ഒരു പദത്തിന്റെ അര്‍ഥം ഒന്നില്‍നിന്നു മറ്റൊന്നിലേക്കു മാറിപ്പോകുന്ന പ്രവണതയാണ് അര്‍ഥപരിവര്‍ത്തനം. അതിനു സാമൂഹിക-സാംസ്‌കാരിക കാരണങ്ങള്‍ ഉണ്ടാകാം. അത് എപ്പോഴും മനസ്സിലായിക്കൊള്ളണമെന്നില്ല. വ്യക്തി, കാലം, ദേശം മുതലായ ഘടകങ്ങള്‍ അര്‍ഥപരിവര്‍ത്തനത്തെ സ്വാധീനിക്കുന്നുവെന്നു ഭാഷാശാസ്ത്രജ്ഞര്‍ കരുതുന്നു. വാക്ക് അതിന്റെ നിരുക്ത്യര്‍ഥത്തെ ഉപേക്ഷിച്ച് പുതിയ വിവക്ഷിതത്തിലേക്കു പരിണമിച്ചുകഴിഞ്ഞാല്‍പ്പിന്നെ സ്വീകരിക്കുകയേ വഴിയുള്ളൂ. ഏതൊരു ജീവല്‍ഭാഷയിലും സംഭവിക്കുന്ന/ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വാഭാവികപ്രതിഭാസമാണ് അര്‍ഥപരിണാമം.
സംസ്‌കൃതത്തില്‍നിന്നു തത്‌സമമായി സ്വീകരിക്കപ്പെട്ട ഒരു വാക്കാണ് പ്രാപ്തി. പ്രാപിക്കല്‍ അഥവാ എത്തിച്ചേരല്‍ എന്നാണതിന്റെ നിരുക്തിനിഷ്ഠമായ അര്‍ഥം. പ്രാപ്തി = പ്രാപിക്കല്‍; എത്തിച്ചേരല്‍. ''ഈ നിരുക്തിനിഷ്ഠാര്‍ഥം ഏറികൂറും മലയാളി വിസ്മരിച്ചുകഴിഞ്ഞു. വെറുതെ കഴിവ് എന്നു പറഞ്ഞാല്‍ പ്രാപ്തിയുടെ ഗൗരവം വരില്ല. കാര്യക്ഷമത, സാമര്‍ഥ്യം എന്നും മറ്റും മാറ്റേണ്ടിവരും.''* അതായത്, പ്രാപ്തി എന്ന പദം എത്തിച്ചേരല്‍ എന്ന അര്‍ഥത്തില്‍നിന്ന് സാമര്‍ഥ്യം എന്ന നൂതനാര്‍ഥത്തിലേക്കു പരിണമിച്ചുകഴിഞ്ഞുവെന്നു സാരം. അര്‍ഥവികാസത്തെക്കാള്‍ സാധാരണമായ അര്‍ഥസങ്കോചം എന്ന പ്രവണതയാണിത്. വ്യാപകമായ അര്‍ഥത്തെ കുറിക്കുന്ന പദം ഒരു പ്രത്യേക അര്‍ഥത്തിലേക്കു ചുരുങ്ങലാണ് അര്‍ഥസങ്കോചം (Restriction of meaning).. 'അവന്‍ കാര്യപ്രാപ്തിയുള്ള ചെറുക്കനാണ്,' 'ഇവരൊക്കെ മികച്ച റിസള്‍ട്ടു തരാന്‍ പ്രാപ്തിയുള്ളവരാണ്' എന്നീ വാക്യങ്ങളിലെ പ്രാപ്തിക്ക് കഴിവുള്ള അഥവാ സാമര്‍ഥ്യമുള്ള എന്ന അര്‍ഥമേ ഇന്നത്തെ മലയാളി ധരിക്കാനിടയുള്ളൂ. എന്നാല്‍, ഫലപ്രാപ്തി എന്ന സംസ്‌കൃത സമസ്തപദത്തിന് ഫലം പ്രാപിക്കല്‍ (കാര്യലാഭം) എന്നുതന്നെ വിവക്ഷിതം കല്പിക്കണം. പ്രാപിക്കല്‍ = എത്തിച്ചേരല്‍. ഇതാണ് പ്രാപ്തിയുടെ ഉറവിടം.
*പ്രബോധചന്ദ്രന്‍ നായര്‍, വി.ആര്‍. ഡോ., എഴുത്തു നന്നാവാന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം - 79.