ഉച്ചാരണസാമ്യംമൂലം തെറ്റിപ്പോകാവുന്ന വാക്കുകളാണ് ഖാതകന്‍, ഖാദകന്‍, ഘാതകന്‍ എന്നിവ. മലയാളികളുടെ സ്വാഭാവികോച്ചാരണത്തില്‍ ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. ഓരോന്നിന്റെയും സ്‌പെല്ലിങ് ഇന്നിന്നപ്രകാരം എന്നുറപ്പിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഖര (ത) വും മൃദു (ദ) വും അതിഖര (ഖ) വും ഘോഷ (ഘ) വും ഉച്ചാരണത്തില്‍ പരസ്പരം മാറിപ്പോകുന്നു. ഉച്ചാരണം തെറ്റിയാല്‍ അര്‍ത്ഥം മറ്റൊന്നാകാം.
ഖാതകം എന്നതിനു കുഴി എന്നും ഖാതം (ഖനനം) എന്നതിന് കുഴിക്കല്‍ എന്നും അര്‍ത്ഥം. ഖനനം ചെയ്യുന്നവന്‍ അഥവാ കുഴിതോണ്ടുന്നവന്‍ ഖാതകന്‍. ഖനകനും ഖനിതാവിനും ഇതേ അര്‍ത്ഥം തന്നെ. തുരങ്കം നിര്‍മിക്കുന്നവനെയും ഖാതകന്‍ എന്നു പറയാം. ഖാതകന്‍-ഖാതിക. ഖനകന്‍ - ഖനിക, ഖനിതാവ് - ഖനിത്രി എന്നിങ്ങനെ പുല്ലിംഗ-സ്ത്രീലിംഗരൂപങ്ങള്‍. (ഖാതക, ഖനക എന്നിവ തെറ്റാണ്.)
'ഖാദ് - ഭക്ഷിക്കുക' എന്ന ധാതുവില്‍നിന്നു നിഷ്പന്നമായ പദമാണ് ഖാദകന്‍. ഖാദം = ആഹാരം. ഭക്ഷകന്‍ അഥവാ ഭക്ഷിക്കുന്നവനാണ് ഖാദകന്‍. കടം വാങ്ങിയവന്‍ എന്നൊരര്‍ത്ഥവും ഖാദകശബ്ദത്തിനുണ്ട്. സ്ത്രീലിംഗരൂപം ഖാദിക. തിന്നുന്നവള്‍ എന്നര്‍ത്ഥം. 'തിന്നല്‍' ആകുന്നു ഖാദനം. ഘനിക്കുന്നവന്‍ (കൊല്ലുന്നവന്‍) എന്ന അര്‍ത്ഥത്തില്‍ ഖാദകന്‍ പ്രയോജ്യമല്ല.
ഘാതകം എന്നാല്‍ വധം. അതു ചെയ്യുന്നവന്‍ ഘാതകന്‍. ഹനിക്കുന്നവന്‍, കൊലയാളി, നശിപ്പിക്കുന്നവന്‍, ദുഷ്ടന്‍ എന്നെല്ലാം വിവക്ഷിതങ്ങള്‍. ഘനിക്കുന്നവന്‍ ഘാതകന്‍. ഘാതകന്‍ എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം ഘാതിക എന്നാണ്. കൊല ചെയ്യുന്നവള്‍ എന്നര്‍ത്ഥം. * ക്രൂര എന്നും പറയാം.
മറ്റൊരു വിധത്തിലും സ്ത്രീലിംഗവാചികള്‍ സൃഷ്ടിക്കാം. ഭാര്യാര്‍ത്ഥമുള്ളപ്പോള്‍ 'ഈ' പ്രത്യയം അകാരാന്തപദങ്ങളുടെ ഒടുവില്‍ ചേര്‍ക്കണം. ഖാതക ' ഈ = ഖാതകി, ഖനക ' ഈ = ഖനകി, ഖാദക ' ഈ = ഖാദകി, ഘാതക ' ഈ = ഘാതകി (ഭാഷയില്‍ 'ഈ' കാരത്തെ ഹ്രസ്വമാക്കാം) എന്നിങ്ങനെ. ''അവന്റെ അജ്ജാതിയിലെ / സ്ത്രീ എന്നര്‍ത്ഥങ്ങള്‍ രണ്ടിലും / അദന്തമായ പുല്ലിംഗം / സ്ത്രീയാ -'മീ' പ്രത്യയത്തിനാല്‍'' * എന്ന് മഹാവൈയാകരണനായ ഏ. ആര്‍. രാജരാജവര്‍മ്മ ഇതിനു നിയമം കല്പിച്ചിട്ടുണ്ട്.
* ബാലകൃഷ്ണന്‍, ബി.സി., എഡിറ്റര്‍, മലയാളമഹാനിഘണ്ടു, വാല്യം, കഢ, ഢ, കേരളസര്‍വകലാശാല, തിരുവനന്തപുരം, 1984, 1985, പുറം : 866, 867, വാല്യം ഢ 28.
** രാജരാജവര്‍മ്മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം 52