വേദിന് എന്ന ധാതുവില്‍നിന്നു നിഷ്പന്നമായ ഒരു നാമശബ്ദമാണ് വേദി. അറിയുന്നവന്‍, ജ്ഞാനി, പണ്ഡിതന്‍, ഗുരു തുടങ്ങിയ അര്‍ഥങ്ങള്‍ വേദി എന്ന ശബ്ദത്തിനുണ്ട്. വിശേഷണമായ ''വേദി''ക്ക് അറിയുന്ന, വിവാഹം കഴിക്കുന്ന, വേള്‍ക്കുന്ന എന്നിങ്ങനെയാണ് വിവക്ഷിതങ്ങള്‍. ഇവ കൂടാതെ മറ്റൊരു വേദിയും സംസ്‌കൃതത്തില്‍ ഉണ്ട്. ''വിഗതാതര്‍ഭിഃഹിംസാ അസ്യാം ഇതിവേദീ''* ഇതില്‍ ഹിംസ ഇല്ലാത്തതിനാല്‍ വേദി. ഹോമകുണ്ഡത്തിനു ചുറ്റുമായി കെട്ടിയുയര്‍ത്തിയ തറയാണ് ഇവിടെ വേദി. ''വിദജ്ഞാനേ വേദീ'' ** ഇതിലിരുന്നുകൊണ്ട് ജനങ്ങള്‍ സുഖത്തെ അറിയുന്നു. വേദിക്ക് വേദിക എന്ന പര്യായവും ഉണ്ട്. കലാപ്രകടനങ്ങള്‍ക്കോ സഭാകാര്യങ്ങള്‍ നടത്തുന്നതിനോവേണ്ടി ഉണ്ടാക്കിയ ഉയര്‍ന്ന തട്ടിനും നടുവിലത്തെ അഗ്രങ്ങള്‍ അടുത്തടുത്തുവരത്തക്കവണ്ണം നിര്‍മിക്കപ്പെട്ടിരിക്കുന്ന ബലിപീഠത്തിനും വേദി എന്നു പറയുന്നു. ''മാനസനിളയില്‍ പൊന്നോളങ്ങള്‍/ മഞ്ജീരധ്വനിയുണര്‍ത്തി/ ഭാവനയാകും പൂവനി നിനക്കായ്/ വേദിക പണിതുയര്‍ത്തി''*** (ചിത്രം, ധ്വനി) എന്നു യൂസഫലി കേച്ചേരി വേദികയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ.
വേദിയില്‍നിന്നു തികച്ചും ഭിന്നമായ വാക്കാണ് വേധി. വേധിന് എന്ന ധാതുവില്‍നിന്നു രൂപപ്പെട്ട വേധിക്ക് തുളയ്ക്കുന്ന എന്നാണര്‍ഥം. വേധത്തിനും വേധനത്തിനും തുളയ്ക്കല്‍ എന്ന അര്‍ഥവും വരും. എന്നാല്‍, വേദത്തിനും വേദനത്തിനും അറിവ്, ധാരണ തുടങ്ങിയ വിവക്ഷിതങ്ങളാണുള്ളത്. വേദി, വേധി എന്നീ രണ്ടു വാക്കുകളും തമ്മിലുള്ള രൂപവ്യത്യാസവും അര്‍ഥവ്യത്യാസവും അവധാനത്തോടെ മനസ്സിലാക്കണം. ഇല്ലെങ്കില്‍ പരസ്പരം മാറിപ്പോകാം. വേദിയും വേധിയും തമ്മിലള്ള അന്തരം, വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെ: ''വേദി = അറിയുന്ന ആള്‍; പ്ലാറ്റ് ഫോം. ദൃശ്യവേദി = ദൃശ്യകലകള്‍ അവതരിപ്പിക്കുന്ന രംഗം; ദൃശ്യകലകളെക്കുറിച്ച് അറിവുള്ള ആള്‍; ലക്ഷ്യവേദി = ലക്ഷ്യം അറിയുന്ന. ലക്ഷ്യവേധി = ലക്ഷ്യം പിളര്‍ക്കുന്ന. വിദേശമലയാളികളുടെ നിരവധി സംഘടനകളിലൊന്നിന് ഭാരവാഹികള്‍ നല്‍കിയ പേര് മലയാളവേധി എന്നാണ്! മലയാളത്തെ പിളര്‍ക്കുന്നത് എന്നാണ് അതിനര്‍ഥം എന്ന് അവരില്‍ ആരും ശ്രദ്ധിച്ചിരിക്കില്ല.''**** മൊഴിയും പൊരുളും നന്നാവാന്‍ ഇത്രയും കാര്യങ്ങള്‍ അറിഞ്ഞേ മതിയാവൂ.
* രാജഗോപാല്‍, എന്‍.കെ., സംസ്‌കൃതനിരുക്തകോശം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1999, പുറം - 211.
** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരീ) എന്‍.ബി.എസ്., കോട്ടയം, 2013, പുറം-264.
*** യൂസഫലി കേച്ചേരി, അനുരാഗഗാനംപോലെ, ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2007, പുറം - 215.
**** പ്രബോധചന്ദ്രന്‍ നായര്‍, വി.ആര്‍.ഡോ., എഴുത്തു നന്നാവാന്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം-84.