•  28 Mar 2024
  •  ദീപം 57
  •  നാളം 4
യാത്ര

പറന്നുയരുന്ന മത്സ്യങ്ങള്‍

റക്കുന്ന മത്സ്യങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്കു കൗതുകം തോന്നാമെങ്കിലും ഇങ്ങനെയൊരുകൂട്ടം പറവമത്സ്യങ്ങള്‍ പല രാജ്യങ്ങളിലും കാണാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലകളിലും വ്യാപകമായി കാണപ്പെടുന്നതും ജലത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങി അല്പസമയം പക്ഷികളെപ്പോലെ പറക്കാന്‍ കഴിവുള്ളതുമായ ഒരിനം സമുദ്രമത്സ്യമാണ് എക്‌സോകോയിറ്റ്‌ഡേ എന്നറിയപ്പെടുന്ന പറക്കുംമത്സ്യം. എക്‌സോകോയിറ്റ്‌ഡേ എന്ന വാക്ക് ഗ്രീക്കുഭാഷയില്‍നിന്ന് ഉണ്ടായതാണ്. കിടക്കുക എന്നാണിതിനര്‍ത്ഥം. യാതൊരു ചലനവുമില്ലാതെ വെള്ളത്തില്‍ വളരെ സമയം കിടക്കാന്‍ ഇവയ്ക്കു പ്രത്യേക കഴിവുണ്ട്. പുരാതനഗ്രീക്കുകാര്‍ പണ്ടുമുതല്‍ക്കേ ഈ മത്സ്യങ്ങളെ വേട്ടയാടിയിരുന്നു.  എക്‌സോകോയിറ്റിന, ഫോഡിയാറ്റോറിന, പാരസ്‌കോ കോയിറ്റിന, സിപ്‌നെല്ലൂറിനോ എന്നിങ്ങനെ ഇവ നാല് ഉപകുടുംബങ്ങളായി അറിയപ്പെടുന്നു.  മെഴുമീന്‍ എന്നും ഇവ അറിയപ്പെടുന്നു.
ടോര്‍പിഡോ ആകൃതിയിലുള്ള ഇതിന്റെ ശരീരഘടന ജലത്തിന്റെ ഉപരിതലം ഭേദിച്ച് മുകളിലേക്കുയരാനും ചിറകുകള്‍പോലെയുള്ള പെക്ട്രല്‍ഫിനുകള്‍ വായുവിലൂടെ സഞ്ചരിക്കാനും സഹായിക്കുന്നു. വണ്ണം കുറഞ്ഞ് നീളം കൂടിയ ഇവയുടെ ശരീരത്തില്‍ മുതുകുഭാഗം നീലയും കറുപ്പും ചേര്‍ന്ന നിറവും ചിറകുകള്‍ നീലചേര്‍ന്ന ഇളം ചാരനിറവുമാണ്. ചെറിയയിനം മത്സ്യങ്ങളുടെ ചിറകുകള്‍ സുതാര്യമായ പ്രതലംപോലെ തോന്നിക്കും. ഉഷ്ണമേഖലാപ്രദേശത്തോടടുക്കുംതോറും ഇവയുടെ നിറത്തിനു വ്യത്യാസം കാണാം. ഇതുവരെ നാല്പതിനം പറക്കുന്ന മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. വളര്‍ച്ചയെത്തിയ ഒരു പറക്കുംമത്സ്യത്തിന് 18 ഇഞ്ച് നീളവും ചിറകുവിരിക്കുമ്പോള്‍  25 ഇഞ്ച് വീതിയുമുണ്ടാകും. പ്രധാനപ്പെട്ട രണ്ടു ചിറകുകള്‍ കൂടാതെ വാലറ്റത്തിന് അല്പം മുമ്പിലായി അടിഭാഗത്ത് രണ്ടു ചെറിയ ചിറകുകളും കാണാം. പക്ഷികള്‍ പറക്കുന്നതുപോലെ ഇവയ്ക്ക് ദീര്‍ഘദൂരം പറക്കാന്‍ സാധിക്കുകയില്ല. മണിക്കൂറില്‍ 70 കി.മീ. വേഗത്തിലും 20 അടി ഉയരത്തിലും 160 അടിയോളം ദൂരത്തിലും പറക്കാന്‍ കഴിയുന്ന ഈ മത്സ്യത്തിന് 45 സെക്കന്റ് മാത്രമേ ഒരേ സമയം വായുവില്‍ ഉയര്‍ന്നുപറക്കാന്‍ സാധിക്കുകയുള്ളൂ. 1300 അടിവരെ പറക്കാന്‍ ശേഷിയുള്ള മത്സ്യത്തെ ഗ്ലൈഡിങ് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
