അന്യഥാ, അന്യദാ - വ്യത്യസ്തങ്ങളായ രണ്ടു വാക്കുകളാണ്. അന്യ + ഥാ = അന്യഥാ; അന്യ + ദാ = അന്യദാ. അന്യഥാ = മറ്റുതരത്തില്‍; മറ്റൊരുവിധം (otherwise, in a different manner) അന്യദാ = മറ്റൊരിക്കല്‍; മറ്റൊരു സന്ദര്‍ഭത്തില്‍ (at another time; on another occasion). അന്യഥാ, അന്യദാ എന്നിവയ്ക്കു സമാനമായി .'അന്യധാ.' എന്നു ചിലര്‍ ഉച്ചരിച്ചും എഴുതിയും വരുന്നു. ഏകധാ (ഒരു തരത്തില്‍), ദ്വേധാ (രണ്ടുപ്രകാരത്തില്‍), ബഹുധാ (പലതരത്തില്‍) എന്നിവയുടെ പ്രേരണയിലാകണം ''അന്യധാ'' എന്നു പറഞ്ഞും എഴുതിയും പോകുന്നത്. ''അന്യധാ'' എന്നൊരു വാക്ക് ആര്‍ഥികമായി പ്രയോഗത്തിലില്ല.*
അന്യഥാ, അന്യദാ എന്നീ പദങ്ങള്‍ സന്ദര്‍ഭം നോക്കിയേ പ്രയോഗിക്കാവൂ. ഥയും ദയും വര്‍ഗാക്ഷരങ്ങള്‍ ആണെങ്കിലും ഥകാരം ശ്വാസിയായ ദന്ത്യമഹാപ്രാണസ്പര്‍ശവും ദകാരം നാദിയായ സ്പര്‍ശാക്ഷരവുമെന്നതത്രേ അവ തമ്മിലുള്ള ഭേദം. അന്യഥാ, അന്യദാ എന്നീ പദജോടികളില്‍ സമസ്ഥാനത്തു പ്രത്യക്ഷപ്പെടുന്ന ഥയുടെയും ദയുടെയും വൈജാത്യമാണ് ഇവിടെ അര്‍ഥവ്യത്യാസം സൃഷ്ടിക്കുന്നത്. ഇത്തരം പദജോടികള്‍ക്ക് അല്പവ്യത്യയജോടി (minimal pair) എന്നു ഭാഷാശാസ്ത്രം വ്യവഹരിക്കുന്നു** സമസ്ഥാനത്തു പ്രത്യക്ഷപ്പെടുന്ന അക്ഷരങ്ങളുടെ വിതരണത്തെക്കുറിക്കുന്ന സാങ്കേതികസംജ്ഞയാണ് വ്യത്യയം(contrast)..വ്യത്യാസം എന്നു പദാര്‍ഥം.
ഉദാഹരിക്കാം: നളചരിതം ഒന്നാം ദിവസം. പദം 16. ഭൈമിയുടെ വാക്കുകള്‍: ''ഹന്ത! ഹംസമേ, ചിന്തയെന്തു തേ?/ എന്നുടെ ഹൃദയം അന്യനിലാമോ?/ അര്‍ണവും തന്നിലല്ലോ നിമ്‌നഗ ചേര്‍ന്നു ഞായം/ അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ?''*** (അര്‍ഥം: ''കഷ്ടം! ഹംസമേ, നിന്റെ ചിന്ത എന്താണ്? നീ എന്നെക്കുറിച്ച് എന്താണു വിചാരിച്ചിരിക്കുന്നത് - എന്റെ ഹൃദയം നളനില്‍ അല്ലാതെ ആരിലെങ്കിലും ചേരുമോ? നദി സമുദ്രത്തിലാണല്ലോ സ്വാഭാവികമായി ചേരുക. മറ്റൊരുവിധത്തില്‍ (അന്യഥാ) വരുത്തുവാന്‍, നദിയുടെ ഉത്പത്തിസ്ഥാനമായ പര്‍വതം ഒരുമ്പെടുമോ?) അന്യഥായ്ക്ക് മറ്റൊരു പ്രകാരത്തില്‍ എന്ന അര്‍ഥമിരിക്കേ, മറ്റൊരിക്കല്‍ എന്നര്‍ഥമുള്ള അന്യദാ പ്രസ്തുത സന്ദര്‍ഭത്തിനു ചേരുകയില്ല എന്ന് എടുത്തുപറയേണ്ടതില്ലല്ലോ!
അനുബന്ധം: എന്റെ ഹൃദയം നളനിലല്ലാതെ ആരിലെങ്കിലും ചേരുമോ? നദി സമുദദ്രത്തിലല്ലേ ചേരൂ? ഇവിടെ വര്‍ണ്യവാക്യത്തിലും അവര്‍ണ്യവാക്യത്തിലും ഉള്ള 'തീര്‍ച്ചയായും ചേരും' എന്ന ഒരേ ധര്‍മത്തെ 'അന്യനിലാമോ? ചേര്‍ന്നൂ ഞായം എന്നീ വ്യത്യസ്തപദങ്ങള്‍ക്കൊണ്ടു പറഞ്ഞിരിക്കുന്നതിനാല്‍ അലങ്കാരം പ്രതിവസ്തുപമ.
* കൃഷ്ണന്‍നായര്‍, കുളത്തൂര്‍, പ്രൊഫ., തെറ്റരുത് മലയാളം, മനോരമ ബുക്‌സ്, കോട്ടയം, 2023, പുറം - 48, 49.
** പ്രഭാകരവാര്യര്‍, കെ.എം., ഭാഷാശാസ്ത്രവിവേകം, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, 2002, പുറം - 73.
*** രാമചന്ദ്രന്‍നായര്‍, പന്മന, നളചരിതം ആട്ടക്കഥ, കൈരളീവ്യാഖ്യാനവും ആമുഖപഠനവും, കറന്റ് ബുക്‌സ്, കോട്ടയം, 2001, പുറം - 328.