീതിയും (98 അടി) 38 മീറ്റര്‍ ഉയരവും (125 അടി) 65 ടണ്‍ ഭാരവുമുള്ള ഈ പടുകൂറ്റന്‍ പ്രതിമ ഉറപ്പിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ കോണ്‍ക്രീറ്റ് ഉപയോഗിച്ചാണു പണിതുയര്‍ത്തിയിരിക്കുന്നത്. 9 വര്‍ഷം കൊണ്ടു പണി പൂര്‍ത്തിയായ പ്രതിമ 1931 ഒക്‌ടോബര്‍ 12 ന് പൊതുദര്‍ശനത്തിനായി സമര്‍പ്പിച്ച് 2300 അടി ഉയരമുള്ള കോര്‍ക്കോവാഡോ എന്ന പര്‍വതമുകളില്‍ സ്ഥാപിച്ചു.
ഇരുന്നൂറിലധികം പടികള്‍ കയറിയാണ് പ്രതിമയുടെ സമീപമെത്തുന്നത്. ബ്രസീലില്‍നിന്നുള്ള എന്‍ജിനീയറായ ഹീറ്റര്‍ ഡാ സില്‍വ കോസ്റ്റയാണ് പ്രധാനമായും ഈ പ്രതിമ രൂപകല്പന ചെയ്തത്. ഫ്രഞ്ച് എന്‍ജിനീയര്‍ ആല്‍ബര്‍ട്ട് കാക്കോട്ട്, ഫ്രഞ്ചു ശില്പിയായ ലാന്‍ഡോവിസ്‌കി, പാരീസിലെ റൊമാനിയന്‍ ശില്പി ഗോര്‍ജ് ലിയോനിഡാ എന്നിവര്‍ ചേര്‍ന്നാണ് ഇതു നിര്‍മിച്ചത്. ഗോര്‍ജ് ലിയോനിഡായാണ് പ്രതിമയുടെ മുഖം രൂപകല്പന ചെയ്തത്. ചുവട്ടിലെ പീഠത്തിനു മാത്രം എട്ടു മീറ്റര്‍ ചുറ്റളവുണ്ട്. ഇവിടെ നിന്നാല്‍ പറക്കുന്ന ഒരു പക്ഷിയുടെ ആകാശക്കാഴ്ചപോലെതന്നെ നമുക്കിവിടം ദര്‍ശിക്കാം. 2006 ല്‍ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി പ്രതിമയുടെ അടിഭാഗത്ത് ഒരു ചാപ്പല്‍ നിര്‍മിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഉഷ്ണമേഖലാപ്രദേശമായ ഈ സ്ഥലം പ്രകൃതിഭംഗിയാല്‍ അനുഗൃഹീതമാണ്. ആമസോണ്‍നദിയുടെ ഭൂരിഭാഗവും ബ്രസീലിലൂടെയാണ് ഒഴുകുന്നത്. 2008 ഫെബ്രുവരി പത്തിനുണ്ടായ ഒരു വലിയ ഇടിമിന്നലില്‍ പ്രതിമയുടെ ഒരു വിരലിന് ചില പരുക്കുകള്‍ പറ്റിയെങ്കിലും പിന്നീടത് പൂര്‍ത്തീകരിച്ചു. ക്രിസ്തുവിന്റെ ഈ പ്രതിമ കാണാന്‍ ആണ്ടുതോറും ഇവിടെ വന്നെത്തുന്ന സന്ദര്‍ശകര്‍ക്കു കണക്കില്ല.
ദുബായില്‍നിന്ന് എമിറേറ്റസ് വിമാനത്തില്‍ 15 മണിക്കൂര്‍കൊണ്ട്  12375 കിലോമീറ്റര്‍ യാത്രചെയ്ത് ബ്രസീലിലെ റിയോ ഡിജനീറോയിലുള്ള ഗലീഓ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്താം. ഇവിടെനിന്ന് 12 കിലോമീറ്റര്‍ ദൂരമുള്ള ക്രൈസ്റ്റ് റെഡീമര്‍ പ്രതിമയുടെ അടുത്തെത്താന്‍ 15 മിനിറ്റുമതി. 25 മിനിറ്റുകൊണ്ട് എത്താവുന്ന അഞ്ചു വഴികള്‍ വേറേയുമുണ്ട്. മലയുടെ അടിവാരത്തുനിന്ന് കോര്‍ക്കോവാഡോ പര്‍വതത്തിന്റെ കൊടുമുടിവരെ 710 മീറ്റര്‍ ഉയരത്തിലേക്ക് ഒരു റാക്ക്‌കോഗ് ട്രെയിന്‍ അരമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്നുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഇതിലെ യാത്ര ഒരു പ്രത്യേകാനുഭവമാണ്.
ഇരുപതു മിനിറ്റുകൊണ്ട് ഒരേസമയം 540 യാത്രക്കാരെ പര്‍വതമുകളിലെത്തിക്കാന്‍ ഇതിനു സാധിക്കും. പയസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ, ജോണ്‍പോള്‍ രണ്ടാമന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, ഡയാന രാജകുമാരി തുടങ്ങിയ പ്രശസ്തരായ നിരവധിപേര്‍ ഇതില്‍ യാത്ര ചെയ്തിട്ടുണ്ട്. നാലു കിലോമീറ്റര്‍ റെയില്‍വേ ട്രാക്കിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് രണ്ടു മണിക്കൂര്‍ നടന്നാല്‍ മലമുകളിലെത്താം. കൂടാതെ, എലിവേറ്ററുകളിലൂടെയോ, എസ്‌കലേറ്റര്‍ വഴിയോ പ്രതിമയുടെ അടുത്തെത്താം. ക്രിസ്തുമതത്തിന്റെ, ലോകത്തിലെ ഏറ്റവും വലിയ ഒരു ചിഹ്നമായി ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന ക്രൈസ്റ്റ്  റെഡീമര്‍ എന്ന  ഈ ഭീമാകാരപ്രതിമ ബ്രസീലിന്റെ ലാന്റ് മാര്‍ക്കായും ലോകാദ്ഭുതങ്ങളില്‍ ഒന്നായും അറിയപ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)