മലയാളത്തിലെ ലിംഗവ്യവസ്ഥയ്ക്ക് അര്‍ത്ഥമാണ് മാനദണ്ഡം. പുംസ്ത്വം ഉള്ളതെല്ലാം പുല്ലിംഗവും സ്ത്രീത്വം ഉള്ളതെല്ലാം സ്ത്രീലിംഗവുമാകുന്നു. ജീവനുള്ളവയില്‍ മനുഷ്യവര്‍ഗത്തിനു മാത്രമേ പുംസ്ത്വവും സ്ത്രീത്വവും നിശ്ചയിക്കാന്‍ ലിംഗപഠനത്തില്‍ വ്യവസ്ഥയുള്ളൂ. ജീവനുള്ള മറ്റുള്ളവയെ കുറിക്കുന്ന ഏതു നാമവും വ്യാകരണപരമായി നപുംസകലിംഗമാണ്. മലയാളവ്യാകരണപ്രകാരം നപുംസകലിംഗനാമങ്ങളുടെ സവിശേഷതയാണത്. ത്രിലിംഗവ്യവസ്ഥയാണ് മലയാളത്തിന്റേതെന്നു സാരം.
പുല്ലിംഗ-സ്ത്രീലിംഗശബ്ദങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാവാന്‍ ഇടയുള്ള ഒരു വസ്തുതയെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. എതിര്‍ലിംഗം അഥവാ വിപരീതലിംഗം എന്ന സംജ്ഞയാണത്. പുല്ലിംഗ-സ്ത്രീലിംഗ വിഭജനത്തില്‍ പുംസ്ത്വവും സ്ത്രീത്വവും മാത്രമേ നോക്കേണ്ടതുള്ളൂ. എന്നാല്‍, എതിര്‍ലിംഗപരിഗണനയില്‍ അതുമാത്രം പോരാ. ലിംഗപ്രത്യയം ചേരുന്ന പ്രകൃതിയുടെ അര്‍ഥംകൂടി നോക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിവക്ഷിതം മാറിപ്പോകാം.
ഇക്കാര്യത്തില്‍, പ്രഫ. ആദിനാട് ഗോപിയുടെ നിരീക്ഷണം ശ്രദ്ധാര്‍ഹമാണ്. അത് ഇവിടെ ചേര്‍ക്കുന്നു: ''ഭര്‍ത്താവ് എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം ഭാര്യയാണ്. ദമ്പതികളില്‍ ഒരാള്‍ പുരുഷനും മറ്റേയാള്‍ സ്ത്രീയുമാണല്ലോ. എന്നാല്‍, ഭര്‍ത്താവ് എന്ന പദത്തിന്റെ എതിര്‍ലിംഗം ഭാര്യയല്ല. എങ്ങനെയെന്നല്ലേ? ഭര്‍ത്താവ് എന്ന പദത്തിന്റെ അര്‍ഥം ഭരിക്കുന്നവന്‍ എന്നാണ്. അതിന്റെ സ്ത്രീലിംഗം (എതിര്‍ലിംഗം) ഭര്‍ത്ത്രി. ഭരിക്കുന്നവള്‍ എന്നര്‍ഥം. ഭാര്യ ഭരിക്കപ്പെടുന്നവള്‍ ആണ്. അതിന്റെ പുല്ലിംഗം ഭാര്യന്‍ ആണ്. മറ്റൊരു ഉദാഹരണംകൂടി: നേതാവ് നയിക്കുന്നവനാണ്. ആ പദത്തിന്റെ സ്ത്രീലിംഗം നായിക. എന്നാല്‍, എതിര്‍ലിംഗം നേത്രി ആണ്. നയിക്കുന്നവള്‍ എന്നര്‍ഥം. പുല്ലിംഗനാമത്തിന്റെ എതിരായ സ്ത്രീലിംഗത്തിന് എതിര്‍ലിംഗം അഥവാ അദര്‍ ജെന്‍ഡര്‍ എന്നും പേരു തിരിച്ചു മനസ്സിലാക്കിയിരുന്നാല്‍ നന്ന്. എതിര്‍ലിംഗത്തില്‍ അര്‍ഥം മാറരുത്. ലിംഗമേ മാറാവൂ.''*
* ആദിനാട്, ഗോപി, പ്രൊഫ., മലയാളം (ഭാഷ, വ്യാകരണം, പ്രയോഗം) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 197.