''ന ചോരഹാര്യം, ന ച രാജഹാര്യം
ന ഭാതൃഭാജ്യം, ന ച ഭാരകാരി
വ്യയേ കൃതേ വര്‍ധതേ ഏവ നിത്യം
വിദ്യാധനം സര്‍വധനാല്‍ പ്രധാനം''
(പദ്യം 20)
(കള്ളന്‍ മോഷ്ടിക്കില്ല, സര്‍ക്കാര്‍ നികുതി വാങ്ങില്ല, സോദരന് ഓഹരി കൊടുക്കേണ്ട, ഭാരം ചുമത്തില്ല, കൊടുക്കുംതോറും ഏറിവരും. മറ്റെല്ലാ ധനത്തെക്കാളും മികച്ചതു വിദ്യ) ഏ.ഡി. 650 നടുത്തു ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന ഭര്‍ത്തൃഹരിയുടെ നീതിശതകത്തിലെ ഒരു ശ്ലോകമാണ് മേല്‍ ഉദ്ധരിച്ചത്. ഇതിലെ 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന വരി കേള്‍ക്കാത്ത ആരും ഉണ്ടെന്നു തോന്നുന്നില്ല.
'വിദ്യാധനം' എന്ന സമസ്തപദത്തിലെ, തവര്‍ഗാക്ഷരങ്ങളായ ദ(മൃദു) യുടെയും ധ(ഘോഷം) യുടെയും ഉച്ചാരണം ചിലര്‍ക്കു തെറ്റിപ്പോകാറുണ്ട്. വിദ്യാധനം ഉച്ചാരണത്തില്‍ 'വിധ്യാധനം' ആയിപ്പോകുന്നു. മൃദുവിന്റെ ഉച്ചാരണം ഘോഷത്തിനു സമാനമാവുന്നു. ഉച്ചാരണസ്ഥാനവും രീതിയും ശ്വാസി - നാദി ഭേദങ്ങളൂം പരിഗണിക്കുമ്പോള്‍, ദ സ്പര്‍ശ - ദന്ത്യ - നാദി വര്‍ണവും ധ സ്പര്‍ശ - മഹാപ്രാണ - ദന്ത്യ - നാദി വര്‍ണവുമാണ്. അതായത്, ദ കാരത്തിന്റെ മഹാപ്രാണമാണ് ധ എന്നു ചുരുക്കം. ദ കാരം സ്‌ഫോടനസ്വഭാവത്തോടെ ഉച്ചരിക്കുമ്പോള്‍ ഘോഷമായ ധ ജനിക്കുന്നു. ഘോഷത്തിന്റെ ഉച്ചാരണം മൃദുവിലേക്കു കടന്നുകയറിയതിന്റെ ഫലമായാണ് 'വിധ്യാധനം' എന്ന വികലോച്ചാരണം രൂപപ്പെടുന്നത്.
ഇത്തരം ഉച്ചാരണവൈകല്യം വിദ്യാര്‍ത്ഥി - 'വിധ്യാര്‍ത്ഥി', വിദ്യാഭ്യാസം - 'വിധ്യാഭാസം' മുതലായ വാക്കുകളിലും പ്രകടമായി കടന്നുവരാറുണ്ട്. ഉച്ചാരണവഴക്കം ചെറുപ്പത്തിലേ ഉണ്ടാകേണ്ടതാണ്. മുതിര്‍ന്നുകഴിഞ്ഞാല്‍ ഉച്ചാരണപ്പിഴകള്‍ തിരുത്തുക എളുപ്പമല്ല. ഉച്ചാരണത്തില്‍ ഉറയ്ക്കുന്ന തെറ്റുകള്‍ സാവധാനം എഴുത്തിലേക്കും കടന്നുവരും. പിന്നെ പറഞ്ഞിട്ടു ഫലമില്ലല്ലോ!
*പ്രബോധചന്ദ്രന്‍നായര്‍, വി. ആര്‍., ഉച്ചാരണം നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2001,
പുറം - 14.