കാണക്കാണെ, കേള്‍ക്കക്കേള്‍ക്കെ ഭാഷയില്‍ തെറ്റുകള്‍ പെരുകിക്കൊണ്ടിരിക്കുന്നു. നവമാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മത്സരിക്കുകയാണെന്നു തോന്നുന്നു! ഉച്ചാരണത്തിലെ പിഴയും ലിപിവിന്യാസത്തിലെ പിശകുമാണ് തെറ്റുകളുടെ ആക്കം കൂട്ടുന്നത്. പുനര്‍ജീവിക്കല്‍ എന്നര്‍ഥമുള്ള ഉയിര്‍പ്പ് മിക്കവര്‍ക്കും 'ഉയര്‍പ്പ്' ആയിക്കഴിഞ്ഞിട്ടുണ്ട്. ഉയര്‍ച്ച (പൊക്കം) എന്നല്ലാതെ ''ഉയര്‍പ്പ്'' എന്നൊരു വാക്ക് മലയാളത്തിലില്ല എന്ന കാര്യം പലരും മറന്നു.
ഉയിര്‍പ്പ്, എഴുന്നേല്പ് എന്നീ വാക്കുകള്‍ സമാസിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്പ് എന്നു കിട്ടും. ''ഉയിര്‍കൊണ്ട്, ജീവിച്ച്, എഴുന്നേല്ക്കുക എന്ന അര്‍ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്പ് (ഞലൗെൃൃലരശേീി) എന്നതിനാണ് ശുദ്ധി''* 'ഉയര്‍ത്തെഴുന്നേല്പ്' അപരൂപമാണെന്ന് മലയാളമഹാനിഘണ്ടുവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഉയിര്‍പ്പുതിരുനാള്‍ ആണല്ലോ ഈസ്റ്റര്‍ പെരുന്നാള്‍. ക്രിസ്തു ലാസറിനെ ഉയിര്‍പ്പിച്ചു എന്നും ക്രിസ്തു സ്വയം ഉയിര്‍ത്തെഴുന്നേറ്റു എന്നും വ്യവഹരിച്ചാല്‍ മൊഴിയും പൊരുളും ശുദ്ധമാകും. ''യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പ് മിക്ക സഭാധ്യക്ഷന്മാര്‍ക്കും സാധാരണക്കാര്‍ക്കും 'ഉയര്‍ത്തെഴുന്നേല്പാ'ണ്. 'ഉയിര്‍ത്തെഴുന്നേല്പാ'കുന്നതാണ് നല്ല മലയാളം. ഉയിര്‍ത്ത് എഴുന്നേല്ക്കുകയെന്നാല്‍ ജീവിച്ചെഴുന്നേല്‍ക്കുക എന്നര്‍ഥം.''**
''യേശു ഉയിര്‍ത്ത് എഴുന്നേല്ക്കുകയാണു ചെയ്തത്. എഴുന്ന് ഏല്ക്കുക എന്നു വച്ചാല്‍? എഴുന്ന് എന്നാല്‍ ഉയര്‍ന്ന് (എഴുന്നുനില്‍ക്കുക ഉദാഹരണം). ഏല്‍ക്കുക എന്നാല്‍ ആദാനം ചെയ്യുക, സ്വീകരിക്കുക. ആകയാല്‍ യേശു ഉയിര്‍ത്തു (ഉയിര്, ജീവന്‍ വച്ചു) എഴുന്നു (ഉയര്‍ന്നു) ഏറ്റു (ഭൗതികജീവിതത്തിലെ മനുഷ്യ
പാപങ്ങളെ വീണ്ടും സ്വീകരിച്ചു.) ആകയാല്‍, കര്‍ത്തൃപ്രസാദം ആഗ്രഹിക്കന്നവര്‍ ശുദ്ധപ്രയോഗം നടത്തണം. യേശു ഉയിര്‍ത്ത് എഴുന്നേറ്റു എന്ന് ***.
മഹാപണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ച വഴികളിലൂടെ നമുക്കും സഞ്ചരിക്കാം.
* ദാമോദരന്‍നായര്‍, പി. അപശബ്ദബോധിനി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2013, പുറം - 109
** ഗോപാലകൃഷ്ണന്‍ നടുവട്ടം, ഡോ. ഭരണഭാഷ അകവും പുറവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2020, പുറം -17
*** നാരായണന്‍ വി.കെ, വാക്കിന്റെ ഇരുളും പൊരുളും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2020, പുറം-25.