ഒരു സംഖ്യാഭേദകവും ഒന്ന് അതിന്റെ നാമവുമാണ്. ഒരു എന്നതിനോട് ഏ (അവധാരകപ്രത്യയം) ചേര്‍ത്ത് ഒരേ എന്ന വാക്കു സൃഷ്ടിക്കാം. ഉറപ്പിച്ചു പറയേണ്ടിവരുന്ന സന്ദര്‍ഭങ്ങളിലാണ് ഏ ചേര്‍ക്കുന്നത്. ഒരു + ഏ = ഒരേ. അതിന് ഒന്നുമാത്രമായ, അതുതന്നെയായ എന്നൊക്കെയാണര്‍ഥം. അവധാരകപ്രത്യയമായ ഏ പദാന്തത്തില്‍ചേര്‍ത്തുകഴിഞ്ഞാല്‍പ്പിന്നെ ന്നെ ആവശ്യമില്ല. തന്നെ എന്നതാകട്ടെ, ഏതെങ്കിലും കാര്യം ഉറപ്പിച്ചുപറയേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ ചേര്‍ക്കുന്ന, താന്‍ എന്ന സ്വവാചിസര്‍വനാമത്തിന്റെ പ്രതിഗ്രാഹികാവിഭക്തിരൂപമാണ്. ആയതിനാല്‍ ''ഏ'' കാരവും ''തന്നെ''യും ഒരു പദത്തോടു ചേര്‍ത്താല്‍ പുനരുക്തി എന്ന ദോഷം വരും. അപ്പോള്‍ ഒരേ കഴിഞ്ഞ് 'തന്നെ' വരുന്നത് അധികപ്പറ്റാണ്. ഒരേകാര്യം എന്നു മതി. ഒരേ എന്ന വാക്കിനുപകരം ഒരു എന്ന വാക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ 'തന്നെ' ചേര്‍ക്കാം. അതായത്, ഒരു കാര്യംതന്നെ എന്ന പ്രയോഗമാകാം.''* ഒന്നുകില്‍ ഒരേകാര്യം അല്ലെങ്കില്‍ ഒരു കാര്യംതന്നെ. അതാണ് നല്ല മലയാളത്തിന്റെ രീതി.
സംഖ്യകള്‍ വീതം ചേര്‍ത്തു പ്രയോഗിക്കുന്നതു സംബന്ധിച്ചും ചില നിബന്ധനകള്‍ ഉണ്ട്. ഓരോ കഴിഞ്ഞ് വീതം ചേര്‍ക്കുന്നതും നന്നല്ല. ഓരോ പ്രതിവീതം നല്‍കി എന്നതിനു പകരം ഓരോ പ്രതി നല്‍കി എന്നതാകുന്നതാണ് നല്ല മലയാളം. ഇവിടെയും ഓരോ എന്ന വാക്കിനു പകരം ഒരു ആണെങ്കില്‍ ഒരു പ്രതിവീതം നല്‍കി എന്ന പ്രയോഗമാകാം. ''ഓളം, അടുപ്പിച്ച് മുതലായ ഗതികള്‍ക്കും ഏതാണ്ട്, ഉദ്ദേശം മുതലായ വിശേഷണങ്ങള്‍ക്കും ഒരേ അര്‍ഥമാണ്. അതിനാല്‍ 'ഏതാണ്ട് പതിനഞ്ചോളം ആളുകള്‍', 'ഉദ്ദേശം പത്തുമണി അടുപ്പിച്ച്' ഇവ ശരിയല്ല. ഏതാണ്ട് പതിനഞ്ച് ആളുകള്‍, പതിനഞ്ചോളം ആളുകള്‍, ഉദ്ദേശം പത്തുമണിക്ക്, പത്തുമണി അടുപ്പിച്ച് ഇവ കൊള്ളാം.** ഈ പ്രവണതയ്ക്കും സാങ്കേതികമായി പൗനരുക്ത്യം എന്നു പറയുന്നു. ആവശ്യമില്ലാത്ത വീണ്ടുപറച്ചില്‍ എന്നാണ് ഇതിന്റെ അര്‍ഥം. ഇത്തരം പ്രയോഗങ്ങള്‍ കണക്കില്ലാത്ത തെറ്റുകള്‍ ഭാഷയില്‍ വരുത്തിക്കൂട്ടുന്നു.
* ഗോപാലകൃഷ്ണന്‍, നടുവട്ടം, ഡോ. ഭരണഭാഷ അകവും പുറവും, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2019, പുറം - 18.
** നമ്പൂതിരി, ഇ.വി.എന്‍, കേരളഭാഷാവ്യാകരണം, ഡി.സി. ബുക്‌സ്, കോട്ടയം, 2005, പുറം-194.