റിലീസ് ചെയ്തശേഷം നാനൂറുദിവസം തുടര്‍ച്ചയായി ''ഓടി'' സര്‍വകാല റിക്കോഡിട്ട ഒരു സിനിമയുണ്ട് - 1988 ല്‍ പുറത്തിറങ്ങിയ ''ചിത്രം!'' പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പ്രസ്തുത സിനിമയ്ക്കുവേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് കണ്ണൂര്‍ രാജനും വരികള്‍ എഴുതിയത് ഷിബു ചക്രവര്‍ത്തിയുമാണ്. മോഹന്‍ലാല്‍, രഞ്ജിനി, നെടുമുടിവേണു, എം.ജി. സോമന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചലച്ചിത്രത്തിന്റെ അവസാനത്തെ സീനില്‍ മോഹന്‍ലാല്‍, സോമനോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ''എന്നെ കൊല്ലാതിരിക്കാന്‍ പറ്റുമോ, ഇപ്പോ ജീവിക്കാന്‍ തോന്നുന്നു.'' ഈ സംഭാഷണം കേട്ട് തിയേറ്ററിലിരുന്നു തേങ്ങിപ്പോയ പ്രേക്ഷകരാണ് 'ചിത്ര'ത്തെ സൂപ്പര്‍ഹിറ്റാക്കിയതെന്ന് സംവിധായകന്‍ ഉള്‍പ്പെടെയുള്ള അണിയറപ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.
ഒമ്പതു ഗാനങ്ങളുള്ള ആ സിനിമയില്‍ നാടന്‍പാട്ടിന്റെ ശൈലിയില്‍ ഷിബു രചിച്ച ഒരു പാട്ടുണ്ട്. 'ദൂരെക്കിഴക്കുദിക്കിന്‍ മാണിക്കച്ചെമ്പഴുക്ക/ ഞാനിങ്ങെടുത്തുവച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍' എന്നാണാ ഗാനത്തിന്റെ പല്ലവി തുടങ്ങുന്നത്. എം.ജി. ശ്രീകുമാറും ചിത്രയും ചേര്‍ന്ന് ആ ഗാനം ആലപിച്ചു. രണ്ടുപേരും രചനാശുദ്ധി നിലനിര്‍ത്തി പാടിയ പാട്ട്, പില്‍ക്കാലഗായകര്‍ ആലപിക്കുമ്പോള്‍ ആവര്‍ത്തിക്കുന്ന ഒരു തെറ്റിനെപ്പറ്റി ഷിബു ചക്രവര്‍ത്തി പറയുന്നതുകേള്‍ക്കുക: ''ദൂരെക്കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക... എന്നാണ് ആളുകള്‍ ഇത് തെറ്റിപ്പാടുന്നത്. ഞാനെഴുതിയത് 'ദൂരെക്കിഴക്കുദിക്കിന്‍ മാണിക്യച്ചെമ്പഴുക്ക' എന്നാണ്.''* കിഴക്കുദിക്കിന്‍ എന്നെഴുതിയത് ഗാതാക്കള്‍ക്കു 'കിഴക്കുദിക്കും' എന്നായിപ്പോയി. പുതിയ ഗായകര്‍ തിരുത്തിപ്പാടാന്‍ ശ്രദ്ധിക്കണം. മറിച്ചായാല്‍ ഈ തെറ്റ് ഉറച്ചുപോകാം. പിന്നെ തിരുത്തു പ്രയാസമാണല്ലോ!
കിഴക്കുദിക്കിന്‍ എന്നതിന് ദിക്കിന്റെ എന്നാണര്‍ഥം. പ്രത്യയം ഇല്ലാതെ വിഭക്തിധര്‍മ്മം അനുഷ്ഠിക്കുന്ന ഇത്തരം ശബ്ദയോഗങ്ങള്‍ക്ക് വിഭക്ത്യാഭാസം എന്നു പറയുന്നു. തെങ്ങിന്‍ (ന്റെ) കള്ള്, മാവിന്‍ (ന്റെ) ചുവട് എന്നിങ്ങനെ മറ്റ് ഉദാഹരണങ്ങള്‍. ഇവ സൂക്ഷ്മാര്‍ഥത്തില്‍ സംബന്ധികാഭാസങ്ങളാണ്. വിഭക്ത്യാഭാസത്തിലെ ലുപ്തം എന്ന വിഭാഗത്തില്‍ ഇവ ഉള്‍പ്പെടും. ലുപ്തം: പ്രത്യയം ചേര്‍ക്കേണ്ടിടത്ത് ഇടനില മാത്രം ചേര്‍ക്കുകയോ പ്രത്യയവും ഇടനിലയും ഇല്ലാതെ പ്രകൃതിമാത്രം ഉപയോഗിക്കുകയോ പ്രത്യയത്തിനു പകരം ദ്യോതകങ്ങള്‍ മാത്രം പ്രയോഗിക്കുകയോ ചെയ്യുന്നതാണ് ലുപ്തം** (സംബന്ധികാര്‍ഥത്തില്‍ ഇന്‍, അന്‍, അം എന്നിങ്ങനെയുള്ള ഇടനിലകള്‍ പ്രയോഗിച്ചുകാണുന്നു.)
* ഷിബു ചക്രവര്‍ത്തി, പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം, ടെല്‍ബ്രെയ്ന്‍ ബുക്‌സ്, കൊച്ചി, 2025, പുറം - 102
** ഗോപിക്കുട്ടന്‍, പ്രൊഫ. മലയാളവ്യാകരണം, കറന്റ് ബുക്‌സ്, കോട്ടയം, 2002, പുറം - 75.