•  25 Apr 2024
  •  ദീപം 57
  •  നാളം 7
യാത്ര

ചൈനയിലെ തൂണുകളില്ലാത്ത ജലപാത

ലോകത്തില്‍ അനേകതരത്തിലുള്ള അതിശയക്കാഴ്ചകള്‍ വിരിയിച്ച് നമ്മെ അദ്ഭുതപ്പെടുത്തിയിട്ടുള്ള ചൈനയിലെ വേറിട്ട ഒരു കാഴ്ചയാണ് ജലത്തില്‍ പൊങ്ങിക്കിടക്കുന്ന സഞ്ചാരയോഗ്യമായ ജലറോഡ്. ''ഫ്‌ളോട്ടിങ് റോഡ്'' എന്നറിയപ്പെടുന്ന ഈ ജലപാത, ചൈനയുടെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഹുബെയിലെ ഹരിതനഗരമായ എന്‍ഷി എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നു. പ്രകൃതി കനിഞ്ഞുനല്‍കിയ അതിമനോഹരമായ, പച്ചപ്പു വിരിച്ച രണ്ടു പര്‍വതനിരകള്‍ക്കിടയിലെ താഴ്‌വരയില്‍ക്കൂടി  ഒഴുകുന്ന ഷിന്‍ഷിനദിയിലാണ് തടികൊണ്ടുള്ള ചലിക്കുന്ന ഈ ജലപാത നിര്‍മിച്ചിരിക്കുന്നത്. 1640 അടി നീളവും (500 മീറ്റര്‍) 15 അടി വീതിയുമുള്ള (4.5 മീറ്റര്‍) ഈ പാലത്തില്‍ക്കൂടി ഒരേസമയം പതിനായിരം പേര്‍ക്ക് നടന്നുനീങ്ങാം. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സായാഹ്നസവാരിക്കും എത്തുന്ന നിരവധി പേരെ ഇവിടെക്കാണാം. വെള്ളച്ചാട്ടങ്ങളും വലിയ മലയിടുക്കുകളുമുള്ള ഈ സ്ഥലം ഏതൊരു സന്ദര്‍ശകനെയും ആകര്‍ഷിക്കും. ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുന്ന ഈ പാലത്തില്‍ക്കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുവശത്തും ഓളങ്ങളിളകുന്നതും പാലത്തിന്റെ കൈവരികളുള്‍പ്പെടെ പൊങ്ങിത്താഴുന്നതും ഒരു പ്രത്യേക കാഴ്ചയാണ്. ഈ സമയം പാലവും യാത്രക്കാരും ഓളത്തിനൊപ്പം ചെറുതായി ഇളകിയാടിക്കൊണ്ടിരിക്കും. 
തൂണുകളൊന്നുമില്ലാതെ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ പാലത്തില്‍ക്കൂടി നടക്കുന്നത് രസവും ഒപ്പം ഭീതിജനകവുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന വന്‍മലകള്‍ അദ്ഭുതക്കാഴ്ചയാണ്. യാത്രയ്ക്കിടയില്‍ ഓളംവെട്ടുമ്പോള്‍  അടുത്തുനില്‍ക്കുന്ന മരങ്ങളുടെ ചില്ലകളിലും ഇലകളിലും സ്പര്‍ശിക്കാം. പടര്‍ന്നു നില്‍ക്കുന്ന മരച്ചില്ലകളില്‍ ചേക്കേറിയിരിക്കുന്ന ചൈനീസ് ഫെസന്റ് (ഗോള്‍ഡന്‍ ഫെസന്റ്) എന്ന അതിമനോഹരമായ, ബഹുവര്‍ണപ്പക്ഷികളെയും മറ്റു ചെറുപക്ഷികളെയും അങ്ങിങ്ങായി കാണാം. 
2016 ലാണ് സന്ദര്‍ശകര്‍ക്കായി ഈ പാലം തുറന്നുകൊടുത്തത്. ആദ്യകാലങ്ങളില്‍ നടപ്പാത മാത്രമായിരുന്ന ഈ പാലത്തില്‍ മാസങ്ങള്‍ക്കുശേഷമാണ് ചെറുവാഹനങ്ങള്‍ സഞ്ചരിക്കുവാന്‍ അനുമതി നല്‍കിയത്. നല്ലൊരു ടൂറിസ്റ്റ് കേന്ദ്രംകൂടിയായ എന്‍ഷിയില്‍, ഗ്രാന്റ് കാനിയന്‍,  ടെന്‍ഗ്ലോങ് ഗുഹ തുടങ്ങി നിരവധി കാഴ്ചകളുണ്ട്. ഹുബെയില്‍നിന്ന് നാലര മണിക്കൂര്‍ റോഡുമാര്‍ഗം യാത്രചെയ്താല്‍ 345 കിലോമീറ്റര്‍ ദൂരമുള്ള എന്‍ഷിയിലെത്താം. മൂന്നു മണിക്കൂര്‍ ഇടവിട്ട് ട്രെയിന്‍ സര്‍വീസുമുണ്ട്. രണ്ടര മണിക്കൂര്‍ സമയത്തെ ഈ യാത്രയുടെ ടിക്കറ്റ് ചാര്‍ജ്, ഓരോ ക്ലാസ്സനുസരിച്ച് ചൈനീസ് നാണയമായ 160 മുതല്‍ 350 യുവാന്‍വരെ വരും. (1700 മുതല്‍ 3500 രൂപവരെ) നിരവധി ടൂറിസ്റ്റുകള്‍ നിത്യേന ഇവിടം സന്ദര്‍ശിക്കുന്നു. ചൈനയുടെ വിസ്മയക്കാഴ്ചകളുടെ പട്ടികയില്‍ ഒരു പൊന്‍തൂവല്‍കൂടിയാണ് ഈ നിര്‍മിതി. 

 

Login log record inserted successfully!