പണ്ഡിതമ്മന്യന്‍ എന്ന ശരിയായ പ്രയോഗത്തെ ''പണ്ഡിതമന്യന്‍'' എന്നു തെറ്റായി ചിലര്‍ എഴുതുന്നു. പണ്ഡിതന്‍ എന്നു സ്വയം വിചാരിക്കുന്നവന്‍ ''പണ്ഡിതമന്യന്‍'' അല്ല; പ്രത്യുത, പണ്ഡിതമ്മന്യന്‍ ആണ്. ''പണ്ഡിതത്മന്യന്‍'' എന്ന പ്രയോഗവും തെറ്റുതന്നെ. പണ്ഡിതമാന്യന്‍ എന്നായാല്‍ അര്‍ഥം വേറേയാണ്. പണ്ഡിതമാന്യന്‍ എന്നാല്‍ മാന്യനായ പണ്ഡിതന്‍ ആണ്. അതല്ലല്ലോ പണ്ഡിതമ്മന്യന്‍!
മന് ധാതുവിന് 'തന്നെത്തന്നെ - ഇന്നവന്‍ - എന്നു വിചാരിക്കുന്ന' എന്നാണര്‍ഥം. മന് ധാതുവിനോട് വികരണപ്രത്യയമായ യ ചേര്‍ക്കണം. തുടര്‍ന്ന് അ (വശ്) പ്രത്യയം ഘടിപ്പിക്കുമ്പോള്‍ പണ്ഡിതമ്മന്യ (പണ്ഡിത+മന്+യ്+അ) എന്ന രൂപം കിട്ടും. താന്‍ പണ്ഡിതനാണെന്നു വിചാരിക്കുന്ന എന്നര്‍ഥവും. അതിനോട് അന്‍ എന്ന ലിംഗപ്രത്യയം ചേര്‍ത്ത് പണ്ഡിതമ്മന്യന്‍ (പണ്ഡിതമന്യഃ) എന്നു പുല്ലിംഗരൂപവും സൃഷ്ടിക്കാം.
''ആത്മമാനേ മന്യ എന്നും പ്രാക്‌സ്വരേ മാഗമത്തൊടേ'' (482) അതായത്, ആത്മാവിനെ ഇന്നവനായിട്ടു മനനം ചെയ്യുന്നവന്‍ എന്നര്‍ഥത്തില്‍ സോപപദമനധാതുവിന് യ പ്രത്യയം വന്നു മന്യ എന്നു രൂപം; ഇതില്‍ സ്വരാന്തമായ പൂര്‍വപദത്തില്‍ മകാരം ആന്താഗമം ചേര്‍ക്കയും വേണം. ഉദാ. ആത്മാനം പണ്ഡിതം മന്യത ഇതി പണ്ഡിതമ്മന്യഃ (അന്‍)* ഹരിമ്മന്യന്‍, സര്‍വജ്ഞമ്മന്യന്‍, സുഭഗമ്മന്യന്‍, ദര്‍ശനീയമ്മന്യന്‍ എന്നിങ്ങനെ വേറെയും ഉദാഹരണങ്ങള്‍.
മന്യ ചേരുമ്പോള്‍ അവ്യയമല്ലാത്ത ഉപപദത്തിന്റെ അന്ത്യസ്വരം ദീര്‍ഘമാണെങ്കില്‍ ഹ്രസ്വമാകും. സുന്ദരീ+മന്യ=സുന്ദരിമ്മന്യ. ഉപപദം ഏകാക്ഷരമാണെങ്കില്‍ ഹ്രസ്വം വരുകയില്ല. ശ്രീ+മന്യ=ശ്രീമ്മന്യ ണ്ണ ഏകാക്ഷരമായ ഉപപദത്തിന്റെ ദ്വിതീയൈകവിഭക്തിയോടും മന്യ ചേര്‍ക്കാം. ശ്രീ+മന്യ= ശ്രീയമ്മന്യ** മഹാപണ്ഡിതന്മാര്‍ വ്യവച്ഛേദിച്ചു പറഞ്ഞുതന്നിട്ടുള്ള വസ്തുതകള്‍ ശരിയാംവണ്ണം പഠിച്ചെങ്കില്‍മാത്രമേ തെറ്റുകൂടാതെ പറയാനും എഴുതാനും ഉള്ള കഴിവ് സ്വായത്തമാവുകയുള്ളൂ.
* രാജരാജവര്‍മ്മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം - 233, 234.
** ജോണ്‍ കുന്നപ്പള്ളി, ഫാ. വിദ്വാന്‍, പ്രക്രിയാഭാഷ്യം, ഡി.സി. ബുക്‌സ്, കോട്ടയം, 1989, പുറം - 490.