ആ ദ്രാവിഡത്തിലെ നിഷേധപ്രത്യയമാണെന്ന് കേരളപാണിനി പറഞ്ഞിട്ടുണ്ട്. ഭാവികാലപ്രത്യയമായ ഉം ചേര്‍ന്നുവരുന്ന ക്രിയകളില്‍ നിഷേധാര്‍ഥം ഉളവാക്കാന്‍ ഉം എന്നതിലെ അനുസ്വാരം ഉപേക്ഷിച്ചിട്ട് ആ എന്ന പ്രത്യയം ചേര്‍ത്താല്‍ മതിയാകും. വരും - വരാ, കാണും - കാണാ, പോകും - പോകാ, വേണ്ടും - വേണ്ടാ എന്നിങ്ങനെ വിധിഗതിയും നിഷേധഗതിയും നിര്‍മിക്കാം. ഇത്തരം ക്രിയാരൂപങ്ങളോടു സമാസിച്ചും ദ്വിത്വസന്ധിയുണ്ടാക്കാം. എ.ആര്‍. രാജരാജവര്‍മ്മ പ്രത്യേകം പരാമര്‍ശിക്കാത്ത ഒരു ദ്വിത്വവിധിയാണിത്.
''നിഷേധപ്രത്യയമായ ആ ചേര്‍ന്നുവരുന്ന ക്രിയകള്‍ക്കു പരമായി വരുന്ന ദൃഢവര്‍ണത്തിന് ദ്വിത്വം വരുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഭാഷയിലുണ്ട്.''* കാണാ + കടല്‍ = കാണാക്കടല്‍; കാണാ + പൊന്ന് = കാണാപ്പൊന്ന്, തോരാ + കണ്ണീര്‍ = തോരാക്കണ്ണീര്‍; ഓടാ + കുതിര = ഓടാക്കുതിര; കിട്ടാ + പെണ്ണ് = കിട്ടാപ്പെണ്ണ്; പൊട്ടാ + കലം = പൊട്ടാക്കലം; വേണ്ടാ + ചരക്ക് = വേണ്ടാച്ചരക്ക്; കിട്ടാ + പണം = കിട്ടാപ്പണം; കിട്ടാ + കടം = കിട്ടാക്കടം; തീരാ + കടം = തീരാക്കടം - ഇങ്ങനെ പൂര്‍വോത്തരപദങ്ങളുടെ സാന്നിധ്യത്തില്‍ സന്ധികാര്യങ്ങള്‍ സംഭവിക്കുന്നു.
'കരകാണാക്കടലലമേലേ/ മോഹപ്പൂങ്കുരുവിപറന്നു' (നാടോടിക്കാറ്റ്) 'കടലിനക്കരെപ്പോണോരേ / കാണാപ്പൊന്നിനു പോണേരേ' (ചെമ്മീന്‍) 'രാപ്പാടിപ്പക്ഷിക്കൂട്ടം ചേക്കേറാക്കൂട്ടില്‍നിന്നും / പറന്നിടുന്നേ ചുറ്റിക്കറങ്ങിടുന്നേ' (എന്റെ സൂര്യപുത്രിക്ക്) 'കരകാണാക്കടലേ/ മിഴിതോരാപ്പെണ്ണിന്‍' (നിന്നിഷ്ടം എന്നിഷ്ടം) 'കരകാണാക്കടലേ നിന്‍നിറമേതോ പറയാമോ / ഇരുളലവരയും നിശയുടെ നിറമോ'' (ജോസേട്ടന്റെ ഹീറോ). യൂസഫലി കേച്ചേരി, വയലാര്‍ രാമവര്‍മ, ബിച്ചു തിരുമല, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, റഫീക്ക് അഹമ്മദ് എന്നിവരുടെ ഗാനശകലങ്ങളാണ് മേലുദ്ധരിച്ചത്. ഇങ്ങനെയുള്ള പ്രയോഗപാഠങ്ങളില്‍നിന്നാണല്ലോ വ്യാകരണരചനയ്ക്ക് ആവശ്യമായ സാമഗ്രികള്‍ വൈയാകരണനു ലഭിക്കുന്നത്.
* ഗോപി, ആദിനാട്, മലയാളം: ഭാഷ, വ്യാകരണം, പ്രയോഗം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019, പുറം - 115.