സംസ്‌കൃതപദങ്ങളില്‍ നിരുക്ത്യര്‍ഥം പ്രധാനമാണ്. പദനിഷ്പത്തി മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അര്‍ഥം മാറിപ്പോകാം. സംയുക്തപദങ്ങളില്‍ പൂര്‍വപദത്തിന്റെയും ഉത്തരപദത്തിന്റെയും അര്‍ഥം വെവ്വേറെ ഗ്രഹിക്കേണ്ടതുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കു നില്‍ക്കുമ്പോഴും ചേര്‍ന്നിരിക്കുമ്പോഴും വിവക്ഷിതത്തിനു ഭേദം ഉണ്ടാകാമല്ലോ.
മൃഷ്ടാന്നം, മൃഷ്ടഭോജനം എന്നീ സമസ്തപദങ്ങളുടെ നിരുക്തിയും പൊരുളും പരിശോധിക്കാം. മൃഷ്ട + അന്നം = മൃഷ്ടാന്നം; മൃഷ്ട + ഭോജനം = മൃഷ്ടഭോജനം. രണ്ടു ഹ്രസ്വസ്വരങ്ങള്‍ അടുത്തടുത്തു വരുമ്പോള്‍, സ്വരങ്ങള്‍ സമ്മേളിച്ച് ഒരു ദീര്‍ഘം മാത്രം അവശേഷിക്കുന്ന ദീര്‍ഘസന്ധിയുടെ നിയമമാണ്(അ + അ + ആ) മൃഷ്ടാന്നം എന്ന പദയോഗത്തിന് അവലംബം. മൃഷ്ടാന്നംതന്നെയാണ് മൃഷ്ടഭോജനം. മൃഷ്ട+ഭോജനം = മൃഷ്ടഭോജനം(സംഹിതമാത്രം);
മൃജു ശുദ്ധൗ - മൃഷ്ടം. ശുദ്ധിയാക്കപ്പെട്ട എന്നര്‍ഥം. നിര്‍ണിക്തം (ഏറ്റവും ശുദ്ധി വരുത്തപ്പെട്ടത്), ശോധിതം (ശോധനം ചെയ്യപ്പെട്ടത്) എന്നും അമരകോശം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്ന് മൃഷ്ടത്തിന് മര്‍ശിക്കപ്പെട്ടത്, മാര്‍ജനം ചെയ്യപ്പെട്ടത്, പാകം ചെയ്യപ്പെട്ടത് തുടങ്ങിയ വിവക്ഷിതങ്ങള്‍ കല്പിക്കാം. മൃഷ്ടാന്നത്തിനും മൃഷ്ടഭോജനത്തിനും വെടിപ്പായ ഭക്ഷണം, വയറുനിറയെയുള്ള ഭക്ഷണം എന്നിങ്ങനെയാണര്‍ഥം.
മൃഷ്ടത്തിനു പകരം 'മൃഷ്ഠം' എന്നൊരു രൂപമില്ല. 'മൃഷ്ഠാന്ന'വും 'മൃഷ്ഠഭോജന'വും അപപാഠങ്ങളാണ്. തൃപ്തിയാകുമാറ് യഥേഷ്ടം ഭുജിക്കലാണ് മൃഷ്ടഭോജനം. ഫലത്തില്‍ മൃഷ്ടാന്നവും മൃഷ്ടഭോജനവും ഒന്നുതന്നെ. ഈ തത്ത്വം ഗ്രഹിക്കാതെ 'മൃഷ്ടാന്നഭോജനത്തിന്' അന്നം, ഭോജനം എന്നീ രണ്ടുവാക്കുകളില്‍ ഒന്നു മതി എന്നറിയാതെ പോകുന്നത് നിരുക്തിബോധം നഷ്ടപ്പെടുന്നതുകൊണ്ടാണ്. അനാവശ്യമായ ആവര്‍ത്തനം; പൗനരുക്ത്യം എന്ന ദോഷം. നവീന അപശബ്ദനിഘണ്ടുകാരനായ കൃഷ്ണന്‍ ചേലേമ്പ്ര എഴുതുന്നു: ''വയറുനിറയെയുള്ള ഭക്ഷണം, തൃപ്തികരമായ ഭക്ഷണം, മൃഷ്ടാന്നം (മൃഷ്ടഭോജനം). മൃഷ്ടാന്നഭോജനം തെറ്റ്.''
*പരമേശ്വരന്‍ മൂസ്സത്, ടി. സി. അമരകോശം(പാരമേശ്വരി) എന്‍.ബി.എസ്. കോട്ടയം, 2013, പുറം - 693.
** കൃഷ്ണന്‍ ചേലേമ്പ്ര, നവീന അപശബ്ദനിഘണ്ടു, ഒലിവ് ബുക്‌സ്, കോഴിക്കോട്, 2025, പുറം - 444.