രൂപശബ്ദത്തോട് അനു എന്ന ഉപസര്‍ഗം ചേര്‍ക്കുമ്പോള്‍ രൂപത്തെ അനുസരിക്കുന്ന എന്നര്‍ഥമുള്ള അനുരൂപ എന്ന വിശേഷണം ലഭിക്കും. പുരുഷനെ അനുരൂപന്‍ എന്നും സ്ത്രീയെ അനുരൂപ എന്നും വിശേഷിപ്പിക്കാം. രണ്ടിലും പെടാത്തത് അനുരൂപം. (അനുരൂപന്‍, അനുരൂപ, അനുരൂപം) സംസ്‌കൃതപദങ്ങളില്‍ സ്ത്രീലിംഗരൂപം പലവിധമാണ്. സമര്‍ഥന്‍ - സമര്‍ഥ; ധന്യന്‍ - ധന്യ; സ്‌നേഹിതന്‍ - സ്‌നേഹിത; നാഥന്‍ - നാഥ; ദുഷ്ടന്‍ - ദുഷ്ട. അപ്പോള്‍ അനുരൂപന്‍, അനുരൂപ എന്നാകുന്നു. ''അനുരൂപി'' തെറ്റായ പ്രയോഗമാണ്. അനുരൂപശബ്ദത്തോട് 'ഇ' എന്ന സ്ത്രീലിംഗപ്രത്യയം ചേരില്ല. ''വാചാകിം ബഹുനാ തവവേളിയും കഴിഞ്ഞുവല്ലോ?/ വാരിജാക്ഷി ഭവാനനുരൂപയല്ലയോ?* (ആകൃതിയില്‍പ്പോലെ പ്രകൃതിയിലും എന്നു ഭാവം)എന്നു കുചേലവൃത്തകാരന്‍ പ്രയോഗിച്ചിട്ടുള്ളതു നോക്കുക. അനുകൂലയായ പത്‌നിയോടു യാത്രയും ചൊല്ലി' എന്ന മുന്‍പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഈ സംഭാഷണശകലത്തിന് അര്‍ഥം പറയാന്‍.
അനുരൂപന്‍/ അനുരൂപ എന്നിവയ്ക്കുപകരം വിവാഹപ്പരസ്യങ്ങളില്‍ അനുയോജ്യശബ്ദം പ്രയോഗിച്ചു കാണുന്നു. അനുയോജ്യശബ്ദത്തിനു സംസ്‌കൃതത്തില്‍ യോജിച്ച, ഇണങ്ങുന്ന എന്നീ അര്‍ഥങ്ങള്‍ ഇല്ല. പ്രശ്‌നോങ്കനുയോഗഃപൃച്ഛാച** എന്നാണ് അമരകോശത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അനുയോഗത്തിനു ചോദ്യം എന്നാണര്‍ഥം. അപ്പോള്‍ അനുയോജ്യത്തിന് ചോദിക്കത്തക്കത് എന്നേ വിവക്ഷിതം വരൂ. അതല്ലല്ലോ ഉദ്ദിഷ്ടം. അനുയോജ്യത്തിന് മലയാളത്തില്‍മാത്രം 'യോജിച്ച' എന്നൊരര്‍ഥം വന്നുപോയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലാകണം ഇണങ്ങുന്ന എന്നര്‍ഥത്തില്‍ ആ പദം പ്രചരിച്ചത്. പെണ്‍കുട്ടിക്ക് അനുരൂപനായ വരന്‍, ആണ്‍കുട്ടിക്ക് അനുരൂപയായ വധു എന്നൊക്കെയാകുന്നതാണു നല്ല മലയാളം.
* വാര്യര്‍, രാമപുരത്ത്, കുചേലവൃത്തം വഞ്ചിപ്പാട്ട് (വ്യാഖ്യാനം) എം.ആര്‍. രാഘവവാര്യര്‍, എന്‍.ബി.എസ്. കോട്ടയം, 1990, പുറം - 60
** പരമേശ്വരന്‍, മൂസ്സത്, ടി.സി. അമരകോശം (പാരമേശ്വരി, എന്‍.ബി.എസ്. കോട്ടയം, 2013, പുറം - 158.