സമുദ്രത്തിന്റെ മുകള്‍പാളിയായ എപ്പിപെലാജിക് സോണ്‍ 656 അടി താഴ്ചവരെ വ്യാപിച്ചുകിടക്കുന്നു. സമുദ്രത്തില്‍ പതിക്കുന്ന സൂര്യപ്രകാശം ഈ പാളിവരെ മാത്രമേ എത്തുകയുള്ളൂ. സമുദ്രജീവികളില്‍ നല്ലൊരുവിഭാഗം ഈ സോണിലാണു വ്യാപരിക്കുന്നതെങ്കിലും പറക്കുന്ന മത്സ്യങ്ങള്‍ 100 അടിവരെ താഴ്ചയില്‍ ജീവിക്കാനിഷ്ടപ്പെടുന്നു. മീന്‍പിടിത്തക്കാരില്‍നിന്നു രക്ഷപ്പെടാന്‍ വെള്ളത്തില്‍നിന്ന് ഉയര്‍ന്നുപൊങ്ങി നനഞ്ഞ ശരീരവുമായി വായുവില്‍ കുറെനേരം പറക്കുന്ന ഇവയെ മത്സ്യവേട്ടക്കാര്‍, ഗില്‍നെറ്റിങ്, ഡീപ് നെറ്റിങ് എന്നിവ ഉപയോഗിച്ച് കെണിയില്‍പ്പെടുത്തുന്നു. ഇവയെ ആകര്‍ഷിക്കാന്‍ ബോട്ടുകളില്‍ ലൈറ്റുകളിട്ടു ചന്ദ്രപ്രകാശമില്ലാത്ത രാത്രികളില്‍ മത്സ്യബന്ധനം നടത്തുന്നു. ചൂണ്ടയിട്ടും എയ്തും ഇവയെ പിടിക്കാറുണ്ട്.
ഡോള്‍ഫിന്‍, മാര്‍ലിന്‍, കണവ, പോര്‍പോയിഡുകള്‍, മറ്റു കടല്‍ജീവികള്‍ തുടങ്ങിയവയ്ക്ക് പറക്കുന്ന മത്സ്യങ്ങള്‍ ആഹാരമാണ്. മത്സ്യവേട്ടക്കാരില്‍നിന്നു രക്ഷ നേടാന്‍ ഇവ കുതിച്ചുപൊങ്ങുമ്പോള്‍ സീഗല്‍, വിവിധയിനം കടല്‍പ്പക്ഷികള്‍ എന്നിവ വായുവില്‍ ഇവയെ വേട്ടയാടുന്നു. വിമാനങ്ങള്‍  പറക്കുന്നതിനുള്ള എയ്‌റോ ഡൈനാമിക് തത്ത്വങ്ങള്‍ക്കു സമാനമാണ് ഇവയുടെ ശരീരഘടന. അതുകൊണ്ടുതന്നെ ജലത്തില്‍നിന്നു നിഷ്പ്രയാസം പറന്നുയരാനും വായുവില്‍ മുമ്പോട്ടുപോകാനും ഇതിനു സാധിക്കുന്നു. വലിയ ബോട്ടുകള്‍ക്കൊപ്പം കൂട്ടമായി ഇവ സഞ്ചരിക്കുന്നതു കണ്ടിട്ടുണ്ട്. ബാലി-മക്കാവു യാത്രയ്ക്കിടെ ബോട്ടിന്റെ ഡക്കില്‍ വീണ 12 ഇഞ്ചോളം നീളമുള്ള ഒരു പറക്കും മത്സ്യത്തെ ഞാന്‍ കൈകൊണ്ടു പിടിച്ചിട്ടുണ്ട്. കാഴ്ചക്കാര്‍ കൂടുന്നതിനുമുമ്പ് അതിനെ വെള്ളത്തിലേക്കുതന്നെ വിട്ടു.
20-ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍, വിമാനം രൂപകല്പന ചെയ്യുന്നതിന് പറക്കുംമത്സ്യത്തിന്റെ ആകൃതിയെപ്പറ്റി ഗവേഷണം നടത്തിയിരുന്നു. ഫ്രഞ്ചുസേന വികസിപ്പിച്ചെടുത്ത എക്‌സൊസൈറ്റ് എന്ന കപ്പല്‍വിരുദ്ധ മിസൈലിന് എക്‌സോകോയിറ്റ്‌ഡേ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ജപ്പാന്‍, വിയറ്റ്‌നാം ഇന്തോനേഷ്യ, തായ്‌വാന്‍, ചൈന, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ ഇവ ഭക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. ജപ്പാന്‍കാര്‍ ഇതിന്റെ  മുട്ട ഉപയോഗിച്ച് സുഷി (റോ) എന്ന ഭക്ഷ്യവസ്തു ഉണ്ടാക്കുന്നു. അവരതിന് റോട്ടോബിക്കോ എന്നു വിളിക്കുന്നു. ബാര്‍ബഡോസില്‍ പറക്കുന്ന മത്സ്യം  ഉപയോഗിച്ച് 'കൂകൂ' എന്ന ഭക്ഷണമുണ്ടാക്കുന്നു. അവരുടെ ദേശീയചിഹ്നവും ദേശീയഭക്ഷണവും ഇതുതന്നെ. ജപ്പാന്റെ യാകുഷിമ ദ്വീപുതീരത്ത് ഇവകൊണ്ടുള്ള നിരവധി ഭക്ഷ്യവസ്തുക്കള്‍ ലഭിക്കും.

 

Login log record inserted successfully!