ഓരോ ഭാഷാഗോത്രത്തിനും തനതായ സവിശേഷതകളുണ്ട്. സംസ്‌കൃതം ഇന്‍ഡോ - ആര്യന്‍ ഗോത്രത്തിലും മലയാളം ദ്രാവിഡഗോത്രത്തിലും ഉള്‍പ്പെട്ട ഭാഷകളാണ്. സംസ്‌കൃതത്തിലെ സ്വരങ്ങളുടെ പെരുമാറ്റരീതിയിലും മലയാളത്തിലെ സ്വരങ്ങളുടെ വിനിമയരീതിയിലും വൈജാത്യ
ങ്ങള്‍ ഉണ്ട്. സംസ്‌കൃതത്തില്‍ അകാര ഇകാരങ്ങള്‍ ചേര്‍ന്ന് ഏ എന്ന സ്വരമായിത്തീരുന്നു. ദേവ + ഇന്ദ്രന്‍ = ദേവേന്ദ്രന്‍. (അ + ഇ = ഏ) എന്നാല്‍, മലയാളത്തില്‍ അങ്ങനെ സംഭവിക്കുന്നില്ല. അതായത്, പുഴ+ഇല്ല എന്നത് ''പുഴേല്ല'' എന്നാകുന്നില്ല. സ്വരസംയോഗം വര്‍ജിക്കുക എന്നതാണ് ഭാഷാനയം. 'വര്‍ജിപ്പൂസ്വരസംയോഗം'* കാരിക 7 എന്ന കേരളപാണിനീയവിധി സുവിദിതമാണല്ലോ. അപ്പോള്‍ പുഴ + ഇല്ല = പുഴയില്ല എന്നേ മലയാളത്തില്‍ വരൂ. നവ + ഉദയം സന്ധി ചെയ്യുമ്പോള്‍, നവോദയം എന്നു വരുന്നത് സംസ്‌കൃതസന്ധിനിയമപ്രകാരമാണ്. (അ + ഉ = ഓ). മലയാളത്തിലാകട്ടെ പുഴ + ഉണ്ട് = പുഴയുണ്ട് എന്നേ വരൂ. 'പുഴോണ്ട്' എന്നാവാന്‍ വ്യവസ്ഥയില്ല*.
രണ്ടു ഭാഷകളുടെയും നിരന്തരസമ്പര്‍ക്കംകൊണ്ട് സ്വരങ്ങളുടെ പെരുമാറ്റരീതിയില്‍ സംലയനം സംഭവിച്ചിട്ടുണ്ട്. അതുമൂലം സംസ്‌കൃതസന്ധി നിയമപ്രകാരവും മലയാള സന്ധിനിയമപ്രകാരവും ഒരേ പദത്തെ നിര്‍ധാരണം ചെയ്യാമെന്നു വന്നു. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ഥിക്കാം: ചില+ഇടം= ചിലേടം (അ+ഇ=ഏ) എന്നായത് ഗുണസന്ധിയനുസരിച്ചാണ്. മലയാളസന്ധിപ്രകാരം ചില + ഇടം = ചിലയിടം എന്നാണു വരേണ്ടത്. സ്വരമധ്യത്തിലെ യകാരാഗമം ആഗമസന്ധിക്കുദാഹരണമാണ്. രണ്ടു രൂപങ്ങളും ശരിയെന്ന മട്ടിലാണ് ഇന്നു പ്രചരിക്കുന്നത്. അതായത്, സംസ്‌കൃതത്തിലെ ഗുണസന്ധിയും മലയാളത്തിലെ ആഗമസന്ധിയും ചിലയിടങ്ങളില്‍ സങ്കുലഭാവം കൈവരിക്കുന്നു. കരി + ഇല = കരീല; കരിയില; വാഴ + ഇല = വാഴേല, വാഴയില എന്നാകുന്നിടത്തും ഭാഷാസങ്കുലത്വം കാണാം.
'അത്തിയെന്നു ചിലേടത്തു' (കാരിക 45) 'രണ്ടു കര്‍മം ചിലേടത്ത്' (കാരിക 84) എന്നെല്ലാമാണല്ലോ കേരള പാണിനി പ്രയോഗിച്ചിട്ടുള്ളത്.
* രാജരാജവര്‍മ, ഏ.ആര്‍.,കേരളപാണിനീയം, എന്‍.ബി.എസ്. കോട്ടയം, 1988, പുറം - 126
** നാരായണമേനോന്‍, പ്രൊഫ., വ്യാകരണപാഠങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2018, പുറം - 108.