ഓസ്‌ട്രേലിയയില്‍ ന്യൂസൗത്ത് വെയില്‍സിലെ സിഡ്‌നിയില്‍ ഡാര്‍ലിങ് ഹാര്‍ബറിന്റെ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന വിശാലമായ ഒരു അക്വേറിയമാണ് സീലൈഫ് സിഡ്‌നി അക്വേറിയം. സിഡ്‌നിയിലെ മെര്‍ലിന്‍ എന്റര്‍ടൈന്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ അക്വേറിയം രണ്ടു വര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കി 1988 ല്‍ കാണികള്‍ക്കായി തുറന്നു. നാനാതരത്തിലുള്ള ജലജീവികള്‍ ഈ അക്വേറിയത്തില്‍ വസിക്കുന്നു. ഓസ്‌ട്രേലിയയിലെ മിക്ക തടാകങ്ങളില്‍നിന്നു വിവിധങ്ങളായ പതിമൂവായിരത്തിലധികം മത്സ്യങ്ങളും എഴുനൂറിലധികം കടല്‍മത്സ്യങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നു കൊണ്ടുവന്ന അപൂര്‍വയിനം മത്സ്യങ്ങളും മറ്റു ധാരാളം ജലജീവികളും ഈ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സിഡ്‌നി സന്ദര്‍ശിക്കുന്നവര്‍ ഈ അക്വേറിയം കാണാതെപോയാല്‍ അതൊരു നഷ്ടമായിരിക്കും. കാരണം, ഇത്രയും വിപുലമായ മത്സ്യശേഖരമുള്ള മറ്റൊരു അക്വേറിയം ലോകത്തിലില്ല.
കടലിന്റെ അതേ തനിമ തോന്നത്തക്ക രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ വലിയ ജലാശയത്തില്‍ വലിയയിനം ഷാര്‍ക്കുകള്‍, ഡോള്‍ഫിനുകള്‍, ചെറുതിമിംഗലങ്ങള്‍, കടല്‍സിംഹം, കടലാമ, സ്റ്റാര്‍ഫിഷ്, ജെന്റ, പെന്‍ഗ്വിനുകള്‍, ഇലക്ട്രിക് റേ, കടല്‍ക്കുതിര, നീരാളി, ക്ലവോണ്‍, ജെല്ലിഫിഷ് തുടങ്ങിയ നിരവധി ജലജീവികളും അലങ്കാരമത്സ്യങ്ങളും കണ്ണിനു വിരുന്നേകുന്നു. പൊതുജനങ്ങള്‍ക്കു കാണാനും പ്രത്യേകിച്ച് ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങള്‍ക്കുമായി തീര്‍ത്തിരിക്കുന്ന ഈ ഓഷ്യനേറിയത്തില്‍ 650 പൗണ്ട് (300 കിലോ) ഭാരവും പത്തടി നീളവുമുള്ള നാരങ്ങാസ്രാവുകള്‍, ഗ്രനഴ്‌സ് സ്രാവുകള്‍ എന്നിവയുടെ വലിയ ശേഖരംതന്നെയുണ്ട്. ഇവയുടെ വരവുകണ്ടാല്‍ കണ്ണാടിച്ചില്ലു തകര്‍ത്ത് പുറത്തുചാടുമെന്ന് നമുക്കു തോന്നും.
കടല്‍വെള്ളം ശുദ്ധിചെയ്തു നിര്‍മിച്ച ഈ ജലസംഭരണിയില്‍ നീന്തിത്തുടിക്കുന്ന സ്വര്‍ണമത്സ്യങ്ങളുടെ, കൊടുങ്കാറ്റു മിന്നിമറയുന്നതുപോലുള്ള വരവും പോക്കും ഒന്നു കാണേണ്ടതുതന്നെ. അണിഞ്ഞൊരുങ്ങി അരങ്ങിലെത്തുന്ന നടിയെപ്പോലെ, ചിറകു വീശി, കടന്നുവരുന്ന ഈ മത്സ്യസുന്ദരികളെ എത്ര കണ്ടാലും മതിവരുകയില്ല. തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന വലിയയിനം സ്രാവുകള്‍, ചെറുതും വലുതുമായ നിരവധി നിറങ്ങളിലുള്ള അലങ്കാരമത്സ്യങ്ങള്‍, ചുറ്റിലും ചുവന്ന വരയോടുകൂടി നക്ഷത്രയാകൃതിയില്‍ പച്ചനിറമാര്‍ന്ന സ്റ്റാര്‍ഫിഷുകള്‍, വാലറ്റവും വയറിന്റെ അടിഭാഗവും കറുപ്പും ബാക്കി മഞ്ഞയും ഓറഞ്ചുമായി വലിയ കരിമീനിന്റെ വലിപ്പത്തിലുള്ള ആയിരക്കണക്കിനു പാരഡൈസ് മത്സ്യങ്ങള്‍ എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്ത ദൃശ്യവിസ്മയങ്ങള്‍.
ഇളംനീല, ഓറഞ്ച്, കറുപ്പ് എന്നീ നിറങ്ങളില്‍ കൃത്യമായ അകലം പാലിച്ച് കൂട്ടത്തോടെ വരുന്ന വലിയ മാക്രോപോണ്ട് ഇനങ്ങളുടെ സൗന്ദര്യം വര്‍ണനാതീതമാണ്. വലിയ മത്സ്യങ്ങള്‍ തമ്മില്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളുണ്ടാകും. കടലിന്റെ അടിത്തട്ടുപോലെ ഗര്‍ത്തങ്ങളും ചെടികളും പവിഴപ്പുറ്റുകളും എല്ലാം യാഥാര്‍ത്ഥ്യപ്രതീതിയോടെ രൂപകല്പന ചെയ്തു മത്സ്യങ്ങള്‍ക്കു യഥേഷ്ടം വിഹരിക്കുവാന്‍ തക്ക രീതിയില്‍ വളരെ വിശാലമായിട്ടാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.
ജീവനുള്ള വിവിധതരം കടല്‍പ്പുറ്റുകളുടെ ഇത്ര വലിയ ശേഖരം ലോകത്തില്‍ മറ്റൊരിടത്തുമില്ല. പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളും കടല്‍സിംഹവും കരയിലും ജലത്തിലും കഴിയുന്ന നീര്‍നായ്ക്കളും നീരാളിയുമെല്ലാം ഇതില്‍ നീന്തി രസിക്കുകയാണ്.
പ്രത്യേക പരിശീലനം ലഭിച്ച ഗാര്‍ഡുകള്‍ മുതുകില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി 30 അടിയിലധികം ആഴമുള്ള അക്വേറിയത്തിനുള്ളില്‍ ജലജീവികള്‍ക്കു ഭക്ഷണം കൊടുക്കുന്ന കാഴ്ച കാണേണ്ടതുതന്നെ. ഈ സമയം ഇവര്‍ക്കു ചുറ്റും തീറ്റയ്ക്കായി ആയിരക്കണക്കിനു ജലജീവികള്‍ ഒത്തുകൂടുന്നു. തങ്ങളെ തടവിലാക്കിയിരിക്കുന്നു എന്ന തോന്നലില്ലാതെ വിശാലമായ അക്വേറിയത്തില്‍ യഥേഷ്ടം വിഹരിക്കുന്ന നിറപ്പകിട്ടാര്‍ന്ന ഈ മത്സ്യക്കൂട്ടത്തെ കാണാന്‍ സിഡ്‌നിയിലേക്കു പതിനായിരക്കണക്കിനു വിദേശസഞ്ചാരികളാണു ദിവസേന എത്തുന്നത്.