സംസ്‌കൃതത്തില്‍, ലിംഗഭേദം നിര്‍ണയിക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. അവയെല്ലാം മനസ്സിലാക്കുക അത്ര എളുപ്പമല്ല. വ്യാകരണപാഠങ്ങളില്‍ നിര്‍ണീതമായ അറിവുണ്ടാകണം. തന്മൂലമാകാം സംസ്‌കൃത്തിലെ ലിംഗഭേദം എല്ലായിടത്തും മലയാളികള്‍ സ്വീകരിക്കാത്തത്. രോഗി - രോഗിണി; കവി - കവയിത്രി; വിദ്യാര്‍ഥി - വിദ്യാര്‍ഥിനി, മന്ത്രി - മന്ത്രിണി എന്നിങ്ങനെ സംസ്‌കൃതത്തില്‍ ലിംഗഭേദം കുറിക്കുന്നു. സംസ്‌കൃതത്തിലെ പുല്ലിംഗശബ്ദങ്ങളെ മലയാളത്തില്‍ ഉഭയലിംഗവാചിയായാണ്* പ്രയോഗിക്കുന്നത്.
''പരിസ്ഥിതിബോധത്തെ ഉണര്‍ത്തുന്ന കവിയാണ് സുഗതകുമാരി.''' 'അല്‍ഫോന്‍സാ കോളജിലെ വിദ്യാര്‍ഥിയാണ് ലിഡിയ'' ''എന്റെ സഹോദരി രോഗിയാണ്; കേരളത്തിലെആരോഗ്യവകുപ്പുമന്ത്രിയാണ് വീണാ ജോര്‍ജ് എന്നൊക്കെ എഴുതുന്നതിലോ പറയുന്നതിലോ ഒരു അഭംഗിയും ഇല്ലാതിരിക്കുന്നു. ആണ്‍-പെണ്‍ വ്യത്യാസം പ്രകടമാക്കേണ്ടതില്ലാത്ത സന്ദര്‍ഭത്തില്‍ അലിംഗവാചികള്‍ പ്രയോഗിക്കുന്നതില്‍ തെറ്റില്ല എന്നത്രേ മലയാളവ്യാകരണം അനുശാസിക്കുന്നത്.
സംസ്‌കൃതത്തിലെ പുല്ലിംഗ- സ്ത്രീലിംഗരൂപങ്ങള്‍ വിശേഷണവിശേഷ്യങ്ങളായി ഉപയോഗിക്കുന്ന പുത്തന്‍പ്രവണത മലയാളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. നേതാവ്-നേത്രി; സഖാവ്-സഖി; എന്നിങ്ങനെയുള്ള ലിംഗഭേദം മലയാളി ഉപേക്ഷിച്ച മട്ടാണ്. പകരം ലിംഗവ്യത്യാസം കുറിക്കാന്‍ വനിതാനേതാവ്, വനിതാ സഖാവ്, വനിതാമന്ത്രി എന്നെല്ലാം തട്ടിവിടുന്നു! വനിത സ്ത്രീലിംഗവാചിയും നേതാവ്, സഖാവ്, മന്ത്രി എന്നിവ പുല്ലിംഗവാചികളും ആണെന്ന് അറിയാതെയുള്ള പ്രയോഗമാണിത്. പദപ്രയോഗമനുസരിച്ച് ഇവയെ 'ഭിന്നലിംഗവാചി'കളായി കണക്കാക്കണം. ഇത് ആശാസ്യമായ ഭാഷാപ്രവണതയല്ല. സമൂഹമാധ്യമങ്ങളുടെ ശക്തമായ സ്വാധീനഫലമാവണം ഇത്തരം വികലരൂപങ്ങളുടെ പ്രചുരപ്രചാരത്തിനു നിദാനം.
* ഉഭയലിംഗം: മനുഷ്യരില്‍ ആണിനെയും പെണ്ണിനെയും പൊതുവില്‍ സൂചിപ്പിക്കാന്‍ കഴിവുള്ള നാമരൂപം. ഇതിന് അലിംഗമെന്നൊരു പേര്‍കൂടി പ്രചാരത്തിലുണ്ട്.