•  18 Jul 2024
  •  ദീപം 57
  •  നാളം 19
ശ്രേഷ്ഠമലയാളം

സ്‌ഫോടവാദം

ര്‍ത്തൃഹരി എന്നൊരു സംസ്‌കൃതവൈയാകരണന്‍ ക്രിസ്തുവര്‍ഷം 650 നോടടുത്തു ജീവിച്ചിരുന്നു. വാക്യപദീയമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കൃതി. ഭാഷാതത്ത്വവിചാരങ്ങളെ പ്രകീര്‍ത്തിക്കുന്ന ഗ്രന്ഥമാണത്. വാക്യത്തെയും പദത്തെയും അധികരിച്ചു രചിച്ചതെന്നോ വാക്യം ആസ്പദമായ ശബ്ദത്തെ അടിസ്ഥാനമാക്കി രചിച്ചതെന്നോ ഉള്ള അര്‍ഥത്തിലാവണം വാക്യപദീയം എന്ന പേര് ഗ്രന്ഥത്തിനു നല്‍കിയത്.
വാക്യാര്‍ഥബോധത്തെപ്പറ്റി ഭര്‍ത്തൃഹരി ആവിഷ്‌കരിച്ച സിദ്ധാന്തമാണ് സ്‌ഫോടവാദം. പൊട്ടിവിരിയുക എന്നര്‍ഥമുള്ള 'സ്ഫുട്' (സ്ഫുട-വികസനേ) ധാതുവില്‍നിന്നാണ് സ്‌ഫോടപദത്തിന്റെ നിഷ്പത്തി. ''സ്ഫുടതി അര്‍ഥോ അസ്മാദ് ഇതി സ്‌ഫോട.'' (നാഗേശഭട്ടന്‍)ഃ * ഇതില്‍നിന്ന് അര്‍ഥം പൊട്ടിപ്പുറത്തുവരുന്നതുകൊണ്ട് സ്‌ഫോടം എന്നു നിരുക്ത്യര്‍ഥം. ഒരു പദമോ വാക്യമോ ഉച്ചരിച്ച് അന്ത്യവര്‍ണത്തിലെത്തുന്നതോടെയാണ് അര്‍ഥബോധമുണ്ടാകുന്നത്. ആദ്യമാദ്യം വരുന്ന വര്‍ണങ്ങളുടെ സംസ്‌കാരം പിന്നീടു വരുന്ന വര്‍ണങ്ങളിലേക്കു പകരുന്നു. പൂര്‍വവര്‍ണങ്ങളുടെ സംസ്‌കാരഭാരം പൂര്‍ണമാകുന്നത് അന്ത്യവര്‍ണം ഉച്ചരിക്കുന്നതോടെയാണ്. അര്‍ഥപ്രത്യായകമായ ഈ ശബ്ദതത്ത്വമാണ് സ്‌ഫോടം. ഉദാ:- 'താ', 'മ', 'ര' എന്നീ അക്ഷരങ്ങള്‍മാത്രം കേട്ടാല്‍ അര്‍ഥബോധമുണ്ടാകുന്നില്ല. അവ ചേര്‍ത്തുച്ചരിച്ചെങ്കിലേ അര്‍ഥം  സ്പഷ്ടമാകൂ. അക്ഷരങ്ങള്‍ ചില സൂചന നല്‍കുമെങ്കിലും അവയ്ക്ക് സവിശേഷമായ ആശയങ്ങളെ ആവഹിക്കാന്‍ കഴിയുകയില്ല. പദം പൂര്‍ണവിരാമത്തില്‍ എത്തുന്നതോടെയാണ് അര്‍ഥം പൂര്‍ണമാകുന്നത്. അക്ഷരവും പദവും വാക്യവും ഭിന്നമല്ലെന്നും ശബ്ദത്തിനും അര്‍ഥത്തിനും തമ്മിലുള്ള ബന്ധം നിത്യമാണെന്നും ശബ്ദം മനസ്സിലുണ്ടാക്കുന്ന ബോധം സ്‌ഫോടത്തിനു കാരണമാകുമെന്നും ഭര്‍ത്തൃഹരി നിരീക്ഷിക്കുന്നു. ''ഭര്‍ത്തൃഹരി എന്നൊരു സംസ്‌കൃതവൈയാകരണന്‍ ഉണ്ടായിരുന്നു. അദ്ദേഹം വാക്യസ്‌ഫോടസിദ്ധാന്തം ആവിഷ്‌കരിച്ചു. വാക്യം പൂര്‍ത്തിയാകുമ്പോള്‍ മിന്നല്‍പ്പിണര്‍പോലെ മനസ്സില്‍ അര്‍ഥം സ്ഫുരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മതം. വാക്കുകള്‍ കേവലസൂചനകള്‍മാത്രം. വാക്യത്തിന്റെ അര്‍ഥം വാക്കുകളുടെ അര്‍ഥത്തിന്റെ ആകെത്തുക അല്ല. വക്താവ്, ശ്രോതാവ്, സന്ദര്‍ഭം, സാഹചര്യം ഇങ്ങനെ പലതും ചേര്‍ന്ന് വാക്യാര്‍ഥം വെളിവാക്കുന്നു.'' **

* ഭര്‍ത്തൃഹരി, വാക്യപദീയം, വി.കെ. ഹരിഹരനുണ്ണിത്താന്‍ (വിവരണം), വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2017, പുറം-12
** വാസുദേവഭട്ടതിരി സി.വി., നല്ല മലയാളം ഡി.സി. ബുക്‌സ്, കോട്ടയം, 1999, പുറം-34.

Login log record inserted successfully!